Agape
Thursday, 5 June 2025
"താങ്ങുന്ന ദൈവം "
താങ്ങുന്ന ദൈവം.
"വീഴുന്നവരെ ഒക്കെയും യഹോവ താങ്ങുന്നു;"സങ്കീർത്തനങ്ങൾ 145:14
നാം വീഴേണ്ട സന്ദർഭങ്ങളിൽ എല്ലാം ദൈവം നമ്മെ താങ്ങി നമ്മെ വീഴാതെ കാത്തു പരിപാലിച്ചു. ദൈവത്തിന്റെ കരുതൽ എത്രയോ ശ്രേഷ്ഠമാണ്. ദൈവം നമ്മെ കാത്തു പരിപാലിച്ചില്ലായിരുന്നെങ്കിൽ നാം ഇന്ന് ഭൂമിയിൽ ജീവനോടെ ശേഷിക്കുമോ. ദൈവത്തിന്റെ കരുതൽ ഒന്നു മാത്രമാണ് നാം ഇന്ന് ഭൂമിയിൽ ജീവിക്കുന്നത്.
പലപ്പോഴും നാം വീഴുന്നതിന് മുമ്പായി ദൈവം നമ്മെ കരങ്ങളിൽ വഹിച്ചത് കൊണ്ടാണ് നാം ഇന്നും സുരക്ഷിതമായിരിക്കുന്നത്. ദാവീദ് രാജാവ് വീണുപോയേക്കാവുന്ന പല സന്ദർഭങ്ങൾ അദേഹത്തിന്റെ ജീവിതത്തിൽ കടന്നു വന്നു. അപ്പോഴെല്ലാം ദൈവം ദാവീദ് രാജാവിനെ കരങ്ങളിൽ വഹിച്ചു.
പ്രിയരേ, ദൈവം നമ്മെ തന്റെ കരങ്ങളിൽ വഹിച്ചതിനാൽ ആണ് നാം വീണു പോകാതെ ഇന്നും ജീവനോടെ ആയിരിക്കുന്നത്.ആ കരങ്ങളിൽ നമ്മെ സമ്പൂർണമായി സമർപ്പിക്കാം.
"യഹോവയുടെ നാമം ബലമുള്ള ഗോപുരം '
യഹോവയുടെ നാമം ബലമുള്ള ഗോപുരം.
"യഹോവയുടെ നാമം ബലമുള്ള ഗോപുരം;
നീതിമാൻ അതിലേക്ക് ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു."
സദൃശവാക്യങ്ങൾ 18:10.
ദൈവത്തിന്റെ നാമം ബലമുള്ള ഗോപുരം ആണ്. ഏതു സമയത്തും നമുക്ക് ഓടിച്ചെന്നു അഭയം പ്രാപിക്കാവുന്ന ഒരിടം ആണ് യഹോവയുടെ നാമം.
"നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യം ആകുന്നു ;അവ എല്ലാറ്റിൽ നിന്നും യഹോവ അവനെ വിടുവിക്കുന്നു"(സങ്കീർത്തനങ്ങൾ 34:19). നീതിമാന്റെ ജീവിതത്തിൽ അനർത്ഥങ്ങൾ വരും ;അനർത്ഥങ്ങൾ വരുമ്പോൾ നീതിമാന് ഓടിച്ചെന്നു അഭയം പ്രാപിക്കുവാൻ ഉള്ള ഇടമാണ് യഹോവയുടെ നാമം അഥവാ ദൈവ സന്നിധി. കഷ്ടതകളും പ്രതിസന്ധികളും ജീവിതത്തിൽ കടന്നു വരുമ്പോൾ അതിന്റെ മുമ്പിൽ പകച്ചു നിൽക്കാതെ നാം ദൈവ സന്നിധിയിൽ അഭയം പ്രാപിക്കേണ്ടത് അത്യാവശ്യം ആണ്. മനം തകർന്ന് ഇരിക്കുമ്പോൾ ദൈവസന്നിധിയിൽ ഹൃദയം പകരുമ്പോൾ ദൈവീക സമാധാനം നമ്മുടെ ജീവിതത്തിൽ ലഭിക്കും.ഏതു സമയത്തും നമുക്ക് ദൈവസന്നിധിയിൽ അടുത്ത് ചെല്ലാം. ദൈവ സന്നിധിയിൽ അടുത്ത് ചെന്ന് നമ്മുടെ ഭാരങ്ങൾ ദൈവ സന്നിധിയിൽ ഇറക്കി വച്ചു ആശ്വാസം പ്രാപിക്കാം . നമ്മുടെ ജീവിതത്തിൽ രോഗങ്ങൾ വരാം, ദൈവസന്നിധിയിൽ അടുത്ത് ചെന്ന് പ്രാർത്ഥിക്കുമ്പോൾ ദൈവം സൗഖ്യം പകരും.ബന്ധുമിത്രാദികളുടെ വേർപാട് നമ്മെ വേദനിപ്പിക്കുന്നുണ്ടായിരിക്കാം, ദൈവസന്നിധിയിൽ അഭയം പ്രാപിക്കുമ്പോൾ ദൈവീക സമാധാനം നമ്മെ ഭരിക്കും.
ഏതു വിഷയത്തിൽ നാം ഭാരപ്പെട്ടാലും നമുക്ക് ദൈവത്തോട് നമ്മുടെ വിഷയങൾ സമർപ്പിക്കാം.ദൈവത്തിന്റെ നാമം രോഗികളെ സൗഖ്യമാക്കുന്നു. നമ്മുടെ ഏതു വിഷയത്തിനും പരിഹാരം ആണ് യഹോവയുടെ നാമം. നമ്മുക്ക് ഓരോ പ്രശ്നങ്ങൾ വരുമ്പോൾ ദൈവ സന്നിധിയിൽ അടുത്ത് ചെന്ന് നമ്മുടെ സങ്കടം ബോധിപ്പിക്കാം.നമ്മുടെ സങ്കടങ്ങൾക്ക് പരിഹാരം ലഭിക്കുകയും ചെയ്യും.
യഹോവയുടെ നാമത്തിന്റെ ശക്തിയെ പ്രതിനിധാനം ചെയ്യാൻ വേണ്ടിയാണ് ബലമുള്ള ഗോപുരം എന്നു വിശേഷിപ്പിച്ചിരിക്കുന്നത്.നീതിമാനു യഹോവയുടെ നാമത്തിന്റ ബലം അറിയാം അതിനാൽ ജീവിതത്തിൽ എന്തെല്ലാം പ്രശ്നങ്ങൾ വന്നാലും നീതിമാൻ ദൈവ സന്നിധിയിൽ അഥവാ ബലമുള്ള ഗോപുരത്തിൽ ഓടിച്ചെന്നു അഭയം പ്രാപിക്കും.
പ്രിയരെ, ജീവിതത്തിൽ എന്തു പ്രശ്നങ്ങൾ വന്നാലും ദൈവസന്നിധിയിൽ അടുത്ത് ചെന്ന് അഭയം പ്രാപിച്ചാൽ ദൈവം വിടുതൽ അയക്കുകയും ആശ്വാസം പകരുകയും ചെയ്യും . ദൈവത്തിന്റെ നാമത്തിൽ ആശ്രയിക്കുന്ന നീതിമാന്റെ പ്രാർത്ഥന ദൈവം കേട്ടു ഉത്തരം അരുളും.
"കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണ "
കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണ.
സങ്കീർത്തനങ്ങൾ 46:1.
ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു. കഷ്ടങ്ങളിൽ ദൈവം ഏറ്റവും അടുത്ത തുണയും ആകുന്നു. കഷ്ടങ്ങൾ വരുമ്പോൾ സ്നേഹിതർ നമ്മെ വിട്ടുമാറിയെന്നിരിക്കാം.ബന്ധുമിത്രാധികൾ നമ്മെ വിട്ടകന്നു പോയെന്നുവരാം. പക്ഷേ നമ്മെ സൃഷ്‌ടിച്ച ദൈവത്തിന് നമ്മെ വിട്ടു മാറുവാൻ സാധ്യമല്ല. നമ്മുടെ കഷ്ടങ്ങളിൽ ദൈവം നമ്മോടു കൂടെയിരിക്കും. നാം ചിന്തിക്കും കഷ്ടങ്ങളിൽ എന്റെ കൂടെ ആരുമില്ലയോ എന്ന്?. ദൈവം കഷ്ടങ്ങളിൽ കൂടെയിരുന്നു നമ്മെ ആശ്വസിപ്പിക്കും. സങ്കീർത്തനക്കാരൻ ഇപ്രകാരം പറയുന്നു" കഷ്ടകാലത്തു ദൈവത്തെ വിളിച്ചപേക്ഷിക്ക". കഷ്ടകാലത്തു നാം ദൈവത്തെ വിളിച്ചപേക്ഷിച്ചാൽ ദൈവം നമ്മുടെ കഷ്ടങ്ങളിൽ നിന്നു നമ്മെ വിടുവിക്കും. ഭക്തന്മാർ എല്ലാം കഷ്ടകാലത്തു ദൈവത്തോട് വിളിച്ചപേക്ഷിച്ചപ്പോൾ ദൈവം അവരുടെ സകല കഷ്ടങ്ങളിൽ നിന്നും അവരെ വിടുവിച്ചു.
കഷ്ടകാലം ഭക്തന്റ ജീവിതത്തിൽ പരിശോധനയുടെ കാലഘട്ടം ആണ്. ദൈവം ഭക്തനെ പരിശോധിക്കുന്ന കാലഘട്ടം കൂടിയാണ് കഷ്ടകാലം . ദൈവം കഷ്ടകാലത്തിൽ നമ്മെ പരിശോധിക്കുമ്പോൾ തന്നെ ദൈവം ആശ്വാസം ആയി നമ്മോടു കൂടെയുണ്ട്. നാം ചെയ്യേണ്ടത് കഷ്ടകാലത്തിൽ ദൈവത്തോട് കൂടുതൽ അടുത്ത് ജീവിക്കുക എന്നതാണ്. കഷ്ടകാലം വരുമ്പോൾ ദൈവം എന്റെ കൂടെയില്ല എന്നു പറഞ്ഞു ദൈവസന്നിധിയിൽ നിന്ന് അകന്നു പോകയല്ല പകരം ദൈവവുമായി സ്ഥിരമായി പ്രാർത്ഥനയിൽ കൂടെ ദൈവവചന ധ്യാനത്തിൽ കൂടി ദൈവത്തോട് പറ്റിച്ചേർന്നിരിക്കുവാൻ ആണ് ദൈവം നമ്മെ കുറിച്ച് ആഗ്രഹിക്കുന്നത്. ഇന്നത്തെ കഷ്ടതകൾ നാളത്തെ അനുഗ്രഹത്തിന്റെ ചവിട്ടു പടികൾ ആണ്.
"അപേക്ഷ കേൾക്കുന്ന ദൈവം "
അപേക്ഷ കേൾക്കുന്ന ദൈവം.
യഹോവ എന്റെ അപേക്ഷ കേട്ടിരിക്കുന്നു.
യഹോവ എന്റെ പ്രാർത്ഥന കൈകൊള്ളും.
സങ്കീർത്തനങ്ങൾ 6:9.
പലപ്പോഴും ദൈവസന്നിധിയിൽ കണ്ണുനീരോടെ ദാവീദ് ദൈവത്തോട് അപേക്ഷിച്ച അപേക്ഷകൾ ദൈവം കേട്ടിരിക്കുന്നു എന്നാണ് സങ്കീർത്തനകാരൻ ആയ ദാവീദ് പറഞ്ഞിരിക്കുന്നത്. ജീവിതത്തിന്റെ ഏകാന്തതയിൽ ഒറ്റപ്പെടലിന്റെ നിമിഷങ്ങളിൽ ദാവീദിനു ഒന്ന് അറിയാം യഹോവ എന്റെ അപേക്ഷ കേട്ടിരിക്കുന്നു.
വനാന്തരങ്ങളിൽ ഏകനായി ആടിനെ മെയ്ച്ചപ്പോഴും തന്റെ ദൈവത്തിന്റെ പരിപാലനം ദാവീദ് മനസിലാക്കിയിരുന്നു. ദാവീദിന്റെ ഭവനത്തിൽ ശമുവേൽ പ്രവാചകൻ കടന്നു വന്നപ്പോഴും ദാവീദിനു തന്റെ ഭവനത്തിൽ ക്ഷണം ലഭിച്ചിരുന്നില്ല. അപ്പോഴും ദാവീദിനെ മറക്കാത്ത ദൈവം തന്റെ സഹോദരന്മാരുടെ മുമ്പിൽ വച്ചു ശമുവേൽ പ്രവാചകനാൽ ദാവീദിനെ രാജകീയ അഭിഷേകം ചെയ്തു മാനിച്ചു.
ദാവീദിന് ഒന്നറിയാം ആരെല്ലാം തന്നെ മറന്നാലും തന്നെ മറക്കാത്ത ഒരു ദൈവം ഉണ്ടെന്നുള്ള കാര്യം . ദാവീദിന്റെ അപേക്ഷ കേൾക്കുന്ന ഒരു ദൈവം ഉണ്ടെന്നു തന്റെ ജീവിതത്തിൽ ഉടനീളം നമുക്ക് കാണാം. പ്രിയരേ ആരെല്ലാം നമ്മെ മറന്നാലും ആരെല്ലാം നമ്മെ ഒഴിവാക്കിയാലും ആരെല്ലാം നമ്മെ നിന്ദിച്ചാലും നമ്മെ മാനിക്കുന്ന ഒരു ദൈവം ഉണ്ട്. നമ്മുടെ അപേക്ഷ കേൾക്കുന്ന ഒരു ദൈവത്തെ ആണ് നാം സേവിക്കുന്നത്. ഈ ലോകം മുഴുവനും നമുക്ക് എതിരായാലും നാമും ദൈവവും തമ്മിൽ വ്യക്തിപരമായി ബന്ധം ഉണ്ടെങ്കിൽ ദൈവം നമുക്ക് വേണ്ടി ഇറങ്ങി വരും. മറ്റുള്ളവർ മാറ്റി നിർത്തുന്നയിടത്തു ദൈവം നമ്മെ പേര് ചൊല്ലി വിളിച്ചു മാനിക്കും.ആകയാൽ ദാവീദിനെ പോലെ വ്യക്തിപരമായി ദൈവവുമായി ബന്ധം ഉണ്ടെങ്കിൽ തീർച്ചയായും ദൈവം നമ്മുടെയും അപേക്ഷ കേൾക്കും. നമ്മുടെ പ്രാർത്ഥന ദൈവം കൈകൊള്ളും.
"നിലവിളി കേൾക്കുന്ന ദൈവം "
നിലവിളി കേൾക്കുന്ന ദൈവം.
കുരുടൻ യേശുവിനോട് നിലവിളിച്ചു തനിക്ക് കാഴ്ച പ്രാപിക്കുവാൻ വേണ്ടി.കുരുടന്റെ നിലവിളി കേട്ട് യേശുനാഥൻ നിന്നു.കുരുടനു കാഴ്ച നൽകി.നിലവിളിക്കുന്നവരുടെ പ്രാർത്ഥനകൾ കേൾക്കുന്ന ദൈവത്തെയാണ് നാം സേവിക്കുന്നത്. ചിലപ്പോൾ നീണ്ട നാളുകൾ ആയി ഒരു പ്രതീക്ഷയും ഇല്ലാതെ സങ്കടം നിലവിളി ആയി മാറുമ്പോൾ ദൈവം നമുക്ക് വേണ്ടി ഇറങ്ങി വരും.
ആവശ്യഭാരത്തോടെ ദൈവത്തോട് നിലവിളിച്ചവരുടെ മുമ്പിൽ ദൈവം അവരുടെ ആവശ്യം സാധിപ്പിച്ചു കൊടുക്കും. കുരുടനു ആവശ്യം കാഴ്ച ആയിരുന്നു. കുരുടന്റെ ആവശ്യം ന്യായമായ ആവശ്യം ആയിരുന്നു. നമ്മുടെ ആവശ്യങ്ങൾ എത്ര തന്നെ ആയാലും സാധിപ്പിച്ചു തരുന്ന ദൈവത്തെ ആണ് നാം സേവിക്കുന്നത്.
"പരിപാലിക്കുന്ന ദൈവം "
പരിപാലിക്കുന്ന ദൈവം.
"യഹോവ നിന്റെ പരിപാലകൻ ; യഹോവ നിന്റെ വലത്തു ഭാഗത്തു നിനക്കു തണൽ "
സങ്കീർത്തനങ്ങൾ 121:5.
ദൈവത്തിന്റെ പരിപാലനം എത്ര ശ്രേഷ്ഠമാണ്.ദൈവത്തിന്റെ പരിപാലനം നമ്മോടുകൂടെ ഈ നിമിഷം വരെ ഇല്ലായിരുന്നില്ലെങ്കിൽ നാമിന്നു ജീവനോടെ കാണുമോ എന്നത് നാം ചിന്തിക്കേണ്ടതാണ്.ദൈവത്തിന്റെ പരിപാലനമാണ് നമ്മെ പലവിധ രോഗങ്ങളിൽ നിന്ന് വിടുവിച്ചത്.ദൈവത്തിന്റെ പരിപാലനം ആപത്തു അനർത്ഥങ്ങളിൽ നിന്ന് നമ്മെ വിടുവിച്ചു.ദൈവം നമുക്ക് വേണ്ടുന്ന സംരക്ഷണം ഒരുക്കുന്നതിനാൽ ആണ് നാം ഇന്ന് ധൈര്യത്തോടെ മുന്നോട്ടു പോകുന്നത്.
യിസ്രായേൽ ജനതയെ ദൈവം പരിപാലിച്ച വിധങ്ങൾ അവർണ്ണനീയമാണ്. മരുഭൂമിയിൽ പകൽ മേഘസ്തംഭമായും രാത്രി അഗ്നി സ്തംഭമായും ദൈവം യിസ്രായേൽ മക്കളോട് കൂടെയിരുന്നു. മരുഭൂമിയിൽ സ്വർഗ്ഗീയ ഭോജനമായ മന്ന യിസ്രായേൽ മക്കൾക്ക് ദൈവം നല്കി.യിസ്രായേൽ മക്കൾക്ക് എതിരായി വന്ന ശത്രുക്കളെ ദൈവം നിലംപരിച്ചാക്കി.ദൈവത്തിന്റെ പരിപാലനം യിസ്രായേൽ മക്കളോട് ഇപ്രകാരം ആയിരുന്നു. ആത്മീയ ഇസ്രായേൽ ആകുന്ന നമ്മോട് ദൈവത്തിന്റെ പരിപാലനം എപ്രകാരം ആയിരുന്നു എന്ന് നാം നമ്മുടെ ജീവിതം പരിശോധിച്ചാൽ മനസിലാക്കാം.
ദൈവം നമ്മോടു കൂടെയുണ്ടെങ്കിൽ നാം ഒന്നിനെ കുറിച്ചും ആകുലപ്പെടേണ്ട ആവശ്യമില്ല. ദൈവം നമ്മെ പരിപാലിച്ചോളും. നാം ദൈവസന്നിധിയിൽ അനുസരണയുള്ള മക്കളായി ജീവിച്ചാൽ ദൈവം ഈ മരുഭൂമി യാത്രയിൽ നമ്മെ പരിപാലച്ചോളും.
"ആശ്വസിപ്പിക്കുന്ന ദൈവം "
ആശ്വസിപ്പിക്കുന്ന ദൈവം.
മത്തായി 11:28
"അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എൻ്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും."
ജീവിതഭാരങ്ങൾ വർധിക്കുമ്പോൾ നമ്മെ ആശ്വസിപ്പിക്കുവാൻ ആരുമില്ല എന്നു ഓർത്തു ദുഃഖിക്കരുത്. അധ്വാനിക്കുന്നോരും ഭാരം ചുമക്കുന്നോരുമായുള്ളൊരെ എന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം എന്നാണ് യേശുക്രിസ്തു പറഞ്ഞത്.
ജീവിതത്തിൽ ഭാരങ്ങൾ വർധിച്ചു ഇനി എന്തു ചെയ്യും എന്ന് ചിന്തിക്കുമ്പോൾ ഒന്നോർക്കുക. സർവ്വാശ്വാസം നൽകുന്ന നമ്മുടെ ഭാരങ്ങൾ വഹിക്കുന്ന യേശുക്രിസ്തുവിൽ ആശ്രയിച്ചാൽ ദൈവീക സമാധാനം ദൈവം നമ്മളിൽ പകരും.
യേശുക്രിസ്തു നമ്മുടെ ഭാരങ്ങളെ വഹിച്ചാൽ നാം സ്വാതന്ത്രരായി തീർന്നു. നാം മനുഷ്യരോട് നമ്മുടെ ഭാരങ്ങൾ പറഞ്ഞാൽ ലഭിക്കുന്ന ആശ്വാസം താത്കാലികം ആണ്. യേശുക്രിസ്തുവിൽ ആശ്രയിച്ചാൽ ലഭിക്കുന്ന ആശ്വാസം നിത്യമാണ്.
"ദൈവം പ്രവർത്തിച്ചാൽ ആർ അതു തടുക്കും. "
"ദൈവം പ്രവർത്തിച്ചാൽ ആർ അതു തടുക്കും."
ഇന്നും ഞാൻ അനന്യൻ തന്നെ; എന്റെ കൈയിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല; ഞാൻ പ്രവർത്തിക്കും; ആർ അതു തടുക്കും?
യെശയ്യാവ് 43:13
ദൈവം നമ്മുടെ വ്യക്തിപരമായ ജീവിതത്തിൽ പ്രവർത്തിച്ചു തുടങ്ങിയാൽ ലോകത്തുള്ള ഒരു മനുഷ്യനും ഒരു ദുഷ്ട ശക്തികൾക്കും അതു തടയുവാൻ സാധ്യമല്ല.സർവ്വ പ്രപഞ്ചത്തെയും സൃഷ്‌ടിച്ച ദൈവത്തിന്റെ മുമ്പിൽ ആർക്കു എതിർത്തു നിൽക്കുവാൻ സാധിക്കും.ദൈവം ആണ് നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത് എങ്കിൽ ആർക്കും അത് തടയുവാൻ സാധ്യമല്ല.
പലപ്പോഴും നമ്മുക്ക് ദൈവത്തെക്കാൾ പേടി പിശാചിനെയാണ്.ദൈവം പറയുന്നത് ഞാൻ നിങ്ങളുടെ ജീവിതത്തിൽ പ്രവർത്തിച്ചാൽ ആർക്ക് അത് തടയുവാൻ സാധിക്കുമെന്നാണ് .പലപ്പോഴും നമ്മുടെ ജീവിതത്തിൽ ഉള്ള സംശയം ആണ് പിശാച് നമ്മുടെ അനുഗ്രഹങ്ങളെ തടയുമോ എന്നുള്ളത്.ദൈവമാണ് നമുക്ക് വേണ്ടി അനുഗ്രഹങ്ങൾ ചെയ്യുന്നതെങ്കിൽ പിശാചിനു അവിടെ ഒന്നും പ്രവർത്തിക്കാൻ സാധ്യമല്ല .സർവ്വശക്തനായ ദൈവം പ്രവർത്തിച്ചു തുടങ്ങിയാൽ പിശാച് നിർമ്മൂലം ആയി മാറും.
പിശാച് എന്തൊക്കെ തന്ത്രങ്ങൾ മെനഞ്ഞാലും ദൈവം നമ്മുടെ ജീവിതത്തിൽ തീരുമാനിച്ചത് തടയുവാൻ പിശാചിനു സാധ്യമല്ല.ദൈവവും അതാണ് പറയുന്നത് ഞാൻ പ്രവർത്തിക്കും ആർ തടക്കും.ദൈവത്തിന്റെ പ്രവർത്തിയെ തടുക്കുവാൻ ഒരു ശക്തിക്കും സാധ്യമല്ല.
Wednesday, 4 June 2025
"സഹായത്തിന്റെ ഉറവിടം "
"സഹായത്തിന്റെ ഉറവിടം "
എന്റെ സഹായം എവിടെ നിന്ന് വരും ;എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽ നിന്ന് വരുന്നു.
സങ്കീർത്തനം 121:1,2.
പ്രിയ ദൈവപൈതലേ നീയും ഞാനും പല ആവശ്യങ്ങൾക്കും സഹായം തേടുന്നത് മനുഷ്യരോടാണ്.മനുഷ്യർ സഹായം ചെയ്താൽ അത് താൽക്കാലികം ആണ്.പക്ഷേ നിന്റെ ആവശ്യങ്ങൾ ദൈവത്തോട് അപേക്ഷിച്ചു നോക്കിക്കേ.നീ പോലും അറിയാത്ത വ്യക്തികളെ നിനക്ക് സഹായം ആയി ദൈവം കരുതും.നിന്റെ ഏതവസ്ഥയിലും ദൈവം നിനക്ക് സഹായം ആയിട്ടുണ്ട്.നിന്റെ സഹായം എപ്പോഴും ദൈവത്തിങ്കലേക്കു ആയിരിക്കട്ടെ.ദൈവം നിന്റെ ആവശ്യങ്ങൾ എല്ലാം നിറവേറ്റി തരും.ഈ പ്രപഞ്ചം മുഴുവനും സൃഷ്‌ടിച്ച ദൈവത്തിനു നിന്റെ വിഷയങ്ങൾ സാധ്യമാക്കാൻ നിമിഷങ്ങൾ മതി.അതിന് നീ ചെയ്യേണ്ടത് പ്രാർത്ഥയിൽ നിന്റെ വിഷയങ്ങൾ ദൈവത്തോട് അറിയിക്കുക അത്രേ വേണ്ടത്.
Monday, 2 June 2025
"ഭാരം വഹിക്കുന്ന ദൈവം "
ഭാരം വഹിക്കുന്ന ദൈവം
നിന്റെ ഭാരം യഹോവയുടെമേല്‍ വെച്ചുകൊള്‍ക; അവന്‍ നിന്നെ പുലര്‍ത്തും; നീതിമാന്‍ കുലുങ്ങിപ്പോകുവാന്‍ അവന്‍ ഒരു നാളും സമ്മതിക്കയില്ല."സങ്കീർത്തനങ്ങൾ 55:22.
നമ്മുടെ ഭാരങ്ങൾ വഹിക്കുന്ന ദൈവം നമ്മുടെ കൂടെയുള്ളപ്പോൾ നാം എന്തിനു ആകുലപ്പെടണം. നമ്മെ വഴി നടത്തുവാൻ നല്ലൊരു ദൈവം ഉള്ളപ്പോൾ ജീവിതയാത്രയിലെ ഭാരമേറിയ വിഷയങ്ങൾ നാം തന്നെ വഹിക്കേണ്ട ആവശ്യം ഉണ്ടോ?. നമ്മുടെ ഭാരം വലുതോ ചെറുതോ ആയിക്കൊള്ളട്ടേ അതു ദൈവത്തിൽ ഭരമേൽപ്പിക്കുക. ദൈവം നമ്മുടെ വിഷയത്തിന്മേൽ പരിഹാരം ഒരുക്കുക തന്നെ ചെയ്യും.
നാം നമ്മുടെ ഭാരങ്ങൾ കർത്താവിൽ സമർപ്പിക്കാതെ സ്വയം വഹിക്കുന്നത് നമ്മെ കൂടുതൽ ക്ഷീണിതർ ആക്കി തീർക്കുകയെ ഉള്ളു. നമ്മുടെ ഭാരങ്ങൾ വഹിക്കുവാൻ നല്ലൊരു ദൈവം ഉള്ളപ്പോൾ ജീവിതത്തിലെ ഏതു വിഷയമായാലും ദൈവത്തിൽ ഭരമേൽപ്പിക്കുക. ദൈവം നമ്മെ പുലർത്തുക തന്നെ ചെയ്യും.
പ്രിയരേ, നാം ദൈവസന്നിധിയിൽ ഒരു നീതിമാൻ ആണെങ്കിൽ നാം തളർന്നുപോകുവാൻ ദൈവം അനുവദിക്കയില്ല. നമ്മെ തളർത്തുന്ന വിഷയങ്ങൾ ഏതൊക്കെയായാലും അതെല്ലാം ദൈവത്തിൽ ഭരമേൽപ്പിക്കുക.ദൈവം അതെല്ലാം പരിഹരിച്ചുകൊള്ളും. നാം ഒന്നിനെക്കുറിച്ചും ആകുലപ്പെടേണ്ട ആവശ്യമില്ല. ദൈവത്തിന്റെ കരങ്ങളിൽ നമ്മെ ഭാരപ്പെടുത്തുന്ന വിഷയങ്ങൾ സമർപ്പിച്ചാൽ ദൈവം അതിനു പരിഹാരം കരുതിക്കൊള്ളും. നീതിമാൻ കുലുങ്ങിപ്പോകുവാൻ ദൈവം ഒരുനാളും അനുവദിക്കുക ഇല്ല.
"ദൈവ കൃപ "
ദൈവ കൃപ
"എന്റെ കൃപ നിനക്ക് മതി "
2 കൊരിന്ത്യർ 12:9
ജീവിതത്തിൽ നേരിടാൻ കഴിയുകയില്ല എന്ന് നാം ചിന്തിച്ച വിഷയങ്ങളിൽ കൂടി നമ്മെ വിജയകരമായി നടത്തിയത് ദൈവത്തിന്റെ കൃപയാണ്. എങ്ങനെ ഈ പ്രതിക്കൂലത്തെ തരണം ചെയ്യും എന്ന് വിചാരിച്ചു നാം ഭാരപ്പെട്ടപ്പോൾ ദൈവത്തിന്റെ കൃപ നമ്മെ ആ പ്രതികൂലത്തിലൂടെ തരണം ചെയ്യുവാൻ നമ്മെ സഹായിച്ചു.
പലപ്പോഴും നമ്മുടെ ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ ദൈവത്തിന്റെ കൃപ നമ്മെ ബലപ്പെടുത്തും. നമ്മുടെ ജീവിതം പിറകിലോട്ട് നോക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ നേരിട്ട വൻ ഭാരങ്ങൾ, വൻ പ്രതിക്കൂലങ്ങളെ നാം തരണം ചെയ്തത് ദൈവത്തിന്റെ കൃപയാൽ മാത്രമാണ്. എങ്ങനെ ഈ പ്രതികൂലത്തെ തരണം ചെയ്യും എന്നു നാം ചിന്തിച്ച നിമിഷങ്ങൾ ഉണ്ട്.അപ്പോഴെല്ലാം നമ്മെ ഈ പ്രതിക്കൂലങ്ങളിൽ കൂടി അപ്പുറം കടക്കുവാൻ സഹായിച്ചത് ദൈവത്തിന്റെ കൃപ ഒന്നു മാത്രമാണ്.
പൗലോസിനോട് ദൈവം പറഞ്ഞതുപോലെ നമ്മോടും ദൈവം പറയുന്നത് നാം നേരിടുന്ന വിഷയങ്ങളിൽ ദൈവത്തിന്റെ കൃപ മാത്രം മതി എന്നാണ്. ദൈവത്തിന്റെ കൃപ നാം നേരിടുന്ന പ്രശ്നങ്ങളെ അതിജീവിക്കുവാൻ നമ്മെ സഹായിക്കും.
"നല്ല ഇടയൻ "
നല്ല ഇടയൻ.
"യഹോവ എന്റെ ഇടയനാകുന്നു;എനിക്കു മുട്ടുണ്ടാകയില്ല". സങ്കീർത്തനങ്ങൾ 23:1.
യഹോവ നമ്മുടെ ഇടയൻ ആയിട്ടുള്ളപ്പോൾ നാം ഒന്നിനെകുറിച്ചും ഭയപ്പെടേണ്ട ആവശ്യമില്ല. അതുപോലെ തന്നെ നാം ഒന്നിനെക്കുറിച്ചും ഭാരപ്പെടേണ്ടതായിട്ടും ഇല്ല . ഒരു ഇടയൻ തന്റെ ആട്ടിൻ കൂട്ടത്തെ മേയിക്കുന്നതുപോലെ ദൈവം നമ്മെ അനുദിനം വഴി നടത്തും. ഇടയന്റെ പരിപാലനത്തിൽ ഉള്ള ആടുകൾ ഒന്നിനെ കുറിച്ചും വിചാരപ്പെടാറില്ല കാരണം അവയ്ക്ക് അറിയാം തങ്ങളെ സംരക്ഷിപ്പാൻ നല്ല ഇടയൻ ഉണ്ട് എന്നുള്ള കാര്യം. നല്ലയിടയനായ യേശുക്രിസ്തു നമ്മുടെ കൂടെയുള്ളപ്പോൾ നാം ഒന്നിനെ കുറിച്ചും വിചാരപ്പെടേണ്ട ആവശ്യമില്ല.
നല്ലയിടയനായ ദൈവം നമ്മുടെ കൂടെയുള്ളപ്പോൾ നാം എന്തിനു ഇഹലോക കാര്യങ്ങളെകുറിച്ചോർത്തു വ്യാകുലപ്പെടണം? ഈ പ്രപഞ്ചത്തെ സൃഷ്‌ടിച്ച ദൈവം നമ്മുടെ ഇടയനായി കൂടെയുള്ളപ്പോൾ നാം ഒന്നിനെകുറിച്ചും വ്യാകുലപ്പെടേണ്ട ആവശ്യമില്ല.
നമ്മുടെ ആയുഷ്കാലം മുഴുവൻ നല്ലയിടയനായ ദൈവം നമ്മോടുകൂടെയുള്ളപ്പോൾ നാം എന്തിന് ശിഷ്ടായുസ്സ് ഓർത്തു ഭാരപ്പെടണം?.
ഈ ഭൂമിയിലെ ജീവിതത്തിൽ നല്ല മാർഗ്ഗദർശിയായി, നല്ല പരിപാലകനായി, നല്ല ആശ്വാസകനായി, നല്ലയിടയനായി ദൈവം നമ്മുടെ കൂടെയുള്ളപ്പോൾ നമുക്ക് ധൈര്യത്തോടെ മുന്നോട്ടുള്ള ചുവടുകൾ വയ്ക്കാം.
" നിന്ദയെ മാറ്റുന്ന ദൈവം "
നിന്ദയെ മാറ്റുന്ന ദൈവം.
"നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെമേൽ വീണിരിക്കുന്നു". സങ്കീർത്തനങ്ങൾ 69:9"
പലപ്പോഴും ജീവിതത്തിൽ നിന്ദകൾ കടന്നു വരുമ്പോൾ ഒന്നോർക്കുക ഇന്ന് അനുഭവിക്കുന്ന നിന്ദകൾ നാളെ അതു നമ്മുടെ ജീവിതത്തിൽ അനുഗ്രഹം ആയി ദൈവം മാറ്റും. ഏറ്റവും സ്നേഹിക്കുന്നവർ നമ്മെ നിന്ദിക്കുമ്പോൾ ചിലപ്പോൾ നമുക്ക് അത് സഹിക്കുവാൻ കഴിയാതെ വരും.
യോസെഫിന്റെ ജീവിതത്തിൽ നിന്ദിക്കപ്പെട്ട ദിവസങ്ങൾ ഉണ്ടായിരുന്നു. യോസെഫിന്റ സഹോദരന്മാർ യോസെഫിനെ നിന്ദിച്ചപ്പോൾ യോസേഫ് പ്രതികരിച്ചില്ല.ദൈവം യോസെഫിനെ മാനിച്ചപ്പോൾ യോസേഫ് മിസ്രയിമിലെ രണ്ടാമൻ ആയിത്തീർന്നു.യോസെഫിനെ നിന്ദിച്ച സഹോദരന്മാർ യോസെഫിന്റെ മുമ്പാകെ മുട്ടുകുത്തുവാൻ ഇടയായി തീർന്നു.
യോസേഫ് നിന്ദിക്കപ്പെട്ടപ്പോൾ തന്റെ സഹോദരന്മാരോട് പ്രതികരിക്കാതെ യോസേഫ് ദൈവത്തിൽ ശരണപെട്ടു മുന്നോട്ടു പോയി. ദൈവത്തിന്റെ സമയം ആയപ്പോൾ ദൈവം യോസെഫിനെ മാനിച്ചു.പ്രിയരേ നിങ്ങൾ ഇന്ന് നിന്ദിക്കപ്പെടുന്നുണ്ടെങ്കിൽ ദൈവത്തിൽ ആശ്രയിക്കുക.നിങ്ങൾ യോസെഫിനെ പോലെ പ്രതികരിക്കാതെ ദൈവത്തിനു പ്രവർത്തിക്കുവാൻ അവസരം കൊടുക്കുക.ദൈവം തക്കസമയത്തു നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും.
"സമർപ്പണം "
സമർപ്പണം.
"അതിനു ശിമോൻ : നാഥാ, ഞങ്ങൾ രാത്രി മുഴുവനും അധ്വാനിചിട്ടും ഒന്നും കിട്ടിയില്ല ;എങ്കിലും നിന്റെ വാക്കിനു ഞാൻ വല ഇറക്കാം എന്ന് ഉത്തരം പറഞ്ഞു."
ലുക്കോസ് 5:5.
ഗന്നേസരെത്ത് തടാകത്തിൽ മീൻപിടിച്ചിട്ടുള്ള അനുഭവ സമ്പത്ത് ശിമോന് ഉണ്ടായിരുന്നു.ശിമോൻ തന്റെ അനുഭവ സമ്പത്ത് മുഴുവൻ ഉപയോഗിച്ച് മീൻപിടിത്തതിന് ശ്രമിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം. ശിമോന്റെ പ്രതീക്ഷകൾ മുഴുവൻ അസ്തമിച്ചു വല കഴുകുമ്പോൾ ആയിരുന്നു യേശു നാഥൻ ശിമോനെ തേടി വന്നത്.
നിരാശനായിരുന്ന ശിമോനോട് യേശുനാഥൻ പറഞ്ഞു ആഴത്തിലേക്കു നീക്കി മീൻപിടിത്തത്തിന് വല ഇറക്കുവിൻ. ശിമോൻ തന്റെ അനുഭവസമ്പത് ഒന്നും നോക്കാതെ യേശു നാഥൻ പറഞ്ഞത് അനുസരിച്ചു.യേശുനാഥൻ പറഞ്ഞത് ശിമോൻ അനുസരിച്ചപ്പോൾ വല വീശി രണ്ടു പടക് മുങ്ങുമാറാകുവോളം മീൻ നിറച്ചു.
ശിമോൻ തന്റെ അനുഭവ സമ്പത്തിലോ, സ്വന്ത വിവേകത്തിലോ ആശ്രയിക്കാതെ യേശുനാഥൻ പറഞ്ഞത് അനുസരിച്ചപ്പോൾ ഒരു മീനും ലഭിക്കാതിരുന്ന ശിമോന് രണ്ടു പടക് നിറയെ മീൻ ലഭിച്ചു .ദൈവപ്രവർത്തി അവിടെ കാണുവാൻ ശിമോന് സാധിച്ചു.നാമും നമ്മുടെ പല വിഷയങ്ങളിൽ നമുക്കറിയാവുന്ന വിധത്തിൽ എല്ലാം അധ്വാനിചിട്ടും ഒന്നും ലഭിക്കാതെ പിന്മാറി നിരാശയോടിരിക്കുമ്പോൾ നമ്മെ കാണുന്ന ഒരു ദൈവം ഉണ്ടെന്നുള്ള കാര്യം നാം മറന്നു പോകരുത്. നാം സ്വന്ത വിവേകത്തിൽ ഊന്നാതെ ദൈവത്തിനു മുമ്പിൽ നമ്മെ പരിപൂർണമായി സമർപ്പിക്കുക. ദൈവം നമ്മോട് പറയുന്ന വാക്ക് നാം അനുസരിക്കുക. നാം ദൈവത്തെ അനുസരിക്കുമ്പോൾ ദൈവീക പ്രവർത്തി നമ്മുടെ നിരാശപെട്ടിരിക്കുന്ന വിഷയത്തിന്മേൽ കാണുവാൻ ഇടയായി തീരും.
"ജീവന്റെ വഴി "
ജീവന്റെ വഴി
ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കുവുമുള്ളത് ; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.
മത്തായി 7:14.
നിത്യജീവങ്കലേക്കുള്ള വാതിൽ ഇടുക്കമാണ്. നാം കടന്നുപോകുന്ന വാതിൽ ഇടുക്കമാണോ അതോ വിശാലമാണോ എന്നു നമുക്ക് തന്നെ ശോധന ചെയ്താൽ മനസിലാകും. നാം കടന്നുപോകുന്നത് നിത്യജീവങ്കലേക്ക് ആണോ അല്ലയോ എന്നത് നമ്മുടെ ജീവിതം പരിശോധിച്ചാൽ മനസിലാകും . നാം കടന്നുപോകുന്ന വഴി ഞെരുക്കമാണെങ്കിൽ നമുക്ക് മനസിലാക്കാം നാം ജീവന്റെ പാതയിൽ കൂടി തന്നെയാണ് പോകുന്നത് എന്നത്.
ജീവിതം കഷ്ടത നിറഞ്ഞതാണ് എന്നു കരുതി ഒരിക്കലും ഭാരപ്പെടരുത്. ദൈവം ഇടുക്കുവാതിലിൽ കൂടി കടത്തിവിടുക ആണ് എന്നുള്ള ബോധം നമ്മെ ഭരിക്കണം . നമ്മുടെ സ്വയം ഇല്ലായ്മ ചെയ്യാൻ, നമ്മുടെ ജഡത്തിന്റെ സ്വഭാവങ്ങൾ നമ്മിൽ നിന്നും നീക്കം ചെയ്യുവാൻ ദൈവം നമ്മെ ഞെരുക്കമുള്ള വഴിയേ നടത്തുകയാണ്.
നമ്മുടെ വാതിൽ ഇടുക്കവും വഴി ഞെരുക്കവും ആണെങ്കിൽ നമുക്ക് മനസിലാക്കാം ദൈവം നമ്മെ നിത്യ ജീവങ്കലേക്കു തന്നെയാണ് നടത്തുന്നത് എന്നുള്ളത് . അതിനാൽ ജീവിതത്തിൽ ഇടുക്കവും ഞെരുക്കവും വരുമ്പോൾ ദൈവം നമ്മെ നിത്യജീവങ്കലേക്കു നടത്തുവാണ് എന്നുള്ള ബോധം നമ്മെ ഭരിക്കുമ്പോൾ ഈ ലോകത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു എണ്ണുവാൻ നമുക്ക് സാധിക്കും.
"നിരാശയിലെ പ്രത്യാശ "
നിരാശയിലെ പ്രത്യാശ
"യഹോവയിങ്കൽ പ്രത്യാശവയ്ക്കുക".
സങ്കീർത്തനങ്ങൾ 27:14.
നമ്മുടെ പ്രത്യാശ കൂടുതലും മനുഷ്യരിൽ തന്നെ ആകുന്നത് കൊണ്ടാണ് നാം നിരാശപ്പെട്ടു പോകുന്നത്.
നമ്മുടെ പ്രത്യാശ ദൈവത്തിങ്കൽ ആണെങ്കിൽ നാം നിരാശപ്പെട്ടു പോകയില്ല. ഈ സങ്കീർത്തനം എഴുതിയ ദാവീദ് രാജാവ് അനവധി കഷ്ടങ്ങളിൽ കൂടി കടന്നു പോയിട്ടും തന്റെ പ്രത്യാശ യഹോവയിങ്കൽ തന്നെ ആയിരുന്നു.
ജീവിതത്തിൽ പ്രതിക്കൂലങ്ങൾ ഒന്നിനു പിറകെ ഒന്നായി വന്നിട്ടും ദാവീദ് രാജാവ് നമ്മെ പ്രബോധിപ്പിക്കുവാണ് യഹോവയിങ്കൽ പ്രത്യാശ വയ്ക്കുക.പ്രതിക്കൂലങ്ങളുടെ നടുവിലും ദൈവത്തിൽ പ്രത്യാശ വയ്ക്കാൻ നാം ധൈര്യം കാട്ടണം.
പ്രതിക്കൂലങ്ങളെ കണ്ടു ഭയപ്പെടുക അല്ല മറിച് ദൈവത്തിൽ പ്രത്യാശ വച്ചുകൊണ്ട് പ്രതിക്കൂലത്തെ ജയിപ്പാൻ ആണ് ദൈവം നമ്മെ കുറിച്ചാഗ്രഹിക്കുന്നത്.
"ആശയോടെ വിശ്വസിക്കുക "
ആശയോടെ വിശ്വസിക്കുക
നിന്റെ സന്തതി ഇവ്വണ്ണം ആകും എന്നു അരുളിച്ചെയ്തിരിക്കുന്നതുപോലെ താൻ ബഹുജാതികൾക്കു
പിതാവാകും എന്നു അവൻ ആശെക്കു വിരോധമായി ആശയോടെ വിശ്വസിച്ചു."
" റോമർ 4:18"
പലപ്പോഴും ദൈവസന്നിധിയിൽ നാം ആശയോടെ പ്രാർത്ഥിക്കുന്ന വിഷയങ്ങൾക്ക് മറുപടി താമസിക്കുമ്പോൾ നിരാശരായി തീരാറുണ്ട്. അബ്രഹാം തന്റെ വാഗ്ദത്തം പ്രാപിച്ചെടുക്കാൻ ആശയക്ക് വിരോധമായി ആശയോടെ കാത്തിരുന്ന് തന്റെ വാഗ്ദത്തം പ്രാപിച്ചെടുത്തു .
നാമും ആശയോടെ വിശ്വസിക്കുന്ന വിഷയത്തിനു ഒരു സാധ്യതയും കാണുന്നില്ലെങ്കിലും പ്രത്യാശയോടെ ദൈവത്തിന്റെ സമയം വരെ കാത്തിരുന്നു വാഗ്ദത്തം പ്രാപിച്ചെടുക്കണം.ദൈവത്തിന്റെ സമയം തക്കസമയം ആണ്. ദൈവത്തിന്റെ സമയത്തിനായി അബ്രഹാം കാത്തിരുന്നത് പോലെ നാമും കാത്തിരിക്കേണ്ടത് ആവശ്യമാണ്.
ചിലപ്പോൾ മാനുഷികമായ സകല പ്രതീക്ഷകളും നഷ്ടപ്പെട്ടു എന്നിരിക്കാം.ദൈവത്തിന് അത്ഭുതങ്ങളെ പ്രവർത്തിക്കാൻ നമ്മുടെ പ്രായം ഒരു വിഷയം അല്ല, സാഹചര്യം ഒരു വിഷയം അല്ല, സമയം ഒരു വിഷയം അല്ല. ദൈവം പ്രവർത്തിക്കാൻ തുടങ്ങിയാൽ ആർക്കും തടയുവാൻ സാധ്യമല്ല.
ദൈവം പറയുന്നത് ഇപ്രകാരം ആണ് " ഞാൻ പ്രവർത്തിക്കും ആർ തടുക്കും". ദൈവത്തിന്റെ പ്രവൃത്തിയെ തടയുവാൻ ആർക്കും സാധ്യമല്ല. ദൈവം പ്രവർത്തിച്ചു തുടങ്ങണമെങ്കിൽ നമ്മിൽ വിശ്വാസം വർധിക്കണം.ഒരിക്കലും നടക്കില്ല എന്നു മാനുഷികമായി നാം ചിന്തിക്കുന്ന വിഷയം നേടിയെടുക്കുവാൻ വിശ്വാസം നമ്മെ സഹായിക്കും.
Sunday, 1 June 2025
"സക്കായിയുടെ ആഗ്രഹവും മാനസാന്തരവും "
സക്കായിയുടെ ആഗ്രഹവും മാനസാന്തരവും.
"സക്കായിയേ, വേഗം ഇറങ്ങിവാ;ഞാൻ ഇന്നു നിന്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു എന്നു അവനോടു പറഞ്ഞു."(ലുക്കോസ് 19:5).
യേശുക്രിസ്തു യെരീഹോവിൽ എത്തി കടന്നു പോകുമ്പോൾ ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ളൊരു പുരുഷൻ, യേശു എങ്ങനെയുള്ളവൻ എന്നു കാണ്മാൻ ശ്രമിച്ചു. വളർച്ചയിൽ കുറിയവൻ ആകകൊണ്ടു പുരുഷാരം നിമിത്തം കഴിഞ്ഞില്ല.
സക്കായിയുടെ ആഗ്രഹം എന്നത് യേശുക്രിസ്തുവിനെ എങ്ങനെയെങ്കിലും ഒന്നു കാണണം എന്നതു മാത്രം ആയിരുന്നു.
അതിനു വേണ്ടി സക്കായി മുമ്പോട്ട് ഓടി ഒരു കാട്ടത്തിമേൽ കയറി. വളർച്ചയിൽ കുറിയവൻ ആയ സക്കായി കഷ്ടപ്പെട്ടാണ് കാട്ടത്തിയിൽ കയറിയത്. സക്കായിയുടെ ആഗ്രഹം മനസ്സിലാക്കിയ യേശുക്രിസ്തു ആ സ്ഥലത്ത് എത്തിയപ്പോൾ "സക്കായിയേ വേഗം ഇറങ്ങിവാ, ഞാൻ ഇന്നു നിന്റ വീട്ടിൽ പാർക്കേണ്ടതാകുന്നു എന്നു അവനോട് പറഞ്ഞു."
സക്കായിയുടെ ആഗ്രഹം യേശുക്രിസ്തുവിനെ ഒന്നു കാണുക മാത്രം ആയിരുന്നു.എന്നാൽ സക്കായിയുടെ ആഗ്രഹം മനസ്സിലാക്കിയ യേശുക്രിസ്തു സക്കായിയുടെ വീട്ടിൽ പാർക്കാൻ ആഗ്രഹിക്കുന്നു.യേശുക്രിസ്തുവിനെ കണ്ട സക്കായി ഉടൻ മാനസാന്തരപ്പെട്ട് താൻ ചതിവായി വാങ്ങിയതിന് നാലു മടങ്ങു മടക്കി കൊടുക്കാം എന്ന് യേശുക്രിസ്തുവിനോട് അറിയിക്കുന്നു.
പ്രിയരേ, നമ്മുടെ ഹൃദയത്തിലെ ഓരോ ആഗ്രഹങ്ങളും നന്നായി അറിയുന്ന ദൈവത്തെ ആണ് നാം സേവിക്കുന്നത്. സക്കായിയുടെ ആഗ്രഹം മനസിലാക്കി സക്കായിയോട് കൂടി പാർക്കാൻ ആഗ്രഹിച്ച ദൈവം നമ്മുടെയും ദൈവം ആണ്. ആ ദൈവം നമ്മെ ജീവപര്യന്തം വഴി നടത്തും.
"ദൈവവചനം പാപത്തെ ജയിക്കുന്നു."
ദൈവവചനം പാപത്തെ ജയിക്കുന്നു.
"ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു."(സങ്കീർത്തനങ്ങൾ 119:11)
ദൈവത്തിന്റെ വചനങ്ങൾ നമ്മുടെ ഹൃദയത്തിൽ സംഗ്രഹിച്ചാൽ പാപത്തോടും പരീക്ഷകളോടും പ്രലോഭനങ്ങളോടും എതിർത്തു നിന്ന് ജയിക്കുവാൻ നമുക്ക് സാധിക്കും.പിശാച് നമ്മെ പാപത്തിൽ വീഴിക്കുവാൻ ശ്രമിക്കുമ്പോൾ ദൈവവചനം നമ്മെ പാപത്തിൽ നിന്ന് ഒഴിഞ്ഞു ഇരിക്കുവാൻ സഹായിക്കുന്നു.
യേശുക്രിസ്തുവിനെ സാത്താൻ പരീക്ഷിച്ചപ്പോൾ കർത്താവ് ദൈവവചനം ഉപയോഗിച്ചാണ് സാത്താന്റെ പരീക്ഷണങ്ങളോട് വിജയിച്ചത്.നമ്മുടെ ഉള്ളിൽ വചനം സംഗ്രഹിച്ചാൽ ദൈവവചനം എന്ന വാൾ ഉപയോഗിച്ച് പിശാചിനോട് എതിർത്തു നിന്ന് പാപത്തിൽ നിന്ന് വിജയം നേടുവാൻ നമുക്ക് സാധിക്കും.
ദൈവത്തിന്റെ വചനം അനുദിന ജീവിതത്തിനു കാലിനു ദീപവും പാതയ്ക്ക് പ്രകാശവും ആകുന്നു.നാം പോകേണ്ടുന്ന പാതയിൽ നമുക്ക് വെളിച്ചമായി നമ്മുടെ മുമ്പിൽ ദൈവവചനം ഉണ്ട്.ദൈവത്തിന്റെ വചനം നമ്മുടെ പാതയിൽ ഒളിഞ്ഞിരിക്കുന്ന പാപത്തിന്റെ കെണിയിൽ നാം അകപ്പെടാതെ മുന്നോട്ട് പോകുവാൻ നമുക്ക് വെളിച്ചം പകരുന്നു.
പ്രിയരേ, ദൈവത്തിന്റെ വചനം ഹൃദയത്തിൽ സംഗ്രഹിക്കുക. ദൈവവചനം പാപത്തോട് എതിർത്തു നിന്ന് വിജയം വരിക്കുവാൻ താങ്കളെ സഹായിക്കും.ദൈവവചനം പാപത്തിന്റെ കെണിയിൽ നിന്ന് താങ്കളെ വിടുവിക്കും.
"നമുക്ക് വേണ്ടി യുദ്ധം ചെയ്യുന്ന ദൈവം "
നമുക്ക് വേണ്ടി യുദ്ധം ചെയ്യുന്ന ദൈവം.
"യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധം
ചെയ്യും; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നുപറഞ്ഞു."(പുറപ്പാട് 14:14)
യിസ്രായേൽ മക്കൾ മിസ്രയിമിൽ നിന്ന് യാത്ര പുറപ്പെട്ടു ചെങ്കടൽ തീരത്ത് എത്തിയപ്പോൾ അവരെ വിട്ടയച്ച മിസ്രയിം രാജാവായ ഫറവോൻ രഥം കെട്ടിച്ചു പടജ്ജനത്തെയും വിശേഷപ്പെട്ട അറുനൂറു രഥങ്ങളെയും മിസ്രയിമിലെ സകല രഥങ്ങളെയും കൂട്ടി യിസ്രായേൽ മക്കളെ പിന്തുടർന്നു ചെന്നു.
ഫറവോനും സൈന്യവും പിന്നാലെ വരുന്നത് കണ്ട് യസ്രായേൽ മക്കൾ ഏറ്റവും ഭയപ്പെട്ടു യഹോവയോട് നിലവിളിച്ചു.
യിസ്രായേൽ മക്കളോട് മോശെ അരുളിച്ചെയ്താണ്" നിങ്ങൾ ഭയപ്പെടേണ്ട, ഉറച്ചു നില്പിൻ, യഹോവ നിങ്ങൾക്കു വേണ്ടി യുദ്ധം ചെയ്യും". മോശെ പറഞ്ഞതനുസരിച്ച യിസ്രായേൽ മക്കൾ ചെങ്കടൽ കടന്നു മറുകരയിൽ എത്തി. യിസ്രായേൽ മക്കളുടെ പിന്നാലെ വന്ന ഫറവോനും സൈന്യവും ചെങ്കടലിൽ നശിച്ചു പോയി. ദൈവം യിസ്രായേൽ മക്കൾക്ക് വേണ്ടി ഫറവോനോടും സൈന്യത്തോടും യുദ്ധം ചെയ്ത് അവരെ ഇല്ലായ്മ ചെയ്തു.
യിസ്രായേൽ മക്കൾ ഫറവോനോടും സൈന്യത്തോടും യുദ്ധം ഒന്നും ചെയ്തില്ല. മിണ്ടാതെ ഇരുന്നു മോശെ അവരോടു കല്പിച്ചത് അതുപോലെ ചെയ്തു. ദൈവം അവർക്കു വേണ്ടി ഫറവോനോടു യുദ്ധം ചെയ്തു.
പ്രിയരേ, നാം നമ്മുടെ മുന്നിൽ ഉള്ള ഒന്നിനെയും കണ്ട് ഭയപ്പെടേണ്ട. നമ്മുടെ വിഷയങ്ങൾ ദൈവ സന്നിധിയിൽ സമർപ്പിച്ചു മിണ്ടാതെ ഇരുന്ന് പ്രാർത്ഥിക്കുക. നമുക്ക് വേണ്ടി ദൈവം യുദ്ധം ചെയ്തു കൊള്ളും.നമ്മോട് പോരാടുന്ന ഏതു ശക്തിയായാലും ആ ശക്തികളെ ദൈവം ഇല്ലായ്മ ചെയ്യും.
"ദീർഘ ക്ഷമയോടെ വാഗ്ദത്തം പ്രാപിച്ചു "
ദീർഘ ക്ഷമയോടെ വാഗ്ദത്തം പ്രാപിച്ചു.
"അങ്ങനെ അവൻ ദീർഘ ക്ഷമയോടിരുന്നു വാഗ്ദത്ത വിഷയം പ്രാപിച്ചു ". (എബ്രായർ 6:15).
അബ്രഹാമിനു അറിയാം തന്നോട് വാഗ്ദത്തം ചെയ്തത് മനുഷ്യര്യല്ല പകരം തന്നെ സൃഷ്ടിച്ച ദൈവമാണ്. ദൈവമാണ് തന്നോട് വാഗ്ദത്തം പറഞ്ഞതെങ്കിൽ തന്റെയും സാറയുടെയും പ്രായം ദൈവത്തിനു ഒരു വിഷയമല്ല.ദൈവം
അബ്രഹാം ദൈവത്തിൽ വിശ്വസിച്ചു തങ്ങളെ സൃഷ്‌ടിച്ച ദൈവത്തിനു ഈ വർദ്ധക്യത്തിലും മകനെ നൽകുവാൻ കഴിയുമെന്ന് വിശ്വസിച്ചു ദീർഘക്ഷമയോടെ കാത്തിരുന്നു വാഗ്ദത്തം ആയ തലമുറയെ പ്രാപിച്ചെടുത്തു.വിശ്വാസികളുടെ പിതാവായ അബ്രഹാം ദൈവം വാഗ്ദത്തം ചെയ്തത് ദീർഘക്ഷമയോടെ കാത്തിരുന്നു വാഗ്ദത്തം പ്രാപിച്ചെടുത്തു. വാഗ്ദത്തം അബ്രഹാം പ്രാപിച്ചെടുത്തത് മൂലം വിശ്വാസികളുടെ പിതാവ് ആയിട്ട് മാറി.
Subscribe to:
Comments (Atom)
"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."
ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...