Agape
Saturday, 31 May 2025
"ക്ഷാമകാലത്തു ക്ഷേമമായി പോറ്റുന്ന ദൈവം "
ക്ഷാമകാലത്തു ക്ഷേമമായി പോറ്റുന്ന ദൈവം.
"യഹോവ ഏലിയാവ് മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം കലത്തിലെ മാവു തീർന്നുപോയില്ല, ഭരണിയിലെ എണ്ണ കുറഞ്ഞു പോയതുമില്ല. "(1രാജാക്കന്മാർ 17:16).
കെരീത്തു തോട് വറ്റിയപ്പോൾ ദൈവം ഏലിയാവിനെ അയച്ചത് സാരെഫാത്തിലെ വിധവയുടെ അടുക്കലേക്ക് ആയിരുന്നു. സാരെഫാത്തിലെ വിധവയും മകനും ശേഷിച്ചിരുന്ന കലത്തിലെ ഒരു പിടി മാവും തുരുത്തിയിലെ അല്പം എണ്ണയും കൊണ്ട് അപ്പം ഉണ്ടാക്കി കഴിച്ചിട്ട് മരിക്കാൻ ഇരിക്കുമ്പോൾ ആണ് ഏലിയാവ് വിധവയോട് ഒരു അപ്പത്തിനായി ആവശ്യപ്പെടുന്നത്. ഏലിയാവിന്റെ വാക്കുകൾക്ക് മുമ്പിൽ നിരാശപ്പെട്ട് നിന്ന വിധവയോട് ഏലിയാവ് ഇപ്രകാരം അരുളിച്ചെയ്തു "യഹോവ ഭൂമിയിൽ മഴ പെയ്യിക്കുന്ന നാൾ വരെ കലത്തിലെ മാവു തീർന്നുപോകയില്ല; ഭരണിയിലെ എണ്ണ കുറഞ്ഞു പോകയും ഇല്ല എന്നു യിസ്രയേലിന്റെ ദൈവമായ യഹോവ അരുളി ചെയ്യുന്നു എന്നു പറഞ്ഞു".
സാരെഫാത്തിലെ വിധവ ദൈവത്തിന്റെ അരുളപ്പാടിൽ വിശ്വസിച്ചപ്പോൾ കലത്തിലെ മാവു തീർന്നുപോയില്ല, ഭരണിയിലെ എണ്ണ കുറഞ്ഞു പോയതുമില്ല. മാത്രമല്ല സാരെഫത്തിലെ വിധവയും മകനും വിധവയുടെ വീട്ടുകാരും ഏലിയാവും ഏറിയനാൾ അഹോവൃത്തി കഴിച്ചു.
ദൈവത്തിന്റെ അരുളപ്പാട് അനുസരിച്ചപ്പോൾ ക്ഷാമത്തിന്റെ അവസ്ഥയിൽ ആയിരുന്ന സാരെഫത്തിലെ വിധവയും മകനും ഏറിയ നാൾ അഹോവൃത്തി കഴിച്ചു.
പ്രിയരേ, നിങ്ങളുടെ അവസ്ഥ എന്തും ആയികൊള്ളട്ടെ നിങ്ങളെ നന്നായി അറിയുന്ന ഒരു ദൈവം ഉണ്ട്. ദൈവം നിങ്ങളോട് എന്താണോ അരുളിച്ചെയ്യുന്നത് അത് അനുസരിക്കുക. നിങ്ങളുടെ അവസ്ഥയ്ക്ക് ദൈവം ഭേദം വരുത്തും.
" ദൈവത്തിൽ ആശ്രയിക്കുന്നവർ "
ദൈവത്തിൽ ആശ്രയിക്കുന്നവർ.
"യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ എന്നേക്കും നിൽക്കുന്ന സീയോൻ പർവ്വതം പോലെയാകുന്നു".(സങ്കീർത്തനങ്ങൾ 125:1).
സങ്കീർത്തനക്കാരൻ യഹോവയിൽ ആശ്രയിക്കുന്നവരെ കുലുങ്ങാതെ എന്നേക്കും നിൽക്കുന്ന സീയോൻ പർവതത്തോടാണ് ഉപമിച്ചിരിക്കുന്നത്. ഒന്നാമതായി യഹോവയിൽ ആശ്രയിക്കുന്നവർ ജീവിതത്തിൽ എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും കുലുങ്ങുകയില്ല.യഹോവയിൽ ആശ്രയിക്കുന്നവരെ കുലുക്കുവാൻ ഏതൊക്കെ ശക്തികൾ ശ്രമിച്ചാലും അവർ കുലുങ്ങുകയില്ല. കാരണം അവർ ആശ്രയിക്കുന്നത് സർവ്വ ശക്തനായ ദൈവത്തിൽ ആണ്.
ജീവിതത്തിൽ പല വിധത്തിൽ ഉള്ള പ്രശ്നങ്ങൾ വന്നാലും യഹോവയിൽ ആശ്രയിക്കുന്നവർ എന്നേക്കും നിൽക്കുന്ന സീയോൻ പർവതം പോലെ ഉറച്ചു നിൽക്കും.
യഹോവയിൽ ആശ്രയിക്കുന്നവരെ മത്തായി സുവിശേഷത്തിൽ ഉപമിക്കുന്നത് പാറമേൽ വീട് പണിത ബുദ്ധിയുള്ള മനുഷ്യനോട് തുല്യനാകുന്നു എന്നാണ്. വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റ് അടിച്ച് ആ വീട്ടിന്മേൽ അലച്ചു ;അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല.
പ്രിയരേ,നിങ്ങളുടെ ആശ്രയം യഹോവയിൽ തന്നെ ആയിരിക്കട്ടെ. ദൈവത്തിന്റെ വചനം അനുസരിച്ചു ജീവിക്കുന്ന വ്യക്തി ആകുന്നു താങ്കൾ എങ്കിൽ താങ്കളെ ഈ ലോകത്തിലെ ഒരു ശക്തികൾക്കും ഇളക്കുവാൻ സാധ്യമല്ല.
Tuesday, 27 May 2025
"ദൈവത്തിൽ ആനന്ദിക്കുക "
ദൈവത്തിൽ ആനന്ദിക്കുക.
"എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും".(ഹബക്കൂക് 3:18)
അത്തിവൃക്ഷം തളിർക്കയില്ല. മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല.ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായ്പോകും.നിലങ്ങൾ ആഹാരം വിളയിക്കയില്ല.ആട്ടിൻ കൂട്ടം തൊഴുത്തിൽ നിന്നു നശിച്ചുപോകും.ഗോശാലകളിൽ കന്നുകാലി കൂടി ഉണ്ടായിരിക്കയില്ല എന്നു പറയുമ്പോൾ മൊത്തത്തിൽ ക്ഷാമത്തിന്റെ അവസ്ഥയാണ് നാം കാണുന്നത്. ഈ അവസ്ഥയിൽ ആണ് ലേഖകൻ പറയുന്നത് എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും.
ആകെ നിരാശയുടെയും ക്ഷാമത്തിന്റെയും അവസ്ഥയാണ് മുന്നിൽ. പക്ഷെ ലേഖകൻ അതോർത്തു ദുഃഖിച്ചിരിക്കുക അല്ല. തന്റെ ദൈവത്തിൽ ആനന്ദിക്കുക ആണ് ചെയ്യുന്നത്.സന്തോഷിക്കുവാൻ ഒരു വഴിയും മുമ്പിൽ ഇല്ല. ജീവിക്കുവാൻ ഒരു നിവർത്തിയും മുന്നിൽ കാണുന്നില്ല. ആകെ ക്ഷാമത്തിന്റെയും നിരാശയുടെയും അവസ്ഥകൾ മാത്രം അലയടിക്കുന്നു.എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും. തനിക്കു വലുത് ഈ ഭൂമിയിലെ നന്മകൾ അല്ല. പകരം തനിക്കു ഈ നന്മകൾ തന്ന തന്റെ ദൈവം ആണ് തനിക്കു വലുത്. ആ ദൈവത്തെ ഇനിയും താൻ സ്തുതിക്കും.ആ ദൈവത്തിൽ താൻ ആശ്രയിക്കുന്നതാണ് നാം കണ്ടത്.
പ്രിയരേ, ജീവിതത്തിൽ ഉള്ള നന്മകൾ ഒക്കെ നഷ്ടമായി പോയി എന്നു തോന്നാം. ഒരു തരത്തിലും മുന്നോട്ട് പോകുവാൻ കഴിയുന്നില്ലല്ലോ എന്നു ചിന്തിച്ചിരിക്കുക ആയിരിക്കും താങ്കൾ. താങ്കൾക്ക് ഇതുവരെ നന്മകളും അനുഗ്രഹങ്ങളും തന്ന ദൈവത്തിനു ഇനിയും താങ്കളെ അനുഗ്രഹിക്കുവാൻ സാധിക്കും.ആയതിനാൽ നന്മയെ അല്ല നന്മ തന്ന ദൈവത്തിൽ ആശ്രയിക്കുക.
Sunday, 25 May 2025
"കഷ്ടത്തിൽ ശരണമായ ദൈവം "
കഷ്ടത്തിൽ ശരണമായ ദൈവം.
"യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു."(നഹും 1:7).
നമ്മുടെ നല്ല ദിവസങ്ങളിൽ അനേകർ നമ്മുടെ ചുറ്റിലും ഉണ്ടാകും. പക്ഷെ നമ്മുടെ കഷ്ടദിവസത്തിൽ അധികം ആരും തന്നെ നമ്മുടെ കൂടെ ഉണ്ടാകുകയില്ല എന്നത് വാസ്തവമാണ്.നമ്മുടെ കഷ്ടദിവസത്തിൽ നമ്മുടെ കൂടെ ഉള്ളവർ പോലും നമ്മെ വിട്ടു മാറിപ്പോകും.ഏതു കഷ്ടദിവസത്തിലും ദൈവം നമുക്ക് ശരണം ആയി നമ്മോടു കൂടെ തന്നെ ഉണ്ടാകും.
നമ്മുടെ ആശ്രയമാകുന്ന കരങ്ങൾ നമ്മുടെ കഷ്ടദിവസത്തിൽ നമ്മെ വിട്ടു മാറിപോകുമ്പോൾ മാറാത്ത ദൈവം നമ്മുടെ ശരണം ആയി നമ്മോട് കൂടെ ഉണ്ടാകും.
ദൈവഭക്തൻമാർ തങ്ങളുടെ കഷ്ടതയിൽ ദൈവസന്നിധിയിൽ ശരണം പ്രാപിച്ചു തങ്ങളുടെ കഷ്ടതകളെ മറന്നു ദൈവത്തിൽ ആനന്ദിച്ചു.
പ്രിയരേ, നിങ്ങളുടെ കഷ്ടത ഏതും ആയികൊള്ളട്ടെ, നിങ്ങൾക്ക് ശരണമായി ദൈവം നിങ്ങളോടു കൂടെയുണ്ട്. കഷ്ടത ജീവിതത്തിൽ വന്നുപോയി എന്നു വിചാരിച്ചു നിരാശപ്പെടരുത്. ദൈവത്തിൽ പ്രത്യാശ വയ്ക്കുക.ദൈവം നിങ്ങൾക്ക് ആശ്വാസമായി നിങ്ങളോടു കൂടെ തന്നെയുണ്ട്.നിങ്ങളുടെ കഷ്ടതയെ മാറ്റുവാൻ കഴിവുള്ള ദൈവത്തിൽ ആണ് നിങ്ങൾ ആശ്രയിക്കുന്നത്.
Thursday, 15 May 2025
"തേടി വരുന്ന ദൈവം "
തേടി വരുന്ന ദൈവം.
"നിനക്കു സൗഖ്യമാക്കുവാൻ മനസ്സുണ്ടോ എന്നു അവനോടു ചോദിച്ചു.(യോഹന്നാൻ 5:6)"
യെരൂശലേമിൽ ആട്ടുവാതിൽക്കൽ ബേഥെസ്ദാ എന്നു എബ്രായപേരുള്ള ഒരു കുളം ഉണ്ടായിരുന്നു. അതിന്നു അഞ്ചു മണ്ഡപം ഉണ്ടായിരുന്നു.അവയിൽ വ്യാധിക്കാർ, കുരുടർ, മുടന്തർ, ക്ഷയരോഗികൾ ഇങ്ങനെ വലിയോരു കൂട്ടം വെള്ളത്തിന്റെ ഇളക്കം കാത്തുകൊണ്ടു കിടന്നിരുന്നു.അതതു സമയത്തു ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയ ശേഷം ആദ്യം ഇറങ്ങുന്നവൻ ഏതു വ്യാധിപിടിച്ചവനായിരുന്നാലും അവന്നു സൗഖ്യം വരും.
എന്നാൽ മുപ്പത്തെട്ടു ആണ്ടു രോഗം പിടിച്ചു കിടന്നോരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു.അവൻ കിടക്കുന്നതു യേശു കണ്ടു, ഇങ്ങനെ ഏറിയ കാലമായിരിക്കുന്നു എന്നറിഞ്ഞു: “നിനക്കു സൗഖ്യമാകുവാൻ മനസ്സുണ്ടോ ” എന്നു അവനോടു ചോദിച്ചു.രോഗി അവനോടു: യജമാനനേ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്കു ആരും ഇല്ല; ഞാൻ തന്നേ ചെല്ലുമ്പോൾ മറ്റൊരുത്തൻ എനിക്കു മുമ്പായി ഇറങ്ങുന്നു എന്നു ഉത്തരം പറഞ്ഞു.യേശു അവനോടു: “എഴുന്നേറ്റു നിന്റെ കിടക്ക എടുത്തു നടക്ക” എന്നു പറഞ്ഞു.ഉടനെ ആ മനുഷ്യൻ സൗഖ്യമായി കിടക്ക എടുത്തു നടന്നു.
യേശുക്രിസ്തു മൂപ്പത്തെട്ടു ആണ്ടു രോഗം പിടിച്ചു കിടന്നിരുന്ന രോഗിയെ തേടി വന്നു സൗഖ്യമാക്കി.സഹായിപ്പാൻ ആരുമില്ലാതിരുന്ന മനുഷ്യനെ തേടി ദൈവം കടന്നു വന്നു.നിങ്ങളുടെ അവസ്ഥ ആരും അറിയുന്നില്ലല്ലോ എന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം. നിങ്ങളുടെ ആശ അറ്റുപോയിരിക്കാം.നിങ്ങൾക്ക് സൗഖ്യം തരുവാൻ ലോക രക്ഷിതാവ് നിങ്ങളെ തേടി നിങ്ങളുടെ അടുക്കൽ വന്നു നിങ്ങളുടെ വിഷയത്തിന് പരിഹാരം വരുത്തും.
പ്രിയരേ, നിങ്ങളെ സഹായിപ്പാൻ ആരുമില്ലായിരിക്കാം. നിങ്ങളെ തേടി യേശു നാഥൻ നിങ്ങളുടെ അരികിൽ വരും. നിങ്ങളുടെ വിഷയം എന്തുമാകട്ടെ കർത്താവ് നിങ്ങളെ തേടി വരും. നിങ്ങളുടെ വിഷയം എത്ര പഴക്കം ചെന്നതായാലും കർത്താവ് നിങ്ങളുടെ വിഷയത്തിന്മേൽ പരിഹാരം വരുത്തും.നിങ്ങളുടെ ഇന്നത്തെ നിരാശകൾ പ്രത്യാശകൾ ആക്കി ദൈവം മാറ്റും.
Subscribe to:
Comments (Atom)
"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."
ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...