Agape

Monday, 20 February 2023

"ദൈവത്തിന്റെ കരുതൽ എത്ര ശ്രേഷ്ഠം."

ദൈവത്തിന്റെ കരുതൽ എത്ര ശ്രേഷ്ഠം.,
ദൈവം എത്ര ശ്രേഷ്ഠമായിട്ടാണ് നമ്മെ കരുതുന്നത്. എത്രയോ ആപത്ത് അനർത്ഥങ്ങളിൽ കൂടി നാം ഈ ലോകത്തു നിന്ന് മാറ്റപ്പെടേണ്ടതായിരുന്നു. അവിടെയെല്ലാം നമ്മെ കാത്തു സൂക്ഷിച്ച ദൈവത്തിന്റെ കരുതൽ എത്ര ശ്രേഷ്ഠം ആണ്. എത്രയോ മാരക രോഗങ്ങൾ വന്നു നാം ഈ ഭൂമിയിൽ നിന്ന് മാറ്റപ്പെടേണ്ടതായിരുന്നു. അവിടെയെല്ലാം ദൈവം നമ്മെ കാത്തു പരിപാലിച്ചു. നമ്മുടെ ഓരോ ആവശ്യങ്ങൾ നാം ചോദിക്കാതെ തന്നെ ദൈവം തന്നു.നമ്മുടെ മാതാവും പിതാവും നമ്മെ കരുതുന്നതിലും അപ്പുറമായിട്ടല്ലേ ദൈവം നമ്മെ ഇതു വരെ കരുതിയത്. ദൈവത്തിന്റെ ആ കരുതൽ ബൈബിളിൽ ആകമാനം ദർശിക്കാം. ആ ദൈവത്തിന്റെ കരുതൽ ഇന്നും നമ്മുടെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നു.

Saturday, 18 February 2023

"ഒരിക്കലും ഉപേക്ഷിക്കാത്ത ദൈവം."

ഒരിക്കലും ഉപേക്ഷിക്കാത്ത ദൈവം. പെറ്റതള്ള തന്റെ കുഞ്ഞിനെ മറന്നാലും ദൈവം ഒരു നാളും നമ്മെ മറക്കുക ഇല്ല ഉപേക്ഷിക്കുകയും ഇല്ല.ഓരോ സാഹചര്യങ്ങൾ വരുമ്പോൾ മനുഷ്യർ ഓരോരുത്തരായി നമ്മെ ഉപേക്ഷിച്ചു കടന്നുപോകും. പക്ഷേ ദൈവത്തിനു നമ്മെ ഉപേക്ഷിക്കാൻ സാധ്യമല്ല. നാം സ്നേഹിക്കുന്ന പലരും നമ്മെ വിട്ടകന്നു മാറിപോകുമ്പോഴും ദൈവം നമ്മെ തന്റെ മാർവോട് ചേർത്തണയ്ക്കും. ജീവിതത്തിന്റെ പ്രതിസന്ധിയിൽ മനുഷ്യർ ഓരോന്നായി വിട്ടകന്നു മാറിപോകുമ്പോൾ നല്ല ശമര്യക്കാരൻ ആയ യേശുക്രിസ്തു നമ്മെ തന്റെ മാർവോട് ചേർത്തണയ്ക്കും. ഭൂമിയിലെ സകല ബന്ധങ്ങളും നമ്മെ ഉപേക്ഷിച്ചാലും ദൈവത്തിനു നമ്മെ ഉപേക്ഷിക്കാൻ സാധ്യമല്ല.

Friday, 17 February 2023

"ദൈവത്തിന്റെ കരം."

ദൈവത്തിന്റെ കരം.
ദൈവത്തിന്റെ ഭുജം നിന്റെ ഭുജത്തോട് കൂടെ ഇരുന്നാൽ അത്ഭുതങ്ങൾ നിന്റെ ജീവിതത്തിൽ സംഭവിക്കും. മോശയുടെ ഭുജത്തോടെ കൂടെ ദൈവത്തിന്റെ കരം കൂടെ ഇരുന്നപ്പോൾ ചെങ്കടൽ രണ്ടായി മാറി. മോശ ദൈവത്തോട് അരുളപ്പാട് ചോദിച്ചിട്ട് മാത്രമേ അടുത്ത പടി ചെയ്യുകയുള്ളൂ. ദൈവത്തിന്റെ ആലോചന മനസിലാക്കി അതിൻപ്രകാരം മാത്രമേ മോശ പ്രവർത്തിച്ചിരുന്നുള്ളു. നിന്റെ ജീവിതത്തിൽ ദൈവത്തിന്റെ അരുളപ്പാട് അനുസരിച്ച് മാത്രമേ നീ ചുവടുകൾ വയ്ക്കുന്നുള്ളൂ എങ്കിൽ മോശയോട് കൂടെയിരുന്ന ദൈവത്തിന്റെ കരം നിന്റെ കൂടെയിരിക്കും. ചെങ്കടൽ പോലുള്ള നിന്റെ വിഷയങ്ങളിൽ ദൈവം നിന്നോട് കൂടെയിരുന്നു നിന്നെ വിടുവിക്കും.

Thursday, 16 February 2023

"ദൈവത്തിന്റെ ദൃഷ്ടി നിന്റെമേൽ ഉണ്ട്."

ദൈവത്തിന്റെ ദൃഷ്ടി നിന്റെമേൽ ഉണ്ട്.
ദൈവത്തിന്റെ ദൃഷ്ടി നിന്റെ മേൽ ഉണ്ട്. നീ ചിന്തിക്കും എന്റെ മനോഭാരങ്ങൾ ആരും കാണുന്നില്ലാല്ലോ എന്ന് . എന്റെ വിഷയത്തിന് ഒരു പരിഹാരം ഇല്ലല്ലോ എന്ന് . നീ ദൈവത്തോട് പ്രാർത്ഥനയോടെ അടുത്ത് ചെന്നാൽ നിന്നെ അലട്ടുന്ന ഏതു വിഷയവും ദൈവം പരിഹരിക്കും. മനുഷ്യന് പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങൾ ദൈവം പരിഹരിക്കും. നീണ്ട നാളുകൾ ആയി മറുപടി കിട്ടാത്ത പ്രാർത്ഥന വിഷയങ്ങൾക്ക് ദൈവം പരിഹാരം വരുത്തും. ദൈവത്തിൽ പ്രത്യാശ വയ്ക്കുക. ദൈവം നിനക്ക് വേണ് ടി പ്രവർത്തിക്കും.

Wednesday, 15 February 2023

"ദൈവം നിന്റെ അവസ്ഥകളെ മാറ്റും."

ദൈവം നിന്റെ അവസ്ഥകളെ മാറ്റും. നീ ഇപ്പോൾ കടന്നു പോകുന്ന അവസ്ഥ ഏത് അവസ്ഥ ആയാലും ദൈവസന്നിധിയിൽ അടുത്തുചെന്ന് പ്രാർത്ഥിക്കുക ദൈവം നിന്റെ അവസ്ഥകളെ മാറ്റും. ചിലപ്പോൾ രോഗത്താൽ ഭാരപ്പെടുക ആയിരിക്കും നീ, രോഗികളെ സൗഖ്യമാക്കിയ ദൈവം നിന്നെയും സൗഖ്യമാക്കും. സാമ്പത്തികമായി ബുദ്ധിമുട്ടുകയിരിക്കും നീ,എലിശയുടെ പ്രവാചക ശിഷ്യന്റെ ഭാര്യയെ അനുഗ്രഹിച്ച ദൈവം നിന്നെയും സാമ്പത്തികമായി അനുഗ്രഹിക്കും. മാനസികമായി തളർന്നിരിക്കുകയായിരിക്കും നീ, ദാവീദിനെ പോലെ ദൈവം നിന്റെ മനസിന്‌ ബലമേകും . നിന്റെ അവസ്ഥ ഏതും ആയികൊള്ളട്ടെ ദൈവം അതിൽ നിന്നെല്ലാം നിന്നെ വിടുവിക്കും.

Monday, 13 February 2023

"കണ്ണുനീർ തൂകുമ്പോൾ മനസലിയുന്ന ദൈവം."

കണ്ണുനീർ തൂകുമ്പോൾ മനസലിയുന്ന ദൈവം. നമ്മുടെ ജീവിതത്തിലെ എത്ര കഠിനമായ വിഷയത്തിന് മുമ്പിലും കണ്ണുനീരോടെ പ്രാർത്ഥിച്ചാൽ ദൈവം മനസലിഞ്ഞു മറുപടി നൽകും . ഒരു കുഞ്ഞ് കണ്ണുനീരോടെ എന്തെങ്കിലും ആവശ്യപ്പെട്ടാൽ മാതാപിതാക്കൾ അത് സാധിപ്പിച്ചു നൽകയില്ലയോ. സൃഷ്ടിതാവായ ദൈവം തന്റെ മക്കളുടെ കണ്ണുനീരിനു മുമ്പിൽ വേഗത്തിൽ ഉത്തരം അരുളും. എത്ര വലിയ വിഷയം ആയാലും ദൈവം ഉത്തരം അരുളി വിടുവിക്കും.

Sunday, 12 February 2023

"കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണ."

കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണ. നാം ഭൂമിയിൽ ജീവിക്കുമ്പോൾ അനവധി കഷ്ടതകളിൽ കൂടി കടന്നു പോകേണ്ടതുണ്ട്. ക്രിസ്തീയ ജീവിതം എല്ലായ്പോഴും സുഖജീവിതം അല്ല. ഭക്തന്മാർ നിരവധി കഷ്ടതകളിൽ കൂടി കടന്നാണ് നിത്യരാജ്യത്തിൽ പ്രവേശിക്കുന്നത്. കഷ്ടതകൾ ജീവിതത്തിൽ വരുമ്പോൾ ആശ്രയിപ്പാൻ ഏക ആശ്രയം ദൈവം മാത്രം ആണ്. ദൈവത്തിൽ ആശ്രയിച്ചാൽ ജീവിതത്തിൽ നേരിടുന്ന കഷ്ടതകളെ തരണം ചെയ്യാൻ ദൈവം സഹായിക്കും.ദൈവം നിന്റെ ജീവിതത്തിൽ കഷ്ടത തരുന്നുണ്ടെങ്കിൽ ദൈവത്തിനു അതിനു പിന്നിൽ പ്രത്യേക ഉദ്ദേശം ഉണ്ട്. നിന്നെ ശുദ്ധീകരിച്ചു കർത്താവിന്റെ രാജ്യത്തിൽ ചേർപ്പാൻ ആണ്. ദൈവം അറിയാതെ നിന്റെ ജീവിതത്തിൽ കഷ്ടതകൾ വരുന്നില്ല. ദൈവത്തിന്റെ ഹിതം നിന്നിൽ നിറവേറാൻ സമ്പൂർണമായി സമർപ്പിച്ചു കഴിയുമ്പോൾ നിന്റെ കഷ്ടതയെ തരണം ചെയ്യാൻ ദൈവം നിന്നെ സഹായിക്കും.

എബ്രായർ6:14