Agape

Sunday, 13 April 2025

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ?" ലുക്കോസ് 18:7. നമ്മുടെ പ്രാർത്ഥനയുടെ പല വിഷയങ്ങളും നാം പ്രാർത്ഥിച്ചിട്ടു മറുപടി ലഭിക്കാതെ വരുമ്പോൾ നിരാശപ്പെട്ടു പാതി വഴിയിൽ പ്രാർത്ഥന അവസാനിപ്പിക്കുന്ന അവസ്ഥ നമ്മളിൽ രൂപപ്പെടാറുണ്ട്.നമ്മുടെ പ്രാർത്ഥനയിൽ നിരുത്സാഹം വരുമ്പോൾ 25 വർഷം വാഗ്ദത്ത സന്തതിക്കായി കാത്തിരുന്ന അബ്രഹാമിനെ നാം ഓർക്കേണ്ടത് അത്യാവശ്യം ആണ്. നമ്മുടെ രാവും പകലും ഉള്ള പ്രാർത്ഥനയുടെ നിലവിളി കേട്ട് ദൈവം ഉത്തരം അരുളാത്തത് അല്ല,ദൈവം ദീർഘക്ഷമയോടെ ഏറ്റവും അനുയോജ്യമായ സമയത്ത് അഥവാ തക്കസമയത്ത് നമ്മുടെ പ്രാർത്ഥനയ്ക്ക് മറുപടി അയക്കുവാൻ വേണ്ടിയാണ് . ആ തക്കസമയം വരെ നാം പ്രാർത്ഥനയിൽ തുടരേണ്ടത് അത്യാവശ്യം ആണ് . ദൈവം നമ്മുടെ പ്രാർത്ഥനയ്ക്ക് മറുപടി അയക്കുക തന്നെ ചെയ്യും. നമ്മുടെ പ്രാർത്ഥനയ്ക്ക് ഉത്തരം അരുളുന്ന ഒരു ദൈവം നമുക്ക് ഉണ്ട്. ദൈവത്തിന്റെ സമയം അഥവാ തക്കസമയം വരെ നാം പ്രാർത്ഥനയുടെ മറുപടിക്കായിട്ട് കാത്തിരിക്കേണ്ടതിയിട്ടുണ്ട്.പ്രാർത്ഥനയുടെ മറുപടി ദൈവം അയക്കുന്നത് വരെ മടുത്തുപോകാതെ നാം പ്രാർത്ഥനയിൽ കാത്തിരിക്കേണ്ടത് അത്യാവശ്യം ആണ്. ദൈവത്തിന്റെ സന്നിധിയിൽ മടുത്തുപോകാതെ നീണ്ട നാളുകൾ രാവും പകലും നിലവിളിയോടെ പ്രാർത്ഥിച്ചവരുടെ വിഷയത്തിന് മുമ്പിൽ ദൈവം ഇറങ്ങി വന്നിട്ടുണ്ട്. അബ്രഹാമിന്റ പ്രാർത്ഥനയ്ക്ക് മുമ്പിൽ ഇറങ്ങി വന്ന ദൈവം, ഹന്നായുടെ പ്രാർത്ഥനയ്ക്ക് മുമ്പിൽ ഇറങ്ങി വന്ന ദൈവം,സെഖര്യാവിന്റെയും എലിസബേത്തിന്റെയും പ്രാർത്ഥനയ്ക്ക് മുമ്പിൽ ഇറങ്ങി വന്ന ദൈവം ഇന്നും ജീവിക്കുന്നു.നാം ക്ഷമയോടെ ദൈവസന്നിധിയിൽ കാത്തിരുന്നാൽ ദൈവം നമ്മുടെ പ്രാർത്ഥനയ്ക്ക് ഉത്തരം അരുളുക തന്നെ ചെയ്യും.

Saturday, 12 April 2025

"ആവശ്യവും മറുപടിയും "

ആവശ്യവും മറുപടിയും. "എലിശാ അവളോട് : ഞാൻ നിനക്കു വേണ്ടി എന്തു ചെയ്യേണം? "(2 രാജാക്കന്മാർ 4:2). എലിശായുടെ പ്രവാചകശിഷ്യന്മാരുടെ ഭാര്യമാരിൽ ഒരാൾ എലിശായോട് നിലവിളിച്ചു പറഞ്ഞത് അങ്ങയുടെ ദാസനായ എന്റെ ഭർത്താവു മരിച്ചുപോയി. അങ്ങയുടെ ദാസനായ എന്റെ ഭർത്താവ് യഹോവ ഭക്തനായിരുന്നെല്ലോ എന്നു പറഞ്ഞു. ഇപ്പോൾ കടക്കാരൻ തന്റെ രണ്ടു മക്കളെ പിടിച്ച് അടിമകളാക്കുവാൻ വന്നിരിക്കുന്നു എന്നു എലിശായോട് പറഞ്ഞു. എലിശാ അവളോട്: ഞാൻ നിനക്ക് വേണ്ടി എന്തു ചെയ്യേണം? പറക; വീട്ടിൽ നിനക്ക് എന്തുള്ളു എന്നു ചോദിച്ചു. ഒരു ഭരണി എണ്ണയ്യല്ലാതെ അടിയന്റെ വീട്ടിൽ മറ്റൊന്നും ഇല്ല എന്ന് അവൾ പറഞ്ഞു. അതിനു എലിശാ നീ ചെന്നു നിന്റെ അയൽക്കാരാടൊക്കെയും വെറും പാത്രങ്ങൾ വാങ്ങുക എന്നു പറഞ്ഞു. പിന്നെ നീയും നിന്റെ മക്കളും അകത്തു കയറി വാതിൽ അടച്ചു പാത്രങ്ങളിലൊക്കെയും എണ്ണ പകർന്നു നിറച്ചു വയ്ക്കുക എന്നു പറഞ്ഞു.പ്രവാചക ശിഷ്യന്റെ ഭാര്യ പാത്രങ്ങളിൽ എണ്ണ നിറച്ചു. പാത്രങ്ങളിൽ എണ്ണ നിറച്ചു തീർന്നപ്പോൾ എണ്ണയും തീർന്നു.എണ്ണ തീർന്നപ്പോൾ പ്രവാചക ശിഷ്യന്റെ ഭാര്യ വസ്തുത എലിശായോട് അറിയിച്ചു. എലിശ അവളോട്‌ നീ പോയി എണ്ണ വിറ്റു കടം വീട്ടി ശേഷിപ്പുകൊണ്ട് നീയും മക്കളും ഉപജീവനം കഴിച്ചു കൊൾക എന്നു പറഞ്ഞു. എലിശാ യേശുക്രിസ്തുവിനു പ്രതിപുരുഷൻ ആയി നിലകൊള്ളുന്നു. പ്രിയ ദൈവപൈതലേ നിന്നെ ഭാരപ്പെടുത്തുന്ന വിഷയം എന്തും ആയികൊള്ളട്ടെ പ്രാർത്ഥന യോടെ നീ ദൈവസന്നിധിയിൽ ചെന്നു നിന്റെ സങ്കടം ബോധിപ്പിക്കുക. യേശുക്രിസ്തു നിന്നോട് ഉത്തരം അരുളും. അതു നീ അനുസരിക്കുക. എലിശാ പറഞ്ഞത് പ്രവാചക ശിഷ്യന്റെ ഭാര്യ അനുസരിച്ചപ്പോൾ അവളുടെ കടം വീട്ടുവാനും ശേഷിപ്പ് കൊണ്ടു ഉപജീവനം കഴിക്കുവാനും ഇടയായിതീർന്നു.കർത്താവ് നമ്മോട് പറയുന്നത് നാം അനുസരിക്കുമ്പോൾ നമ്മുടെ വിഷയത്തിനു പരിഹാരമാകും.

Friday, 11 April 2025

"കരുതുന്ന ദൈവം "

കരുതുന്ന ദൈവം. "അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ." 1 പത്രോസ് 5:7 രണ്ടു കാശിനു വിൽക്കുന്ന കുരികിലിനെ പോലും ഓർക്കുന്ന ദൈവം നമ്മെ മറക്കുക ഇല്ല. ദൈവം നമുക്ക് വേണ്ടി അനുനിമിഷവും കരുതുന്നത് കൊണ്ടാണ് നാമിന്നും ജീവനോടെ ഭൂമിയിൽ ശേഷിക്കുന്നത് .ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല. ദൈവം ദോഷമായിട്ടൊന്നും നമ്മുടെ ജീവിതത്തിൽ ചെയ്യുകയും ഇല്ല. ഇപ്പോൾ നമ്മുക്ക് പ്രയാസം എന്നു തോന്നുന്ന വിഷയങ്ങൾ പിന്നത്തേതിൽ അത് ദൈവം അതു നന്മക്കായി മാറ്റും. ഒരു പിതാവ് തന്റെ മക്കളെ പരിപാലിക്കുന്നതുപോലെയാണ് ദൈവം നമ്മെ പരിപാലിക്കുന്നത്. നമ്മുടെ ജീവിതം പിറകിലോട്ട് നോക്കിയാൽ നമുക്ക് തന്നെ മനസിലാകും ദൈവം എത്ര അത്ഭുതകരമായിട്ടാണ് ഇതുവരെ നമ്മെ നടത്തിയത് എന്നുള്ള കാര്യം. ദൈവത്തിന്റെ കരുതൽ അനുദിനം നാം അനുഭവിച്ചറിയുന്നതാണ്.ദൈവത്തിന്റെ കരുതൽ അനുഭവിച്ച നാം നമ്മുടെ സകല ചിന്താകുലവും ദൈവസന്നിധിയിൽ സമർപ്പിക്കുക ദൈവം അതിന് പരിഹാരം വരുത്തുക തന്നെ ചെയ്യും.ദൈവം നമുക്ക് വേണ്ടുന്നതെല്ലാം കരുതി വച്ചിട്ടുണ്ട്. നാം പലതിനെചൊല്ലി വിചാരപ്പെട്ട് മനം കലങ്ങുന്ന വിഷയങ്ങൾ ദൈവസന്നിധിയിൽ പകരുക. ദൈവം അതിനു പരിഹാരം വരുത്തും. നമ്മുടെ ഏതു വിഷയവും പരിഹരിക്കാൻ കഴിയുന്ന ദൈവത്തെ ആണ് നാം സേവിക്കുന്നത്. നാം ആകുലപ്പെട്ടു മനം കലങ്ങി നിരാശപ്പെട്ട് സമയം പാഴാക്കാതെ സർവശക്തനായ ദൈവത്തോട് നമ്മുടെ ആവശ്യങ്ങൾ അറിയിക്കാം. സർവ്വശക്തനായ ദൈവം തക്ക സമയത്ത് നമ്മുടെ വിഷയങ്ങൾക്ക് ഉത്തരം അരുളും. മരുഭൂമിയിൽ യിസ്രായേൽമക്കൾക്ക് മന്ന ദൈവം കൊടുത്തത് അവർ ആവശ്യപ്പെട്ടിട്ടല്ല. മരുഭൂമിയിൽ യിസ്രായേൽ മക്കളെ ദൈവം കാത്തു പരിപാലിച്ചു. അവർക്കു വേണ്ടുന്നത് എല്ലാം ദൈവം അവർക്ക് മരുഭൂമിയിൽ നൽകി. നാമും ഈ ലോകത്തിലെ മരുഭൂ യാത്രയിൽ ആണ് നമുക്ക് വേണ്ടുന്നതെല്ലാം സർവ്വ ശക്തനായ ദൈവം ഒരുക്കി വച്ചിട്ടുണ്ട്. നാം ഒന്നിനെ കുറിച്ചും വിചാരപ്പെടേണ്ട ആവശ്യം ഇല്ല.സ്വർഗീയ കനാനിൽ എത്തുവോളം ദൈവം നമുക്ക് വേണ്ടുന്നതെല്ലാം ഈ മരുയാത്രയിൽ കരുതിവച്ചിട്ടുണ്ട്.

Wednesday, 9 April 2025

"നിലവിളി കേൾക്കുന്ന ദൈവം "

നിലവിളി കേൾക്കുന്ന ദൈവം. "അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽ നിന്നു വിടുവിച്ചു." സങ്കീർത്തനങ്ങൾ 107:6. പലപ്പോഴും നമ്മുടെ ജീവിതത്തിൽ കഷ്ടതയുടെ പരിശോധനകൾ കടന്നു വരുമ്പോൾ നാം നമ്മുടെ ആശ്രയം ദൈവത്തിൽ തന്നെ സമർപ്പിച്ചാൽ കഠിന പരിശോധനളെ തരണം ചെയ്യുവാൻ ദൈവം നമ്മെ സഹായിക്കും. ഇസ്രായേൽ മക്കൾ കഠിന പരിശോധനകളിൽ കൂടി കടന്നുപോയപ്പോഴും അവർ ദൈവത്തോട് നിലവിളിച്ചു.ദൈവം അവരുടെ നിലവിളി കേട്ട് അവരുടെ ഞെരുക്കങ്ങളിൽ നിന്നു അവരെ വിടുവിച്ചു.യിസ്രായേൽ മക്കൾ മരുഭൂമിയിൽ ജനസഞ്ചാരമില്ലാത്ത വഴിയിൽ ഉഴന്നുനടന്നപ്പോൾ ആശ്രയിപ്പാൻ മറ്റു സഹായങ്ങൾ ഇല്ലാതിരുന്നപ്പോൾ ദൈവത്തോട് നിലവിച്ചു ദൈവം അവർക്ക് സഹായമായി തീർന്നു. നമ്മുടെ ജീവിതത്തിലും ആശ്രയിപ്പാൻ മറ്റു സഹായങ്ങൾ ഇല്ല എന്നു തോന്നുന്ന നിമിഷങ്ങൾ വരാം. ആരുടെയും സഹായം ഇല്ല എന്ന് നാം കരുതുന്ന സാഹചര്യങ്ങൾ നമ്മുടെ ജീവിതത്തിൽ കടന്നു വരുമ്പോൾ ദൈവത്തിങ്കലേക്ക് തന്നെ നമ്മുടെ കണ്ണുകൾ ഉയിർത്തുക. കഷ്ടതയുടെ കഠിന ശോധനകളിൽ കൂടി നാം കടന്നു പോകുമ്പോൾ നമ്മെ സഹായിക്കാൻ ആരും മുന്നോട്ട് വരാതിരിക്കുമ്പോൾ ആശ്രയം ദൈവത്തിങ്കലേക്ക് തന്നെ വയ്ക്കുക.യിസ്രായേൽ മക്കളെ മരുഭൂമിയിൽ സഹായിക്കുവാൻ ആരുമില്ലായിരുന്നു. മരുഭൂമിയിൽ ദൈവത്തോട് അവർ നിലവിളിച്ചപ്പോൾ ദൈവം യിസ്രായേൽ മക്കളുടെ നിലവിളി കേട്ട് ഇറങ്ങി വന്നു.നാമും ദൈവത്തോട് നിലവിളിച്ചാൽ നിശ്ചയമായും ദൈവം നമുക്ക് വേണ്ടി ഇറങ്ങിവരും. നമ്മുടെ ആശ്രയം മനുഷ്യരിലേക്ക് ആകാതെ ദൈവത്തിങ്കലേക്കു തന്നെ ആയിത്തീരട്ടെ. നമ്മുടെ ജീവിതത്തിൽ മരുഭൂമി പോലെയുള്ള വിഷയങ്ങൾ കടന്നുവന്നാലും നാം പ്രാർത്ഥനയോടെ ദൈവത്തോട് നിലവിളിച്ചാൽ ദൈവം നമുക്ക് വേണ്ടി ഇറങ്ങി വരും. നമ്മുടെ മുമ്പിൽ ഒരു പ്രതീക്ഷയും ഇല്ലാതിരിക്കാം, എങ്കിലും ദൈവത്തോട് നിലവിളിച്ചാൽ ദൈവം ഉത്തരം ആരുളുക തന്നെ ചെയ്യും. മരുഭൂമി പോലെ ഒരു പ്രതീക്ഷയും ഇല്ലാത്ത സാഹചര്യങ്ങളിൽ കൂടിയാണ് നാം കടന്നു പോകുന്നതെങ്കിലും നാം ദൈവസന്നിധിയിൽ നിലവിളിയോടെ പ്രാർത്ഥിച്ചാൽ ദൈവം നമ്മുക്ക് ഉത്തരമരുളുക തന്നെ ചെയ്യും.ഇപ്പോൾ നമ്മുടെ മുമ്പിലുള്ളത് ഒരു പ്രതീക്ഷയുമില്ലാത്ത വിഷയങ്ങൾ ആണെങ്കിൽ പോലും നാം ദൈവത്തോട് നിലവിളിച്ചാൽ ദൈവം നമ്മുടെ ഞെരുക്കങ്ങളിൽ നിന്ന് നമ്മെ വിടുവിക്കുക തന്നെ ചെയ്യും.

Tuesday, 8 April 2025

"അസാധ്യതയിൽ പ്രവർത്തിക്കുന്ന ദൈവം "

അസാധ്യതയിൽ പ്രവർത്തിക്കുന്ന ദൈവം . "മരുഭൂമിയെ ഞാൻ നീർപ്പൊയ്കയും വരണ്ട നിലത്തെ നീരുറവുകളും ആക്കും." യെശയ്യാവ്‌ 41:18. മരുഭൂമി പോലെ ഒരു പ്രതീക്ഷയ്ക്കും സാധ്യതയില്ല എന്നു മനുഷ്യർ വിധി പറഞ്ഞതിനെ ദൈവത്തിനു നീർപ്പൊയ്കയാക്കി മാറ്റുവാൻ സാധിക്കും. ദൈവത്തിന്റെ പ്രവർത്തി ഒരു വ്യക്തിയിൽ ആരംഭിച്ചു കഴിഞ്ഞാൽ മരുഭൂമി പോലെ ഒരു സാധ്യതയും ആ വ്യക്തിയിൽ ഇല്ലെങ്കിലും ദൈവം ആ വ്യക്തിയെ മറ്റുള്ളവർക്ക് പ്രയോജനമുള്ളവൻ ആക്കി മാറ്റുവാൻ ശക്തനാണ്. ലോകത്തിന്റെ മുമ്പിൽ മനുഷ്യർ ഒന്നിനും കൊള്ളില്ല എന്നു വിധി എഴുതിയാലും വരണ്ട നിലത്തെ നീരുറവ ആക്കിയതുപോലെ ദൈവം ആ വ്യക്തിയെ മാന്യൻ ആക്കി മാറ്റുവാൻ ശക്തനാണ് . മനുഷ്യർ തള്ളി കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നത് പോലെ, ഇന്ന് മരുഭൂമി പോലെ നിന്ദയും അപമാനവും ആണെങ്കിൽ പോലും ദൈവം ആ വ്യക്തിയെ മാന്യത ഉള്ളവൻ ആക്കി മാറ്റുക തന്നെ ചെയ്യും. മരുഭൂമിയിൽ ജലത്തിന് ഒരു സാധ്യതയും ഇല്ലെങ്കിലും ദൈവം ആ മരുഭൂമിയെ നീർ തടാകം ആക്കി മാറ്റുവാൻ ശക്തനാണ്. ഒരു പ്രതീക്ഷയ്ക്കും സാധ്യത ഇല്ലാത്തവരിൽ ദൈവത്തിനു അത്ഭുതം പ്രവർത്തിക്കുവാൻ സാധിക്കും.

Monday, 7 April 2025

"കഷ്ടകാലത്തു ഉത്തരം അരുളുന്ന ദൈവം "

കഷ്ടകാലത്തു ഉത്തരം അരുളുന്ന ദൈവം. "കഷ്ടകാലത്ത് എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിന്നെ വിടുവിക്കയും നീ എന്നെ മഹത്ത്വപ്പെടുത്തുകയും ചെയ്യും."(സങ്കീർത്തനങ്ങൾ 50:15) ജീവിതത്തിൽ കഷ്ടത അഥവാ കഷ്ടകാലം ഇല്ലാത്ത ഒരു വ്യക്തി പോലും ഭൂമിയിൽ ഇല്ല. കുടിൽ തൊട്ട് കൊട്ടാരത്തിൽ വരെ ജീവിക്കുന്നവർ പല തരത്തിൽ ഉള്ള കഷ്ടതയിൽ കൂടി കടന്നു പോകേണ്ടി വരും.ദൈവത്തിൽ ആശ്രയിക്കുന്ന മനുഷ്യൻ തന്റെ ജീവിതത്തിൽ കഷ്ടത വരുമ്പോൾ തന്റെ കണ്ണുകൾ ദൈവത്തിങ്കലേക്കു ഉയിർത്തുന്നു.ദൈവം തന്റെ ഭക്തന്റെ അപേക്ഷ കേട്ടു അവനെ അവന്റെ കഷ്ടത്തിൽ നിന്ന് വിടുവിക്കുന്നു.ദൈവ ഭക്തൻ തന്റെ കഷ്ടത്തിൽ നിന്ന് ദൈവം തന്നെ വിടുവിച്ചതിനു ദൈവത്തിനു നന്ദി അർപ്പിക്കുകയും ചെയ്യുന്നു. യഥാർത്ഥ ദൈവ ഭക്തൻ തന്റെ കഷ്ടകാലത്തു ദൈവത്തിൽ മറയുന്നു.യോസെഫിന്റെ ജീവിതത്തിൽ കഷ്ടത കടന്നു വന്നപ്പോൾ യോസേഫ് തന്റെ ഭവനം വിട്ട് അന്യദേശത്തു അടിമയായി പാർക്കേണ്ടി വന്നു. പിന്നീട് കാരാഗ്രഹത്തിൽ വസിക്കേണ്ടി വന്നു.യോസെഫിന്റെ കഷ്ടകാലത്തിൽ യോസേഫ് തന്റെ ദൈവത്തിൽ ആശ്രയിച്ചു. യോസേഫിന്റെ കഷ്ടകാലത്തിൽ ദൈവം യോസെഫിനോട് കൂടെ ഇരുന്നു.ദൈവം യോസെഫിനെ അവന്റെ കഷ്ടത്തിൽ നിന്ന് വിടുവിച്ച് മിസ്രയിമിലെ രണ്ടാമൻ ആക്കി മാറ്റി. പ്രിയരേ, ജീവിതത്തിൽ കഷ്ടത വന്നു എന്നു കരുതി തളർന്നു പോകരുത്. കഷ്ടത ജീവിതത്തിൽ വരുമ്പോൾ ദൈവത്തിങ്കലേക്ക് തന്നെ നിങ്ങളുടെ കണ്ണുകൾ ഉയർത്തുക. ദൈവത്തിൽ തന്നെ ആശ്രയിക്കുക.ദൈവം നിങ്ങളെ നിങ്ങളുടെ കഷ്ടത്തിൽ നിന്ന് വിടുവിക്കും.

Sunday, 6 April 2025

"ദൈവദൂതന്മാരുടെ സംരക്ഷണം "

ദൈവദൂതന്മാരുടെ സംരക്ഷണം. "യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു. "(സങ്കീർത്തനങ്ങൾ 34:7) ജീവിതത്തിൽ പ്രതിക്കൂലങ്ങൾ കടന്നു വരുമ്പോൾ ഇനി എങ്ങനെ മുന്നോട്ടു പോകും എന്നു വിചാരിച്ചു ഭാരപ്പെടുമ്പോൾ ഒന്നോർക്കുക,ഏതു പ്രതികൂലത്തിന്റെ നടുവിലും ദൈവം നമുക്ക് വേണ്ടി ഇറങ്ങി വരും.ദാനിയേൽ സിംഹങ്ങളുടെ ഗുഹയിൽ വീണപ്പോൾ,ദൈവ ദൂതന്മാർ സിംഹങ്ങളുടെ ഗുഹയിൽ ഇറങ്ങി വന്നു ദാനിയേലിനെ വിടുവിച്ചു.മാനുഷികമായി ചിന്തിച്ചാൽ സിംഹങ്ങളുടെ ഗുഹയിൽ നിന്ന് ഒരു മനുഷ്യൻ രക്ഷപ്പെടുക ആസാധ്യമാണ്.മനുഷ്യർക്ക് ആസാധ്യമായ മണ്ഡലങ്ങളിൽ ദൈവദൂതന്മാർ ഇറങ്ങി വന്നു ദൈവ ഭക്തന്മാരെ വിടുവിക്കും. ദാനിയേലിനെ സിംഹങ്ങളുടെ ഗുഹയിൽ നിന്ന് രക്ഷിച്ച ദൈവം നമ്മോട് കൂടെയുണ്ട്.ദാനിയേലിനെ സിംഹങ്ങളുടെ ഗുഹയിൽ നിന്ന് വിടുവിച്ച ദൈവം നമ്മെയും നമ്മുടെ പ്രതികൂലത്തിൽ നിന്നു വിടുവിപ്പാൻ ശക്തനാണ്. ചിലപ്പോൾ നമ്മുടെ മുന്നിലുള്ള സാധ്യതകൾ മുഴുവൻ അസ്‌തമിച്ചേക്കാം. മാനുഷികമായി ചിന്തിക്കുമ്പോൾ ഇനി നമ്മുടെ മുന്നിൽ ഒരു വഴിയും കണ്ടില്ലെന്നു വരാം.നമുക്ക് അസാധ്യമായ ഏതു മണ്ഡലങ്ങളിൽ നിന്നും നമ്മെ വിടുവിക്കുവാൻ ദൈവം തന്റെ ദൂതന്മാരെ നമ്മുക്ക് വേണ്ടി കല്പിച്ചാക്കിയിട്ടുണ്ട്. സിംഹങ്ങളുടെ ഗുഹയിൽ ദാനിയേൽ വീഴുന്നതിനു മുമ്പ് തന്നെ ദൈവദൂതന്മാർ സിംഹങ്ങളുടെ ഗുഹയിൽ ഇറങ്ങിവന്ന് സിംഹങ്ങളുടെ വായടച്ചിരുന്നു.ദൈവത്തിന്റെ ദൂതന്മാർ ഇന്നും നമ്മുക്ക് ചുറ്റും പാളയമിറങ്ങി നമ്മെ വിടുവിക്കും.നമ്മുടെ മുമ്പിലുള്ള പ്രതിക്കൂലങ്ങൾ എത്ര വലുതായികൊള്ളട്ടെ നാം ദൈവ സന്നിധിയിൽ വിശ്വസ്തർ ആയിരുന്നാൽ ദൈവ ദൂതന്മാർ നമ്മെ വിടുവിക്കുവാൻ ഇന്നും ഇറങ്ങിവരും.നാം ഒരു പ്രതികൂലത്തിൽ അകപ്പെട്ട് എന്നു വിചാരിച്ചു നിരാശപ്പെട്ടു പോകരുത്. നമ്മെ സഹായിപ്പാൻ ദൈവ ദൂതന്മാരെ ദൈവം കല്പിച്ചാക്കിയിട്ടുണ്ട്. ദൈവദൂതമാർ നമ്മുടെ ചുറ്റും പാളയമിറങ്ങി നമ്മെ ഏതു പ്രതികൂലത്തിൽ നിന്നും വിടുവിക്കും.

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...