Agape

Friday 13 October 2023

"മാതാപിതാക്കൾ ക്രിസ്തീയ മാർഗത്തിൽ തലമുറകളെ വാർത്തെടുക്കണം."

മാതാപിതാക്കൾ ക്രിസ്തീയ മാർഗത്തിൽ തലമുറകളെ വാർത്തെടുക്കണം. മാതാപിതാക്കൾ ഇന്നു തലമുറകളെ ദൈവവചനം അഭ്യസിപ്പിക്കുന്നതിൽ ഉപരി വിദ്യാഭാസപരമായി എത്രത്തോളം അവരെ അഭ്യസിപ്പിക്കാം എന്നതിൽ ആണ് ശ്രദ്ധ ഊന്നുന്നത്. അതിന്റെ പരിണിത ഫലം തലമുറകൾ ദൈവത്തിൽ നിന്നകന്നു ലോകമോഹങ്ങളിലും മറ്റും കുടുങ്ങി പാപത്തിന് വിധേയപ്പെട്ട് ആരെയും ഭയമില്ലാതെ വളർന്നു വരുന്നവർ ആയിട്ടാണ് നമ്മുടെ മുമ്പിൽ ശേഷിക്കുന്നത്. വിദ്യാഭ്യാസം നല്ലതാണ് അതിനോടൊപ്പം ദൈവവചനവും പഠിപ്പിക്കുക. കേവലം സൺ‌ഡേസ്കൂളിന് വാക്യം പറയാൻ പഠിപ്പിക്കുന്നതിൽ ഉപരി ദൈവവുമായിട്ട് വ്യക്തിപരമായി ബന്ധം സ്ഥാപിക്കാൻ ചെറുപ്രായം മുതൽ കുഞ്ഞുങ്ങളെ ശീലിപ്പിച്ചാൽ ഭവനത്തിനും സഭയ്ക്കും ദേശത്തിനും രാജ്യത്തിനും ഒരു അനുഗ്രഹിക്കപ്പെട്ട തലമുറയെ വാർത്തെടുക്കാൻ സാധിക്കും. മാതാവിനും പിതാവിനും ഒരേപോലെ പങ്കുണ്ട് തലമുറകളെ വാർത്തെടുക്കുന്നതിൽ. ഓരോ കുട്ടിയും തങ്ങളുടെ മാതാപിതാക്കൾ ചെയ്യുന്നത് കണ്ടാണ് വളർന്നു വരുന്നത്. മാതാപിതാക്കൾ തലമുറകൾക്ക് മാതൃക ആയിരിക്കണം. അല്ലെങ്കിൽ നാളെ തലമുറ നിങ്ങൾക്ക് നേരെ വിരൽ ചൂണ്ടും.ലോകം വല്ലാതെ മാറിപ്പോയി. വഷളത്വത്തിന്റെയും മ്ലേച്ഛതയുടെയും ലോകത്ത് എങ്ങനെ അതിൽ പെടാതെ ജീവിക്കണമെങ്കിൽ ദൈവവുമായി വ്യക്തിപരമായി ബന്ധം പുലർത്തിയാലേ അത് സാധ്യമാകു . ഇന്നു പല പെന്തകോസ്ത് തലമുറകളും മാതൃക ഇല്ലാതെ ജീവിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് അവരുടെ മാതാപിതാക്കളും ദൈവസഭയുമാണ്. ഇപ്പോഴത്തെ സ്ഥിതിയിൽ ദൈവസഭകൾ പോയാൽ കാലങ്ങൾ കഴിയുമ്പോൾ അമേരിക്കയിലെ പോലെ ഇന്ത്യയിലെയും ദൈവ സഭകൾ ആയി തീരും. ഒരു കാലത്ത് ദൈവത്തിന് വേണ്ടി നിലകൊണ്ട പല രാജ്യങ്ങളും സോദോമിനെകാളും ഗോമേറെയേക്കാളും പരിതാപകരമായി മാറിയെങ്കിൽ നമ്മുടെ സഭകളും കാലങ്ങൾ കഴിയുമ്പോൾ അപ്രകാരം ആയിക്കൂടാ എന്നു പറയുന്നതിൽ അതിശയോക്തിയില്ല. നമുക്ക് ഇനിയും സമയം ബാക്കിയുണ്ട് നമ്മുടെ തലമുറകളെ നേർവഴിയിൽ നയിക്കാൻ. അന്യസംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും വിദ്യാഭാസത്തിനും മറ്റും പോകുന്ന നമ്മുടെ തലമുറ വിശുദ്ധിയിൽ ആണോ ജീവിക്കുന്നത് എന്ന് മാതാപിതാക്കാളും സഭകളും ആരായേണ്ടതുണ്ട്. വരും തലമുറയെ ക്രിസ്തീയ മാർഗത്തിൽ വളർത്തികൊണ്ട് വന്നില്ല എങ്കിൽ ദൈവം മാതാപിതാക്കളോടും സഭയോടും കണക്കു ചോദിക്കുന്ന ഒരു ദിവസം ഉണ്ട്.ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല(സദൃശ്യവാക്യങ്ങൾ 22:6). അപ്പോൾ മാതാപിതാക്കൾ തങ്ങളുടെ മക്കളെ ദൈവീക മാർഗത്തിൽ നടക്കാൻ പരിശീലിപ്പിക്കുക എന്നത് ദൈവം എടുത്തു പറയുകയാണ്.അതു ദൈവത്തിന്റെ കല്പന ആണ്. നമ്മുടെ മുമ്പിൽ ശേഷിക്കുന്ന സമയം തലമുറകൾക്കായി പ്രാർത്ഥിക്കാം.കർത്താവും പറഞ്ഞത് നിങ്ങളുടെ തലമുറകളെ ഓർത്തു കരയുവിൻ എന്നാണ്.സഭകൾ, കുടുംബങ്ങൾ, ക്രിസ്തീയ യുവജന പ്രസ്ഥാനങ്ങൾക്ക് ഒക്കെ വലിയ പങ്കു വഹിക്കാനുണ്ട് തലമുറകളുടെ ആത്മീയ ജീവിതം കെട്ടിപ്പെടുത്താൻ. ഭൗതിക നേട്ടങ്ങൾ കൈവരിക്കുന്നതിൽ ഉപരി ആത്മീയമായി വളരുവാൻ തലമുറയെ പ്രോത്സാഹിപ്പിക്കുക.ദൈവത്തെ നോക്കി യാത്ര തിരിച്ച ഒരു തലമുറയെയും ലജ്ജിക്കപെടുവാൻ ദൈവം ഇടവരുത്തിയിട്ടില്ല.യഹോവഭക്തി ഞാനത്തിന്റ ആരംഭം ആകുന്നു എന്നാണ് ദൈവവചനം പഠിപ്പിക്കുന്നത്. ദൈവ ഭയത്തോടെ ചെറുപ്രായത്തിലെ തലമുറകളെ വളർത്തിക്കൊണ്ടുവന്നാൽ വളർന്നു വലുതായാലും ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയും ഉണ്ടായിരിക്കും. ഇന്ന് തലമുറകൾക്ക് ഇല്ലാത്ത ഒരു കാര്യം കൂടിയാണ് ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയും. കൃത്യമായ ശിക്ഷണം ഭവനത്തിലും സഭയിലും തലമുറകൾക്ക് ലഭിച്ചാൽ അവർ ഒരിക്കലും വഴിതെറ്റി പോകയില്ല. ഒരു തെറ്റ് ചെയ്യുവാൻ തുടങ്ങുമ്പോൾ ദൈവവചനം അവരുടെ ഹൃദയത്തിൽ ഇരുന്നു അവരോട് സംസാരിക്കും. കേവലം ചടങ്ങ് തീർക്കുന്നത് പോലെ ആകരുത് സൺ‌ഡേസ്കൂൾ. സൺ‌ഡേസ്കൂൾ പഠിച്ചു നല്ല മാർക്ക് വാങ്ങുന്നത് നല്ലതാണ്. അതിലുപരി ജീവിതത്തിൽ കൂടി ദൈവത്തെ വരച്ചുകാട്ടുന്നവർ ആയിതീർന്നാൽ മാത്രമേ ക്രിസ്തുയേശുവിന്റെ നല്ല ഭടനായി തീരുവാൻ സാധിക്കു.

No comments:

Post a Comment

"ജീവിതത്തിനു നേരെ വൻ പ്രശ്നങ്ങൾ ആഞ്ഞടിക്കുമ്പോൾ അഭയമായി യേശു നാഥൻ ഉണ്ട്."

ജീവിതത്തിനു നേരെ വൻ പ്രശ്നങ്ങൾ ആഞ്ഞടിക്കുമ്പോൾ അഭയമായി യേശു നാഥൻ ഉണ്ട്. നമ്മുടെ ഈ ലോക യാത്രയിൽ ജീവിതത്തിനു നേരെ വൻ തിരകൾ പോലുള്ള പ്രശ്നങ്ങൾ ...