Agape

Tuesday, 8 April 2025

"അസാധ്യതയിൽ പ്രവർത്തിക്കുന്ന ദൈവം "

അസാധ്യതയിൽ പ്രവർത്തിക്കുന്ന ദൈവം . "മരുഭൂമിയെ ഞാൻ നീർപ്പൊയ്കയും വരണ്ട നിലത്തെ നീരുറവുകളും ആക്കും." യെശയ്യാവ്‌ 41:18. മരുഭൂമി പോലെ ഒരു പ്രതീക്ഷയ്ക്കും സാധ്യതയില്ല എന്നു മനുഷ്യർ വിധി പറഞ്ഞതിനെ ദൈവത്തിനു നീർപ്പൊയ്കയാക്കി മാറ്റുവാൻ സാധിക്കും. ദൈവത്തിന്റെ പ്രവർത്തി ഒരു വ്യക്തിയിൽ ആരംഭിച്ചു കഴിഞ്ഞാൽ മരുഭൂമി പോലെ ഒരു സാധ്യതയും ആ വ്യക്തിയിൽ ഇല്ലെങ്കിലും ദൈവം ആ വ്യക്തിയെ മറ്റുള്ളവർക്ക് പ്രയോജനമുള്ളവൻ ആക്കി മാറ്റുവാൻ ശക്തനാണ്. ലോകത്തിന്റെ മുമ്പിൽ മനുഷ്യർ ഒന്നിനും കൊള്ളില്ല എന്നു വിധി എഴുതിയാലും വരണ്ട നിലത്തെ നീരുറവ ആക്കിയതുപോലെ ദൈവം ആ വ്യക്തിയെ മാന്യൻ ആക്കി മാറ്റുവാൻ ശക്തനാണ് . മനുഷ്യർ തള്ളി കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നത് പോലെ, ഇന്ന് മരുഭൂമി പോലെ നിന്ദയും അപമാനവും ആണെങ്കിൽ പോലും ദൈവം ആ വ്യക്തിയെ മാന്യത ഉള്ളവൻ ആക്കി മാറ്റുക തന്നെ ചെയ്യും. മരുഭൂമിയിൽ ജലത്തിന് ഒരു സാധ്യതയും ഇല്ലെങ്കിലും ദൈവം ആ മരുഭൂമിയെ നീർ തടാകം ആക്കി മാറ്റുവാൻ ശക്തനാണ്. ഒരു പ്രതീക്ഷയ്ക്കും സാധ്യത ഇല്ലാത്തവരിൽ ദൈവത്തിനു അത്ഭുതം പ്രവർത്തിക്കുവാൻ സാധിക്കും.

Monday, 7 April 2025

"കഷ്ടകാലത്തു ഉത്തരം അരുളുന്ന ദൈവം "

കഷ്ടകാലത്തു ഉത്തരം അരുളുന്ന ദൈവം. "കഷ്ടകാലത്ത് എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിന്നെ വിടുവിക്കയും നീ എന്നെ മഹത്ത്വപ്പെടുത്തുകയും ചെയ്യും."(സങ്കീർത്തനങ്ങൾ 50:15) ജീവിതത്തിൽ കഷ്ടത അഥവാ കഷ്ടകാലം ഇല്ലാത്ത ഒരു വ്യക്തി പോലും ഭൂമിയിൽ ഇല്ല. കുടിൽ തൊട്ട് കൊട്ടാരത്തിൽ വരെ ജീവിക്കുന്നവർ പല തരത്തിൽ ഉള്ള കഷ്ടതയിൽ കൂടി കടന്നു പോകേണ്ടി വരും.ദൈവത്തിൽ ആശ്രയിക്കുന്ന മനുഷ്യൻ തന്റെ ജീവിതത്തിൽ കഷ്ടത വരുമ്പോൾ തന്റെ കണ്ണുകൾ ദൈവത്തിങ്കലേക്കു ഉയിർത്തുന്നു.ദൈവം തന്റെ ഭക്തന്റെ അപേക്ഷ കേട്ടു അവനെ അവന്റെ കഷ്ടത്തിൽ നിന്ന് വിടുവിക്കുന്നു.ദൈവ ഭക്തൻ തന്റെ കഷ്ടത്തിൽ നിന്ന് ദൈവം തന്നെ വിടുവിച്ചതിനു ദൈവത്തിനു നന്ദി അർപ്പിക്കുകയും ചെയ്യുന്നു. യഥാർത്ഥ ദൈവ ഭക്തൻ തന്റെ കഷ്ടകാലത്തു ദൈവത്തിൽ മറയുന്നു.യോസെഫിന്റെ ജീവിതത്തിൽ കഷ്ടത കടന്നു വന്നപ്പോൾ യോസേഫ് തന്റെ ഭവനം വിട്ട് അന്യദേശത്തു അടിമയായി പാർക്കേണ്ടി വന്നു. പിന്നീട് കാരാഗ്രഹത്തിൽ വസിക്കേണ്ടി വന്നു.യോസെഫിന്റെ കഷ്ടകാലത്തിൽ യോസേഫ് തന്റെ ദൈവത്തിൽ ആശ്രയിച്ചു. യോസേഫിന്റെ കഷ്ടകാലത്തിൽ ദൈവം യോസെഫിനോട് കൂടെ ഇരുന്നു.ദൈവം യോസെഫിനെ അവന്റെ കഷ്ടത്തിൽ നിന്ന് വിടുവിച്ച് മിസ്രയിമിലെ രണ്ടാമൻ ആക്കി മാറ്റി. പ്രിയരേ, ജീവിതത്തിൽ കഷ്ടത വന്നു എന്നു കരുതി തളർന്നു പോകരുത്. കഷ്ടത ജീവിതത്തിൽ വരുമ്പോൾ ദൈവത്തിങ്കലേക്ക് തന്നെ നിങ്ങളുടെ കണ്ണുകൾ ഉയർത്തുക. ദൈവത്തിൽ തന്നെ ആശ്രയിക്കുക.ദൈവം നിങ്ങളെ നിങ്ങളുടെ കഷ്ടത്തിൽ നിന്ന് വിടുവിക്കും.

Sunday, 6 April 2025

"ദൈവദൂതന്മാരുടെ സംരക്ഷണം "

ദൈവദൂതന്മാരുടെ സംരക്ഷണം. "യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു. "(സങ്കീർത്തനങ്ങൾ 34:7) ജീവിതത്തിൽ പ്രതിക്കൂലങ്ങൾ കടന്നു വരുമ്പോൾ ഇനി എങ്ങനെ മുന്നോട്ടു പോകും എന്നു വിചാരിച്ചു ഭാരപ്പെടുമ്പോൾ ഒന്നോർക്കുക,ഏതു പ്രതികൂലത്തിന്റെ നടുവിലും ദൈവം നമുക്ക് വേണ്ടി ഇറങ്ങി വരും.ദാനിയേൽ സിംഹങ്ങളുടെ ഗുഹയിൽ വീണപ്പോൾ,ദൈവ ദൂതന്മാർ സിംഹങ്ങളുടെ ഗുഹയിൽ ഇറങ്ങി വന്നു ദാനിയേലിനെ വിടുവിച്ചു.മാനുഷികമായി ചിന്തിച്ചാൽ സിംഹങ്ങളുടെ ഗുഹയിൽ നിന്ന് ഒരു മനുഷ്യൻ രക്ഷപ്പെടുക ആസാധ്യമാണ്.മനുഷ്യർക്ക് ആസാധ്യമായ മണ്ഡലങ്ങളിൽ ദൈവദൂതന്മാർ ഇറങ്ങി വന്നു ദൈവ ഭക്തന്മാരെ വിടുവിക്കും. ദാനിയേലിനെ സിംഹങ്ങളുടെ ഗുഹയിൽ നിന്ന് രക്ഷിച്ച ദൈവം നമ്മോട് കൂടെയുണ്ട്.ദാനിയേലിനെ സിംഹങ്ങളുടെ ഗുഹയിൽ നിന്ന് വിടുവിച്ച ദൈവം നമ്മെയും നമ്മുടെ പ്രതികൂലത്തിൽ നിന്നു വിടുവിപ്പാൻ ശക്തനാണ്. ചിലപ്പോൾ നമ്മുടെ മുന്നിലുള്ള സാധ്യതകൾ മുഴുവൻ അസ്‌തമിച്ചേക്കാം. മാനുഷികമായി ചിന്തിക്കുമ്പോൾ ഇനി നമ്മുടെ മുന്നിൽ ഒരു വഴിയും കണ്ടില്ലെന്നു വരാം.നമുക്ക് അസാധ്യമായ ഏതു മണ്ഡലങ്ങളിൽ നിന്നും നമ്മെ വിടുവിക്കുവാൻ ദൈവം തന്റെ ദൂതന്മാരെ നമ്മുക്ക് വേണ്ടി കല്പിച്ചാക്കിയിട്ടുണ്ട്. സിംഹങ്ങളുടെ ഗുഹയിൽ ദാനിയേൽ വീഴുന്നതിനു മുമ്പ് തന്നെ ദൈവദൂതന്മാർ സിംഹങ്ങളുടെ ഗുഹയിൽ ഇറങ്ങിവന്ന് സിംഹങ്ങളുടെ വായടച്ചിരുന്നു.ദൈവത്തിന്റെ ദൂതന്മാർ ഇന്നും നമ്മുക്ക് ചുറ്റും പാളയമിറങ്ങി നമ്മെ വിടുവിക്കും.നമ്മുടെ മുമ്പിലുള്ള പ്രതിക്കൂലങ്ങൾ എത്ര വലുതായികൊള്ളട്ടെ നാം ദൈവ സന്നിധിയിൽ വിശ്വസ്തർ ആയിരുന്നാൽ ദൈവ ദൂതന്മാർ നമ്മെ വിടുവിക്കുവാൻ ഇന്നും ഇറങ്ങിവരും.നാം ഒരു പ്രതികൂലത്തിൽ അകപ്പെട്ട് എന്നു വിചാരിച്ചു നിരാശപ്പെട്ടു പോകരുത്. നമ്മെ സഹായിപ്പാൻ ദൈവ ദൂതന്മാരെ ദൈവം കല്പിച്ചാക്കിയിട്ടുണ്ട്. ദൈവദൂതമാർ നമ്മുടെ ചുറ്റും പാളയമിറങ്ങി നമ്മെ ഏതു പ്രതികൂലത്തിൽ നിന്നും വിടുവിക്കും.

Saturday, 5 April 2025

"വിശ്വാസവും സ്വസ്ഥതയും "

വിശ്വാസവും സ്വസ്ഥതയും "അവൻ അവളോടു: മകളെ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു ;സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥമായിരിക്ക എന്നു പറഞ്ഞു."(മർക്കൊസ് 6:34). പന്ത്രണ്ടു സംവത്സരമായിട്ടു രക്‌തസ്രവമുള്ള സ്ത്രീ പല വൈദ്യൻമാരുടെ അടുക്കൽ പോയി പലതരത്തിലുള്ള ചികിത്സകൾ ചെയ്തിട്ടും തനിക്കുള്ള സമ്പത്തൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും സുഖം പ്രാപിക്കാതെ ഭാരപ്പെട്ടിരിക്കുന്ന വേളയിൽ ആണ് ആ സ്ത്രീ യേശു ചെയ്യുന്ന അത്ഭുതങ്ങളെ കുറിച്ച് കേട്ടത്. യേശു ചെയ്യുന്ന അത്ഭുതങ്ങളെകുറിച്ച് കേട്ടപ്പോൾ ആ സ്ത്രീ യുടെ വിശ്വാസം വർധിച്ചു. യേശുവിന്റെ വസ്ത്രം എങ്കിലും തൊട്ടാൽ താൻ സൗഖ്യം പ്രാപിക്കുമെന്നുള്ള സ്ത്രീയുടെ വിശ്വാസം മൂലം പുരുഷാരത്തിൽ കൂടി പുറകിൽ വന്നു യേശുവിന്റെ വസ്ത്രം തൊട്ടു. ക്ഷണത്തിൽ അവളുടെ രക്തസ്രവം നിന്നു.ബാധ മാറി താൻ സ്വസ്ഥയായി എന്ന് അവൾ ശരീരത്തിൽ അറിഞ്ഞു. പന്ത്രണ്ടു സംവത്സരമായിട്ട് ഒരു രോഗബാധ ആയിരുന്നു ആ സ്ത്രീയെ അലട്ടിരിയുന്നത്. യേശുവിൽ ഉള്ള വിശ്വാസം ആ സ്ത്രീയിൽ വർധിച്ചപ്പോൾ ആ സ്ത്രീ യേശുവിന്റെ വസ്ത്രത്തിൽ തൊടുകയും ആ ബാധ അവളെ വിട്ടുമാറി അവൾ സ്വസ്ഥയായി തീരുകയും ചെയ്തു. പ്രിയരെ,നിങ്ങളെ നീണ്ട വർഷങ്ങളായി അലട്ടുന്ന രോഗബാധയിൽ നിന്നു യേശുക്രിസ്തു നിങ്ങളെ സൗഖ്യമാക്കും.യേശുക്രിസ്തുവിൽ ഉള്ള നിങ്ങളുടെ വിശ്വാസം വർധിക്കട്ടെ.

"അസാധ്യതയിൽ പ്രവർത്തിക്കുന്ന ദൈവം "

അസാധ്യതയിൽ പ്രവർത്തിക്കുന്ന ദൈവം . "മരുഭൂമിയെ ഞാൻ നീർപ്പൊയ്കയും വരണ്ട നിലത്തെ നീരുറവുകളും ആക്കും." യെശയ്യാവ്‌ 41:18. മരുഭൂമി ...