Agape

Wednesday, 31 May 2023

"ഒരു നാളും ഉപേക്ഷിക്കാത്ത ദൈവം."

ഒരു നാളും ഉപേക്ഷിക്കാത്ത ദൈവം.
ആരെല്ലാം ഉപേക്ഷിച്ചാലും ഉപേക്ഷിക്കാത്ത ദൈവത്തെ ആണ് നാം സേവിക്കുന്നത്. കാലാ കാലങ്ങളിൽ നമ്മെ ഉപേക്ഷിച്ചു അനേകർ കടന്നു പോകും. അത് മനുഷ്യ സഹജം ആണ്. ഇന്നലെ നമ്മളുടെ സഹായത്തിനും ആശ്വാസത്തിനുമായി കൂടെയുണ്ടായിരുന്നവർ ഇന്നു നമ്മോട് കൂടെ ഉണ്ടാകണമെന്നില്ല.പക്ഷേ സൃഷ്ടിതാവിന് നമ്മെ മറക്കുവാൻ കഴിയുമോ. ബൈബിളിൽ ഇപ്രകാരം പറയുന്നു എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും. ജന്മം തന്ന മാതാപിതാക്കൾ ഉപേക്ഷിച്ചാലും സൃഷ്ടിതാവിന് നമ്മെ ഉപേക്ഷിപ്പാൻ സാധ്യമല്ല. ഭൂമിയിൽ സ്നേഹബന്ധത്തിന്റെ പരകോടിയിൽ നിൽക്കുന്ന മാതാവും പിതാവും ഉപേക്ഷിച്ചാലും ദൈവം എല്ലാ കാലവും ചേർത്തണയ്ക്കും.

Tuesday, 30 May 2023

"യഹോവ കരുതികൊള്ളും."

യഹോവ കരുതി കൊള്ളും
ഈ ഭൂമിയിൽ വസിക്കുമ്പോൾ നിനക്ക് വേണ്ടുന്നത് ദൈവം കരുതീട്ടുണ്ട്. നാളെയോർത്തു ആകുലപ്പെടേണ്ട. നാളത്തെ ദിവസം എന്തായി തീരും എന്നോർത്ത് ഭാരപ്പെടേണ്ട. ദൈവത്തിൽ ആശ്രയിക്കുവാണെങ്കിൽ ഇന്നലെയെക്കാൾ ശ്രേഷ്ഠമായി നാളെ ദൈവം നടത്താൻ ശക്തനാണ്. ദൈവം നിങ്ങളുടെ ജീവിതത്തിൽ ഓരോ ദിവസവും ജീവിക്കേണ്ടത് ഒരുക്കി വച്ചിടുണ്ട്. നിങ്ങളുടെ ഓരോ ആവശ്യങ്ങളും നിങ്ങളെക്കാൾ നന്നായി അറിയുന്ന ദൈവം നിങ്ങൾക്ക് വേണ്ടുന്നത് കരുതിവച്ചിട്ടുണ്ട്. നാളെയോർത്തു വ്യാകുലപ്പെടരുത്. ദൈവത്തിൽ ആശ്രയിക്കുക. ദൈവം അതിശയകരമായി ഓരോ ദിവസവും വഴി നടത്തും.

Monday, 29 May 2023

"പ്രാർത്ഥനയ്ക്ക് മറുപടി ഉണ്ട്."

പ്രാർത്ഥനയ്ക്ക് മറുപടി ഉണ്ട്.
ദൈവത്തോട് യഥാർത്ഥമായി ഹൃദയത്തിന്റെ ആഴത്തിൽ നിന്നു ഉയരുന്ന ആവശ്യബോധത്തോടെയുള്ള പ്രാർത്ഥനയ്ക്ക് ദൈവം മറുപടി തരും. കുരുടൻ യേശുക്രിസ്തുവിനോട് നിലവിളിച്ചു. കുരുടന്റെ ആവശ്യം കാഴ്ച പ്രാപിക്കണം എന്നായിരുന്നു. ദൈവം കുരുടന്റെ ആവശ്യം മനസിലാക്കി അവനെ സൗഖ്യമാക്കി. നിങ്ങളുടെ പ്രാർത്ഥനാ വിഷയത്തിന്റ ആവശ്യബോധം മനസിലാക്കി ദൈവം തന്റെ മറുപടി അയക്കും.നിങ്ങളുടെ പ്രാർത്ഥന ദൈവഹിതപ്രകാരമുള്ളത് ആണെങ്കിൽ ദൈവം തീർച്ചയായും മറുപടി അയക്കും.പ്രാർത്ഥനയുടെ മറുപടിയുടെ സമയം ദൈവത്തിന്റെ സമയത്തായിരിക്കും.

Saturday, 27 May 2023

"മടുത്തു പോകാതെ പ്രാർത്ഥിക്കുക."

മടുത്തു പോകാതെ പ്രാർത്ഥിക്കുക. ജീവിതത്തിൽ പല വിഷയങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുമ്പോൾ മടുത്തു പോകാതെ പ്രാർത്ഥിക്കുവാൻ നമുക്ക് സാധിക്കുന്നുണ്ടോ. കർത്താവ് നമ്മോട് പറയുന്നത് മറുപടി കിട്ടും വരെ പ്രാർത്ഥിക്കുക എന്നതാണ്. പ്രാർത്ഥനയുടെ മറുപടി താമസിച്ചാൽ നിരാശ പെട്ടു പോകരുത്. തുടർച്ചയായി പ്രാർത്ഥിക്കുക. ദൈവം നാം പ്രാർത്ഥിക്കുന്ന വിഷയത്തിന് മറുപടി തരുന്നത് വരെ പ്രാർത്ഥിക്കുക.

Friday, 26 May 2023

"പ്രത്യാശക്കോ ഭംഗം വരുന്നില്ല "

പ്രത്യാശക്കോ ഭംഗം വരുന്നില്ല. നാം ഈ ഭൂമിയിൽ ജീവിക്കുമ്പോൾ നിരാശകൾ കടന്നു വരാം. ദൈവത്തിലുള്ള പ്രത്യാശ ആണ് നമ്മെ മുന്നോട്ടു വഴി നടത്താൻ സഹായിക്കുന്നത്. കഷ്ടങ്ങളും ദുഃഖങ്ങളും പ്രയാസങ്ങളും ജീവിതത്തിൽ കടന്നു വരുമ്പോൾ അവയെ നാം അതി ജീവിക്കേണ്ടത് ദൈവത്തിലുള്ള പ്രത്യാശയാൽ ആണ്. ദൈവത്തിലുള്ള പ്രത്യാശ തകർന്നതിനെ പണിയുന്നു.ദൈവത്തിലുള്ള പ്രത്യാശ അനുദിനം നമ്മെ മുമ്പോട്ട് നയിക്കുന്നു.ഭാരങ്ങൾ വരുമ്പോഴും കഷ്ടങ്ങൾ വരുമ്പോഴും എന്റെ ദൈവം എന്റെ പ്രശ്നങ്ങൾക്ക് ഇന്നല്ലെങ്കിൽ നാളെ ഒരു പരിഹാരം വരുത്തും എന്നുള്ള പ്രത്യാശ നമ്മെ മുന്നോട്ട് ജീവിക്കുവാൻ ധൈര്യം പകരും.

Thursday, 25 May 2023

"മനം കലങ്ങുന്നത് എന്തിന് "

മനം കലങ്ങുന്നത് എന്തിന്. നമ്മൾ വിവിധ പ്രശ്നങ്ങൾ വരുമ്പോൾ മനം കലങ്ങുന്നത് പതിവാണ് . മാർത്ഥ പലതിനെ ചൊല്ലി മനം കലങ്ങിയത് യേശുക്രിസ്തുവിനു ഇഷ്ടപ്പെട്ടില്ല. നമ്മളുടെ ജീവിതത്തിൽ എന്തു പ്രശ്നങ്ങൾ വന്നാലും മനം കലങ്ങാതെ ആ വിഷയങ്ങൾ എല്ലാം സർവ്വശക്തനിൽ ഭരമേല്പിക്കുക. ദൈവം ദോഷമായിട്ട് നമ്മോടു ഒന്നും ചെയ്യുകയില്ല. നാം മനം കലങ്ങി ഭാരപ്പെട്ടാൽ നമ്മുടെ സമാധാനം നഷ്ടപ്പെടും അസമാധാനം നമ്മിൽ വ്യാപരിയ്ക്കും. ദൈവത്തിൽ ആശ്രയിച്ചാൽ നമ്മുടെ മനം കലങ്ങുകയില്ല.

Wednesday, 24 May 2023

"കൈവിടാത്ത ദൈവം "

കൈവിടാത്ത ദൈവം. ഭൂമിയിലെ ബന്ധങ്ങളിൽ ഏറ്റവും പവിത്രമായ ബന്ധമാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. അമ്മ തന്റെ കുഞ്ഞിനെ മറന്നാലും ആ കുഞ്ഞിനെ ദൈവം മറക്കുകില്ല എന്നാണ് ദൈവം അരുളിച്ചെയ്യുന്നത്. ദൈവത്തിന്റെ സ്നേഹം അമ്മയുടെ സ്നേഹത്തേക്കാൾ വലുതാണ്. ആരെല്ലാം കൈവിട്ടാലും ദൈവം ഒരു നാളും നിങ്ങളെ കൈവിടുകയില്ല. ഓരോ സാഹചര്യങ്ങൾ വരുമ്പോൾ നമ്മെ സ്നേഹിക്കുന്ന ഓരോരുത്തർ നമ്മെ വിട്ട് കടന്നു പോകും. സൃഷ്‌ടിച്ച ദൈവത്തിന് ഒരുനാളും നമ്മെ കൈവിട്ടു കടന്നു പോകുവാൻ സാധ്യമല്ല.

Tuesday, 23 May 2023

"കഷ്ടകാലത്തു ഉത്തരം അരുളുന്ന ദൈവം."

കഷ്ടകാലത്തു ഉത്തരം അരുളുന്ന ദൈവം. ജീവിതത്തിൽ കഷ്ടത അഥവാ കഷ്ടകാലം ഇല്ലാത്ത ഒരു വ്യക്തി പോലും ഇല്ല. സങ്കീർത്തനകാരൻ പറയുന്നത് ഇപ്രകാരം ആണ് "കഷ്ടകാലത്തു യഹോവയെ വിളിച്ചപേക്ഷിക്കുക യഹോവ നിന്നെ വിടുവിക്കുകയും നീ യഹോവയെ മഹിമ പെടുത്തുകയും ചെയ്യും ". ജീവിതത്തിൽ കഷ്ടം വരുമ്പോൾ യഹോവയിൽ ആശ്രയിക്കുക.യഹോവ തങ്കൽ ആശ്രയിക്കുന്നവരെ ഒരുനാളും ഉപേക്ഷിക്കുക ഇല്ല. ദൈവം നിങ്ങളുടെ കഷ്ടതയിൽ നിന്ന് അഥവാ കഷ്ടകാലത്തിൽ നിന്നും വിടുവിക്കും.

Monday, 22 May 2023

"പ്രതീക്ഷകൾ നഷ്ടപെടുമ്പോൾ ഇറങ്ങി വരുന്ന ദൈവം."

പ്രതീക്ഷകൾ നഷ്ടപെടുമ്പോൾ ഇറങ്ങി വരുന്ന ദൈവം.
സകല പ്രതീക്ഷകളും നഷ്ടപെടുമ്പോൾ ഇറങ്ങി വരുന്ന ദൈവത്തെ ആണ് നാം സേവിക്കുന്നത്. പത്രോസ് കാരാഗ്രഹത്തിൽ കിടന്നപ്പോൾ സകല പ്രതീക്ഷകളും നഷ്ടപ്പെട്ടു. ദൈവത്തിന്റെ ദൂതൻ ഇറങ്ങി വന്നു പത്രോസിനെ വിടുവിച്ചു. ദാനിയേലിനെ സിംഹകൂട്ടിൽ ഇട്ടപ്പോൾ സകല പ്രതീക്ഷകളും നഷ്ടപ്പെട്ടു. ദൈവത്തിന്റെ ദൂതൻ ഇറങ്ങി വന്നു ദാനിയെലിനെ വിടുവിച്ചു. നിങ്ങളുടെ സകല പ്രതീക്ഷകളും നഷ്ടപ്പെട്ടിരിക്കുവാണോ ദൈവം തന്റെ ദൂതനെ നിങ്ങൾക്ക് വേണ്ടി ഇന്നും അയക്കുവാൻ ശക്തൻ ആണ്.ധൈര്യപ്പെട്ടിരിക്കുക.

Saturday, 20 May 2023

"ആശ്വസിപ്പിക്കുന്ന ദൈവം "

ആശ്വസിപ്പിക്കുന്ന ദൈവം.
നാം ഒരു ദുഃഖത്തിൽ ആയിരിക്കുമ്പോൾ സഹതാപം കാണിക്കുന്നവൻ ആണ് ദൈവം. മാർത്ഥയും മറിയയും യേശുക്രിസ്തുവിനു പ്രിയപ്പെട്ടവരായിരുന്നു. അവരുടെ സഹോദരൻ ലാസർ മരിച്ചുപോയപ്പോൾ യേശുക്രിസ്തു അവിടെ ചെല്ലുകയും അവരെ ആശ്വസിപ്പിക്കുകയും ലാസറിനെ ഉയിർപ്പിക്കുകയും ചെയ്തു. നിങ്ങൾ ദൈവത്തിന് പ്രിയപെട്ടവരാണെങ്കിൽ നിങ്ങളുടെ ദുഃഖങ്ങളിൽ ദൈവം സഹതാപം കാണിക്കും. നിങ്ങളുടെ പ്രാർത്ഥനയ്ക്ക് ഉത്തരം അരുളി ദൈവം നിങ്ങളെ ആശ്വസിപ്പിക്കും.

Friday, 19 May 2023

ദൈവം അറിയാതെ ഒന്നും ജീവിതത്തിൽ സംഭവിക്കുന്നില്ല."

ദൈവം അറിയാതെ ഒന്നും ജീവിതത്തിൽ സംഭവിക്കുന്നില്ല.
നന്മ നമ്മുടെ ജീവിതത്തിൽ സംഭവിക്കുമ്പോൾ നമുക്ക് സന്തോഷവും ആനന്ദവും ഉണ്ടാകുന്നു. തിന്മ നമ്മുടെ ജീവിതത്തിൽ സംഭവിക്കുമ്പോൾ ദുഃഖവും കണ്ണുനീരും ഉണ്ടാകുന്നു . നന്മ തരുന്ന ദൈവത്തിന് തിന്മ കൂടി തരാൻ അവകാശമില്ലയോ. പലപ്പോഴും തിന്മ നമ്മുടെ ജീവിതത്തിൽ വരുമ്പോൾ നാം ചിന്തിക്കും ദൈവം ഇത്ര ക്രൂരനാണോ എന്ന്.ജീവിതത്തിൽ തിന്മ തരുമ്പോൾ ദൈവം നമ്മെ പരിശോധിക്കുന്നത് നാം ദൈവത്തെ ഉപേക്ഷിച്ചു ദൈവ വിശ്വാസത്തിൽ നിന്നു പിന്മാറി പോകുമോ എന്നുള്ളതാണ് . ഇയോബ്ബിന്റ ജീവിതം ഉത്തമ ഉദാഹരണം ആണ്. ആകയാൽ ദൈവം നന്മ തന്നാലും തിന്മ തന്നാലും സന്തോഷത്തോടെ സ്വീകരിച്ചു ദൈവത്തിന് നന്ദി അർപ്പിക്കുക. ഇന്നു തിന്മയായി ഭവിച്ചത് നാളത്തെ നന്മയുടെ അനുഭവപാഠങ്ങൾ ആണ്.

Thursday, 18 May 2023

"നിന്നെ കാക്കുന്നവൻ അനുദിനം നടത്തികൊള്ളും."

നിന്നെ കാക്കുന്നവൻ അനുദിനം നടത്തികൊള്ളും. എത്രയോ ആപത്തു അനർത്ഥങ്ങളിൽ കൂടി നാം കടന്നു പോകേണ്ടി വന്നു. അവിടെയെല്ലാം ദൈവം നമ്മെ കാത്തു സൂക്ഷിച്ചു .എത്രയോ ആപത്തിൽ നിന്ന് ദൈവം നമ്മെ വിടുവിച്ചു.ദൈവത്തിന്റെ സ്നേഹം എത്ര വർണ്ണിച്ചാലും മതി വരികയില്ല. ദൈവത്തിൽ ആശ്രയം വയ്ക്കുക. ദൈവം അനുദിനം വഴി നടത്തും.ഓരോ ദിവസവും നിനക്ക് വേണ്ടുന്നത് നൽകി ദൈവം നിന്നെ നടത്തും.

Monday, 15 May 2023

"ദൈവീക സമാധാനം "

ദൈവീക സമാധാനം. ജീവിതത്തിൽ എന്തൊക്കെയുണ്ട് എന്നു പറഞ്ഞാലും ദൈവീക സമാധാനം ഇല്ലെങ്കിൽ ഒരു പ്രയോജനവും ഇല്ല. ജീവിതത്തിൽ ഒന്നുമില്ലെങ്കിലും ദൈവീക സമാധാനം ഉണ്ടങ്കിൽ ആ ജീവിതം അർത്ഥപൂർണമാണ്. ദൈവീക സമാധാനം ദൈവം ജീവിതത്തിൽ പകരാൻ നാം ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കുന്നവരായിരിക്കണം.ദൈവീക വിശ്വാസം ഉള്ളവരിൽ ദൈവ സമാധാനം വാഴും. ചിലപ്പോൾ നമുക്ക് ചുറ്റും പ്രതികൂലങ്ങൾ ആയിരിക്കും എങ്കിലും ദൈവീക സമാധാനം ഉണ്ടെങ്കിൽ പ്രതികൂലത്തിന്റെ നടുവിലും സമാധാനത്തോടെ ജീവിക്കാൻ കഴിയും.

Sunday, 14 May 2023

"ആശ്രയം ദൈവത്തിലാണെങ്കിൽ ദൈവം നിന്നെ അന്ത്യം വരെ വഴി നടത്തും."

ആശ്രയം ദൈവത്തിലാണെങ്കിൽ ദൈവം നിന്നെ അന്ത്യം വരെ വഴി നടത്തും. നിങ്ങളുടെ ആശ്രയം ദൈവത്തിലോ അതോ മനുഷ്യരിലോ അതോ സമ്പത്തിലോ. ഒന്നു ശോധന ചെയ്യാം. മനുഷ്യനിൽ ആണ് ആശ്രയം എങ്കിൽ മനുഷ്യൻ ഏതു സമയത്തും ഈ ലോകം വിട്ടുപോകേണ്ടിയവനാണ്. സമ്പത്തിൽ ആണ് ആശ്രയം എങ്കിൽ നിങ്ങളുടെ ജീവിതം നിരാശ നിറഞ്ഞത് ആയിരിക്കും. ദൈവത്തിൽ ആണ് നിങ്ങളുടെ ആശ്രയം എങ്കിൽ ദൈവം നിങ്ങൾക്ക് മനുഷ്യരുടെ സഹായവും സമ്പത്തും നൽകി അനുഗ്രഹിക്കും.

Saturday, 13 May 2023

"പ്രാർത്ഥനയുടെ മറുപടി അൽപ്പം വൈകിയാലും നിരാശപെട്ടുപോകരുത്."

പ്രാർത്ഥനയുടെ മറുപടി അൽപ്പം വൈകിയാലും നിരാശപെട്ടുപോകരുത്. ബൈബിളിലെ ഭക്തൻമാരുടെയും ഭക്തകളുടെയും പ്രാർത്ഥനയുടെ മറുപടി അൽപ്പം വൈകിയാലും പിന്നീട് ശ്രേഷ്ഠകരമായ മറുപടി അവർക്ക് ലഭിച്ചു. അബ്രഹാം വാഗ്ദത്ത സന്തതിക്കായി കാലങ്ങൾ കുറെ കാത്തിരുന്നു എങ്കിലും ദൈവം ഏറ്റവും ശ്രേഷ്ഠമേറിയ വാഗ്ദത്ത സന്തതിയെ നൽകി അനുഗ്രഹിച്ചു.പ്രിയരേ പ്രാർത്ഥിച്ചിട്ടും പ്രാർത്ഥിച്ചിട്ടും മറുപടി ലഭിക്കുന്നില്ല എന്ന് കരുതി പ്രാർത്ഥന ഉപേക്ഷിക്കരുതേ അൽപ്പം താമസിച്ചാലും ദൈവം ശ്രേഷ്ഠകരമായ മറുപടി നൽകി നിങ്ങളെ അനുഗ്രഹിക്കും. പ്രാർത്ഥനയുടെ മറുപടി വൈകുന്നതിൽ നിരാശപെട്ടു പോകരുത്.

Friday, 12 May 2023

"തളരരുത് "

തളരരുത്. ജീവിതത്തിൽ പരിശോധനകൾ കടന്നു വരാം. പ്രതിസന്ധികൾ കടന്നു വരാം. പക്ഷെ നാം തളർന്നു പോകരുത്. യേശുക്രിസ്തു നമുക്ക് വേണ്ടി സഹിച്ച പങ്കപാടുകൾ ഓർക്കുമ്പോൾ ധൈര്യപെടുക ആണ് വേണ്ടത്. ക്രിസ്തു ശിഷ്യന്മാർ പീഡനം ഏൽക്കുമ്പോൾ അവരുടെ ദൈവത്തിലുള്ള വിശ്വാസം വർധിച്ചതെ ഉള്ളു. യേശുക്രിസ്തു പറഞ്ഞു ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട് എങ്കിലും ധൈര്യപെടുവിൻ ഞാനോ ലോകത്തെ ജയിച്ചിരിക്കുന്നു. ദൈവത്തിൽ ആശ്രയിച്ചാൽ നമുക്കും ലോകത്തിലുള്ള കഷ്ടതകളെ തരണം ചെയ്യുവാൻ ദൈവം സഹായിക്കും.

Wednesday, 10 May 2023

"ഇന്നു യേശുക്രിസ്തു രാജാധിരാജാവായി വന്നാൽ നിത്യത എവിടെ?"

ഇന്നു യേശുക്രിസ്തു രാജാധിരാജാവായി വന്നാൽ നിത്യത എവിടെ?
ഇന്നു യേശുക്രിസ്തു രാജാധിരാജാവായി വാനമേഘത്തിൽ വന്നാൽ നമ്മുടെ നിത്യത എവിടെ. നമ്മുടെ ജീവിതം കർത്താവിനായി ഒരുങ്ങീട്ടുണ്ടോ? പത്തു കന്യകമാരിൽ തള്ളപെട്ട അഞ്ചു കന്യകമാരുടെ കൂട്ടത്തിൽ ആണോ നാം അതോ പാത്രത്തിൽ എണ്ണയുമായി ഒരുങ്ങിയിരുന്ന കന്യകമാരുടെ കൂട്ടത്തിലോ. എന്തായാലും നമ്മൾ വിശുദ്ധിയോടെ ജീവിച്ചാലും ഇല്ലെങ്കിലും കർത്താവ് ഒരു ദിവസം വരും. നമ്മൾ കർത്താവിന്റെ കല്പനകൾ അനുസരിച്ച് വിശുദ്ധിയോടെ ജീവിച്ചാൽ നാം കർത്താവിന്റെ വരവിങ്കൽ എടുക്കപ്പെടും. നമുക്ക് ഒന്നു ശോധന ചെയ്യാം ഇന്നു കർത്താവ് വന്നാൽ നാം പോകുമോ? ഇല്ലെങ്കിൽ കുറവുകൾ ഏറ്റു പറഞ്ഞു വിശുദ്ധിയോടെ കർത്താവിന്റെ വരവിനായി ഒരുങ്ങാം.

Tuesday, 9 May 2023

"താങ്ങുന്ന കരങ്ങൾ "

താങ്ങുന്ന കരങ്ങൾ
പലപ്പോഴും, നമ്മുടെ ജീവിതത്തിൽ പലവിധത്തിൽ ഉള്ള പ്രശ്നങ്ങൾ കടന്നുവരാം. പലപ്പോഴും നാം ഓരോ പ്രശ്നങ്ങൾക്ക് ആശ്രയിക്കുന്നത് ബന്ധുജനങ്ങളെയും സുഹൃത്തുക്കളെയും നമുക്ക് വിശ്വാസം ഉള്ളവരെയും ആണ്. പക്ഷേ എല്ലാ കാലത്തും നമ്മളെ എല്ലാവർക്കും സഹായിക്കാൻ കഴിഞ്ഞെന്നു വരില്ല. എല്ലാ കാലത്തും നമ്മെ സഹായിക്കാൻ സന്നദ്ധൻ ആയി നിൽക്കുന്ന ദൈവത്തിൽ ആശ്രയിക്കുക. സൃഷ്‌ടിച്ച സൃഷ്ടിതാവ് ഒരു നാളും സൃഷ്ടിയായ നമ്മെ ഉപേക്ഷിക്കുക ഇല്ല. ദൈവം നമ്മെ മാർവോട് ചേർത്തണച്ചു അന്ത്യം വരെ നമ്മെ വഴി നടത്തും. ആകയാൽ ദൈവത്തിൽ ആശ്രയിക്കുക. ദൈവം നിങ്ങളെ ശ്രേഷ്ഠമായി വഴി നടത്തും.

Monday, 8 May 2023

"പ്രത്യാശയുടെ കിരണം"

പ്രത്യാശയുടെ കിരണം. പത്രോസ് കാരാഗ്രഹത്തിൽ കിടക്കുമ്പോൾ യാതൊരു പ്രതീക്ഷയും ഇല്ല. നാളെ ഹെരോദാവ് തന്നെ കൊല്ലുമോ എന്തും സംഭവിക്കാം. എങ്കിലും യേശുക്രിസ്തുവിൽ ഉള്ള വിശ്വാസത്തിൽ പത്രോസ് കാരാഗ്രഹത്തിൽ കിടന്നു ഉറങ്ങി. സകല പ്രതീക്ഷകളും നഷ്ടപ്പെട്ട പത്രോസിന് വേണ്ടി ദൈവത്തിന്റെ ദൂതൻ കാരാഗ്രഹത്തിൽ ഇറങ്ങി പത്രോസിനെ വിടുവിച്ചു. പ്രിയ ദൈവപൈതലേ നിങ്ങളുടെ പ്രത്യാശ എല്ലാം നഷ്ടപ്പെട്ടിരിക്കുവാണോ ദൈവത്തിൽ പ്രത്യാശ വയ്ക്കുക. നിങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത മണ്ഡലങ്ങളിൽ ദൈവം തന്റെ ദൂതനെ അയച്ചു നിങ്ങളെ വിടുവിക്കും. നിങ്ങളുടെ വിശ്വാസം യേശുക്രിസ്തുവിൽ ഉറച്ചതാക്കട്ടെ.

Sunday, 7 May 2023

"കരുതുന്ന ദൈവം കൂടെയുള്ളപ്പോൾ കലങ്ങുന്നത് എന്തിന്?"

കരുതുന്ന ദൈവം കൂടെയുള്ളപ്പോൾ കലങ്ങുന്നത് എന്തിന്? ഇസ്രായേൽ മക്കൾ മരുഭൂമിയിൽ ആയിരുന്നപ്പോൾ അവർക്ക് ആഹാരത്തിന് വകയില്ല എന്ന് ഓർത്ത് ഇസ്രായേൽ മക്കൾക്ക് ഭരപ്പെടേണ്ടി വന്നില്ല.ദൈവം മരുഭൂമിയിൽ ഇസ്രായേൽ മക്കൾക്ക് ഏറ്റവും ശ്രേഷ്ഠമേറിയ ഭോജനങ്ങളായ മന്നയും കാടപക്ഷിയും നൽകി അനുഗ്രഹിച്ചെങ്കിൽ. നിങ്ങളുടെ ഇന്നത്തെ മരുഭൂമിയുടെ അവസ്ഥയിലും ദൈവം നിങ്ങൾക്ക് വേണ്ടുന്നത് കരുതി വച്ചിട്ടുണ്ട്.പലപ്പോഴും മുമ്പിൽ മരുഭൂമി ആണന്നോർത്തു നിരാശപെടുമ്പോൾ നിങ്ങൾക്ക് വേണ്ടുന്നത് ദൈവം കരുതി വച്ചിട്ടുണ്ട് .ധൈര്യത്തോടെ മുന്നോട്ട് പോകു. ദൈവം നിങ്ങൾക്ക് മുമ്പായി ഉണ്ട്.

Friday, 5 May 2023

"അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവം "

അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവം.
നമ്മുടെ ജീവിതത്തിൽ അസാധ്യം എന്നു നാം കരുതുന്ന പലവിഷയങ്ങൾ ഉണ്ട്. ആ അസാധ്യമായ വിഷയങ്ങളെ സാധ്യമാക്കുന്ന ദൈവത്തെ ആണ് നാം സേവിക്കുന്നത്. അബ്രഹാമിന് നൂറാമത്തെ വയസിൽ ഒരു സന്തതി എന്നത് നമുക്ക് അസാധ്യമായ കാര്യമാണ് എങ്കിലും ദൈവത്തിനു സാധ്യമാണ്. ചെങ്കടലിനെ രണ്ടായി വിഭാഗിക്കുക നമ്മുടെ ദൃഷ്ടിയിൽ അസാധ്യം ആണ് പക്ഷേ ദൈവത്തിനു സാധ്യമാണ്. ദൈവ പൈതലേ നിന്റെ അസാധ്യമായ വിഷയങ്ങൾ ദൈവസന്നിധിയിൽ പകരൂ ദൈവം സാധ്യമാക്കി തരും.

Thursday, 4 May 2023

"താങ്ങുന്ന ദൈവത്തിന്റെ കരങ്ങൾ "

താങ്ങുന്ന ദൈവത്തിന്റെ കരങ്ങൾ. നമ്മൾ എത്രയോ തവണ ക്രിസ്തീയ ജീവിതത്തിൽ വീണുപോകേണ്ടതായിരുന്നു.സങ്കീർത്തനകാരൻ ഇപ്രകാരം പറയുന്നു വീഴുന്നവരെയൊക്കെയും താങ്ങുന്ന ദൈവം. നമ്മളെ താങ്ങി നടത്തുന്ന ഒരു ദൈവം ഉണ്ട്. പല ദൈവഭക്തന്മാരും വീണുപോകാവുന്ന സാഹചര്യങ്ങൾ വന്നപ്പോൾ ദൈവം അവരെ താങ്ങി. ദാവീദിനേ ദൈവം താങ്ങി. ഏലിയാവിനെ ദൈവം താങ്ങി, യോസെഫിനെ ദൈവം താങ്ങി. പ്രിയരേ നിങ്ങൾ ജീവിതഭാരത്താൽ വലയുകയാണോ?നിങ്ങൾക്ക് മുമ്പോട്ട് ഒരു തരത്തിലും പോകാൻ കഴിയാതെ തളർന്നിരിക്കുവാണോ ദൈവം നിങ്ങളെ താങ്ങും.

Tuesday, 2 May 2023

"നിങ്ങളുടെ ജീവിതം ക്രിസ്തുവിൽ ഭദ്രമായിതീരട്ടെ "

നിങ്ങളുടെ ജീവിതം ക്രിസ്തുവിൽ ഭദ്രമായിതീരട്ടെ.
നിങ്ങളുടെ ജീവിതം ക്രിസ്തുവിൽ ഭദ്രം ആണെങ്കിൽ നിങ്ങൾക്ക് ഒന്നിനെ കുറിച്ചും വ്യാകുലപ്പെടേണ്ട ആവശ്യമില്ല . ഇന്നു കർത്താവ് വന്നാൽ നിങ്ങൾ ക്രിസ്തുവിനോട് കൂടെ ചേർക്കപ്പെടും. വേദനകൾ ഇല്ലാത്ത നാട്ടിലേക്ക് ദൈവം നിങ്ങളെ കൊണ്ടുപോകും. ദുഃഖം ഇല്ലാത്ത നാട്, കഷ്ടത ഇല്ലാത്ത നാട്, നിന്ദ ഇല്ലാത്ത നാട്ടിലേക്ക് ദൈവം നിങ്ങളെ കൊണ്ടുപോകും. അതിനു നിങ്ങൾ ചെയ്യേണ്ടത് കർത്താവിന്റെ കല്പനകൾ അനുസരിക്കുക ആണ് വേണ്ടത്. കർത്താവ് വരാൻ താമസിച്ചാൽ ഇഹലോകത്തിലെ കഷ്ടങ്ങൾ സഹിക്കുവാൻ ദൈവം ബലം പകരും. ഈ ലോകം പാപം നിറഞ്ഞതാണ്. പാപമില്ലാത്ത യേശുക്രിസ്തുവിൽ വിശ്വസിച്ചാൽ അന്ത്യത്തോളം ദൈവം നിങ്ങളെ പുലർത്തും.

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...