Agape

Friday, 30 June 2023

"വീഴാതെ കാക്കുന്ന ദൈവം."

വീഴാതെ കാക്കുന്ന ദൈവം. നമ്മൾ എത്രയോ തവണ വീണുപോകേണ്ടത് ആയിരുന്നു. ദൈവത്തിന്റെ കരുതൽ ഒന്നു കൊണ്ടു മാത്രം ആണ് ഇന്നു നാം ജീവനോടെ ശേഷിക്കുന്നത്. പലവിധത്തിൽ നാം തകർന്നു പോകേണ്ടുന്ന സാഹചര്യങ്ങൾ നമ്മുടെ ജീവിതത്തിൽ വന്നു. ദൈവത്തിന്റെ കരം പിടിച്ചു നമ്മെ ഉയർത്തി. ഇന്നും നമ്മെ നിലനിർത്തിയിരിക്കുന്ന ദൈവത്തിന് നന്ദി അർപ്പിക്കാം.

Thursday, 29 June 2023

"ആശ്രയം യേശുവിൽ തന്നെ."

ആശ്രയം യേശുവിൽ തന്നെ. നമ്മുടെ ആശ്രയം യേശുവിൽ ആയാൽ എത്ര പ്രതിക്കൂലങ്ങൾ ആയാലും എത്ര പ്രതിസന്ധികൾ ആയാലും നമ്മുടെ ജീവിതത്തിൽ കടന്നുവന്നാൽ അതിനെ തരണം ചെയ്യുവാൻ നമുക്ക് സാധിക്കും. പ്രശ്നങ്ങളും പ്രതിസന്ധികളും ഇല്ലാത്ത ക്രിസ്തീയ ജീവിതം ഇല്ല. പ്രശ്നങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്യാൻ സഹായിക്കുന്ന ഒരു ദൈവം നമുക്കുണ്ട്. ആ ദൈവത്തിൽ പരിപൂർണമായി ആശ്രയിക്കുന്നവരെ വിടുവിക്കുന്ന ദൈവം ഇന്നും നമുക്ക് വേണ്ടി പ്രവർത്തിക്കുന്നു.

"അഗ്നിയിൽ ഇറങ്ങി വരുന്ന ദൈവം."

"
"അഗ്നിയിൽ ഇറങ്ങി വരുന്ന ദൈവം." നമ്മുടെ ജീവിതം അഗ്നി പോലെയുള്ള പ്രതിക്കൂലങ്ങളിൽ കൂടി കടന്നു പോയാലും അതിന്റ നടുവിൽ നമ്മോടു കൂടെ ഇരിക്കുന്ന ദൈവത്തെ ആണ് നാം സേവിക്കുന്നത്. മൂന്നു ബാലന്മാർ തങ്ങളുടെ ദൈവത്തിൽ ഉള്ള അടിയുറച്ച വിശ്വാസം നിമിത്തം അഗ്നിയിൽ വീണുവെങ്കിലും ദൈവം അവിടെ നാലാമനായി ഇറങ്ങി വന്നു. നിങ്ങളുടെ വിഷയം അഗ്നി പോലെ പ്രതിസന്ധി നിറഞ്ഞതാണെങ്കിലും നിങ്ങളുടെ വിശ്വാസം അടിയുറച്ചത് ആണെങ്കിൽ നിങ്ങൾക്ക് വേണ്ടി ദൈവം ഇറങ്ങി വരും. നിങ്ങൾക്ക് ഒരു പ്രതീക്ഷയും ഇല്ലെങ്കിലും സർവശക്തനായ ദൈവം നിങ്ങൾക്ക് വേണ്ടി ഇറങ്ങി വരും.

Friday, 23 June 2023

"വിശുദ്ധൻ ഇനിയും തന്നെത്തന്നെ വിശുദ്ധീകരിക്കട്ടെ."

വിശുദ്ധൻ ഇനിയും തന്നെത്തന്നെ വിശുദ്ധീകരിക്കട്ടെ. ഈ വേദഭാഗം വായിക്കുമ്പോൾ നമുക്ക് മനസിലാക്കുന്നത് നേരോടെ ജീവിക്കുന്നവർ ഇനിയും നേരോടെ തന്നെ ജീവിക്കട്ടെ.തെറ്റായി ജീവിക്കുന്നവർ ഇനിയും തെറ്റായി തന്നെ ജീവിക്കട്ടെ. സകലരെയും ന്യായം വിധിക്കുന്ന ദൈവം നമ്മോടു പറയുക ആണ് നമ്മുക്ക് സത്യത്തിന്റെ പാതയിൽ ആണോ ജീവിക്കാൻ ഇഷ്ടം എങ്കിൽ സത്യത്തിൽ ജീവിക്കുക. പാപം ചെയ്തു അശുദ്ധിയിൽ ജീവിക്കാൻ ആണ് ഇഷ്ടം എങ്കിൽ അങ്ങനെ ജീവിക്കുക. ദൈവം സകല മനുഷ്യരെയും ന്യായം വിധിക്കുന്ന ഒരു ദിവസം ഉണ്ട്. അന്ന് നമ്മുടെ കരങ്ങൾ ബലപ്പെട്ടിരിക്കണമെങ്കിൽ നാം വിശുദ്ധിയുടെ ജീവിച്ചേ മതിയാകു.

Thursday, 22 June 2023

"വിശ്വാസം, പ്രത്യാശ, സ്നേഹം."

വിശ്വാസം, പ്രത്യാശ, സ്നേഹം. നിലനിൽക്കുന്ന മൂന്നു കാര്യങ്ങൾ ആണ് വിശ്വാസം, പ്രത്യാശ, സ്നേഹം. ദൈവത്തിൽ അടിയുറച്ചുള്ള വിശ്വാസം മുമ്പോട്ടു ജീവിക്കാനുള്ള പ്രത്യാശ തരുന്നു. പ്രത്യാശ ദൈവത്തോടുള്ള സ്നേഹം ഉളവാക്കുന്നു. പ്രത്യാശ ഇല്ലെങ്കിൽ മുന്നോട്ടു ജീവിക്കുക അസാധ്യം ആണ്. സ്നേഹം ഇല്ലെങ്കിൽ ഭൂമിയിൽ സമാധാനത്തോടെ ജീവിക്കുക അസാധ്യം ആണ്. വിശ്വാസം ഇല്ലെങ്കിൽ ദൈവവുമായിട്ടുള്ള ബന്ധം നിലനിർത്താൻ കഴിയുകയില്ല.ഇവയിൽ വലിയത് സ്നേഹം തന്നെ.

Wednesday, 21 June 2023

"താഴ്മയുള്ളവരെ സ്നേഹിക്കുന്ന ദൈവം."

താഴ്മയുള്ളവരെ സ്നേഹിക്കുന്ന ദൈവം. ദൈവത്തിന് എപ്പോഴും ഇഷ്ടം താഴ്മയുള്ളവരെ ആണ്. താഴ്മയുള്ളവരോട് കൂടെ വസിക്കുന്ന ദൈവം.ബൈബിളിൽ ഇപ്രകാരം പറയുന്നു അഹങ്കാരികളോടും നിഗളികളോടും ദൈവം എതിർത്തു നിൽക്കുന്നു. മനുഷ്യരായ നമുക്ക് തന്നെ താഴ്മയും വിനയവും ഉള്ളവരോട് അല്ലെ സ്നേഹം അപ്പോൾ ദൈവത്തിന് എത്രമാത്രം ഇഷ്ടം കാണും താഴ്മയുള്ളവരോട്. താഴ്മയുള്ളവരെ സ്നേഹിക്കുന്ന ദൈവം. ബൈബിളിൽ ഉടനീളം പരിശോധിച്ചാൽ ദൈവ സന്നിധിയിൽ താഴ്മയുള്ളവരെ ദൈവം പ്രത്യകം സ്നേഹിച്ചിതായും അനുഗ്രഹിച്ചതായും നമുക്ക് കാണുവാൻ സാധിക്കും.

Friday, 16 June 2023

പ്രതിക്കൂലങ്ങളിലും തളരാതെ."

പ്രതിക്കൂലങ്ങളിലും തളരാതെ. യേശുക്രിസ്തുവിൽ അടിയുറച്ചു വിശ്വസിക്കുന്നവർ എത്ര പ്രതിക്കൂലങ്ങൾ വന്നാലും തളർന്നു പോകയില്ല. പൗലോസ് അപ്പോസ്തലന്റെ ജീവിതം ഒന്നു പരിശോധിച്ചാൽ ഒന്നിന് പിറകെ ഒന്നായി പ്രതിക്കൂലങ്ങൾ ജീവിതത്തിൽ വന്നിട്ടും യേശുക്രിസ്തുവിലുള്ള തന്റെ വിശ്വാസം വർധിച്ചതെ ഉള്ളു. നമ്മുടെ ജീവിതത്തിൽ പ്രതിക്കൂലങ്ങൾ കടന്നു വരുമ്പോൾ നാം ഒന്നു മനസിലാക്കുക ദൈവത്തിന് നമ്മെ കുറിച്ചു പ്രത്യേക പദ്ധതി ഉണ്ട്. അതിനായി ദൈവം നമ്മെ മെനയുകയാണ്. തളർന്നു പോകരുത്.

Wednesday, 14 June 2023

"ദൈവത്തിന് സകലവും സാധ്യം."

ദൈവത്തിന് സകലവും സാധ്യം. പലപ്പോഴും നമ്മുടെ വിഷയങ്ങൾക്ക് പരിപൂർണമായും പരിഹാരം ലഭിക്കാത്തത് നമ്മുടെ ഉള്ളിൽ പ്രാർത്ഥിക്കുന്ന വിഷയത്തിന്മേൽ പരിപൂർണ വിശ്വാസം ഇല്ലാത്തത് കൊണ്ടാണ്. പരിപൂർണമായ വിശ്വാസം നമ്മിൽ ഉണ്ടെങ്കിൽ കാലങ്ങൾ കഴിഞ്ഞാലും പ്രാർത്ഥനയ്ക്ക് മറുപടി ലഭിക്കും. ഹന്നാ പ്രാർത്ഥിച്ചു ദൈവം മറുപടി നൽകി. നാം വിശ്വാസത്തോടെ വിഷയങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചാൽ ദൈവത്തിന്റെ സമയത്ത് അഥവാ തക്ക സമയത്ത് ദൈവം മറുപടി അയക്കും.

Monday, 12 June 2023

"ആഗ്രഹിച്ച തുറമുഖത്തു എത്തിക്കുന്ന ദൈവം."

ആഗ്രഹിച്ച തുറമുഖത്തു എത്തിക്കുന്ന ദൈവം. യിസ്രായേൽ മക്കൾ ആഗ്രഹിച്ചത് വാഗ്ദത്ത ദേശം ആയ കനാൻ നാട് ആയിരുന്നു. കനാൻ നാട് അക്ഷരികമായി പറയുന്നുവെങ്കിലും അത് ആത്മീയ അർത്ഥത്തിൽ സ്വർഗ്ഗരാജ്യത്തെ ആണ് സൂചിപ്പിക്കുന്നത്. നമ്മുടെ വാഗ്ദത്ത ദേശം സ്വർഗ്ഗം ആണ്. സ്വർഗ്ഗം ഉണ്ടോ എന്നൊക്കെ ചിന്തിക്കുന്നവർ കാണാം. ഭൂമിയും ഈ പ്രപഞ്ചവും എല്ലാം ഉണ്ടെങ്കിൽ സ്വർഗ്ഗവും ഉണ്ട്. ഇന്നും മനുഷ്യന്റെ ആകാംഷ ഭൂമിക്ക് അപ്പുറത്ത് മറ്റു ഗ്രഹങ്ങളിൽ ജീവൻ ഉണ്ടോ എന്നുള്ളത് തന്നെ സ്വർഗ്ഗം ഉണ്ടെന്നുള്ളതിന്റെ തെളിവാണ് .നമ്മുടെയും ലക്ഷ്യം സ്വർഗ്ഗം തന്നെ ആയിരിക്കട്ടെ.

Saturday, 10 June 2023

"യഹോവയുടെ ദൂതൻ തന്റെ ഭക്തൻമാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു."

യഹോവയുടെ ദൂതൻ തന്റെ ഭക്തൻമാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു. നമ്മുടെ ഇഹലോക വാസത്തിൽ എത്രയോ ആപത്തു അനർത്ഥങ്ങൾ നമ്മുടെ ജീവിതത്തിൽ കടന്നു വന്നു. അവയിൽ നിന്നെല്ലാം ദൈവം തന്റെ ദൂതന്മാരിൽ കൂടി നമ്മെ വിടുവിച്ചു.ദൈവദൂതന്മാരുടെ കാവലും പരിപാലനവും നിമിത്തം എത്രയോ പ്രാവശ്യം നാം മരണത്തിൽ നിന്നു രക്ഷപെട്ടു. ദൈവത്തെ ഭയപ്പെട്ടു ജീവിക്കുന്ന ദൈവ ഭക്തന്മാർക്ക് ദൈവദൂതന്മാരുടെ കാവലും പരിപാലനവും ലഭിക്കുന്നു. നാം പോലും അറിയാതെ എത്രയോ ആപത്തു അനർത്ഥങ്ങൾ നമ്മുടെ ജീവിതത്തിൽ കടന്നു വന്നു അവയിൽ നിന്നല്ലാം നമ്മെ വിടുവിച്ചത് ദൈവദൂതൻമാരുടെ കാവലും സംരക്ഷണവും ആണ്. ദൈവഭക്തന്മാരുടെ ചുറ്റും എപ്പോഴും ദൈവദൂതന്മാരുടെ കാവലും പരിപാലനവും ഉണ്ട്.

Friday, 9 June 2023

"കൂരിരുൾ താഴ്‌വരയിലും കൂടെയിരിക്കുന്ന ദൈവം."

കൂരിരുൾ താഴ്‌വരയിലും കൂടെയിരിക്കുന്ന ദൈവം. ജീവിതത്തിൽ കൂരിരുൾ പോലെയുള്ള സാഹചര്യങ്ങൾ വരുമ്പോൾ കൂടെയിരിക്കുന്ന ദൈവത്തെ ആണ് നാം സേവിക്കുന്നത്. കൂരിരുൾ താഴ്‌വരയിൽ കൂടി കടന്നുപോകേണ്ടുന്ന സന്ദർഭം ജീവിതത്തിൽ വരുമ്പോൾ ദൈവം കൂടെയിരിക്കും എന്നാണ് സങ്കീർത്തനകാരൻ പറയുന്നത്. ദിശയറിയാതെ മുന്നോട്ടുള്ള ചുവടുകൾ എപ്രകാരം വയ്ക്കണം ചുറ്റും കൂരിരുൾ മാത്രം ആണെങ്കിലും അതിന്റെ നടുവിലും ദൈവം വഴി നടത്തും.കൂരിരുൾ താഴ്‌വരയിൽ ആരുടെയും സഹായം ലഭിച്ചെന്നു വരുകയില്ല. അപ്പോഴും ദൈവത്തിന്റെ സഹായം നമ്മെ തേടിയെത്തും.

Thursday, 8 June 2023

"കാഹളം കാതുകളിൽ കേട്ടിടുമോ."

കാഹളം കാതുകളിൽ കേട്ടിടുമോ. കർത്താവ് ഒരു ദിവസം തന്റെ ഭക്തന്മാരെ ചേർപ്പാൻ വരും. കർത്താവ് വരുമ്പോൾ കാഹളം മുഴങ്ങും. വിശുദ്ധിയോടെ ദൈവകല്പനകൾ അനുസരിച്ച് ജീവിച്ചാൽ കർത്താവിന്റെ വരവിങ്കൽ കാഹളം കാതുകളിൽ മുഴങ്ങും.അല്ലെങ്കിൽ കൈവിടപെടും. ഇത്രയും കാലം ജീവിച്ചിട്ട് കർത്താവിന്റെ വരവിങ്കൽ കാഹളം കാതുകളിൽ കേട്ടില്ലെങ്കിൽ ക്രിസ്തീയ ജീവിതം പ്രഹസനം മാത്രം ആകും. ആകയാൽ കർത്താവ് നമ്മെ കുറിച്ച് ആഗ്രഹിക്കുന്നത് തന്റെ കല്പനകൾ അനുസരിച്ചു വിശുദ്ധിയോടെ ജീവിക്കുക ആണ്. അപ്രകാരം ജീവിക്കുന്നവർ മരിച്ചാലും കാഹളനാദം കേൾക്കുമ്പോൾ രൂപാന്തരം പ്രാപിച്ചു ഉയിർത്തെഴുന്നേൽക്കും.

Tuesday, 6 June 2023

"നിരാശയുടെ നടുവിലും നമ്മെ തേടിവരുന്ന ദൈവം."

നിരാശയുടെ നടുവിലും നമ്മെ തേടിവരുന്ന ദൈവം.
പത്രോസ് രാത്രി മുഴുവൻ അധ്വാനിച്ചിട്ടും മീൻ ഒന്നും കിട്ടാതെ നിരാശനായിരിക്കുമ്പോൾ യേശുക്രിസ്തു അവിടെ വന്നു. പടകിന്റ വലതു ഭാഗത്തു വല വീശുവൻ യേശുക്രിസ്തു പറഞ്ഞു. പത്രോസ് അതനുസരിച്ചു പെരുത്ത മീൻകൂട്ടം തന്റെ വലയിൽ അകപ്പെട്ടു.നിരാശയുടെ നീർച്ചുഴിയിൽ ആണോ താങ്കൾ സകല പ്രതീക്ഷയും നഷ്ടപ്പെട്ടോ. താങ്കളെ തേടി ദൈവം വരും. താങ്കൾ നിരാശപ്പെടുന്ന വിഷയത്തിന് ദൈവം പരിഹാരം വരുത്തും

Monday, 5 June 2023

"ദൈവത്തിന്റെ ഭുജം നമ്മോട് കൂടെയിരുന്നാൽ."

ദൈവത്തിന്റെ ഭുജം നമ്മോട് കൂടെയിരുന്നാൽ. മോശെ ചെങ്കടലിനു മുമ്പിൽ യിസ്രായേൽ ജനതയുമായി എത്തിയപ്പോൾ പിറകിൽ ഫറവോനും സൈന്യവും എത്തി . ഭയചികതരായി യിസ്രായേൽ ജനം നിൽകുമ്പോൾ മോശെ ദൈവത്തോട് ആലോചന ചോദിച്ചു. ദൈവം മോശയോട് കല്പിച്ചു ചെങ്കടലിനു നേരെ വടി നീട്ടാൻ. മോശെ ചെങ്കടലിനു നേരെ വടി നീട്ടിയപ്പോൾ ദൈവത്തിന്റെ ഭുജം മോശയുടെ ഭുജത്തോട് കൂടെയിരുന്നു. ചെങ്കടൽ പിളർന്നു യിസ്രായേൽ ജനം അക്കരെ കടന്നു ഫറവോനും സൈന്യവും ചെങ്കടലിൽ പട്ടുപോയി. ജീവിതത്തിൽ മുമ്പിലും പിന്നിലും പ്രതിക്കൂലങ്ങൾ ആഞ്ഞടിക്കുമ്പോൾ ദൈവത്തോട് ആലോചന ചോദിച്ചാൽ ദൈവത്തിന്റെ ഭുജം നമ്മോടു കൂടെയിരുന്നു പ്രതിക്കൂലങ്ങളിൽ നിന്നല്ലാം നമ്മെ വിടുവിക്കും.

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...