Agape

Friday, 31 March 2023

"കാലിടറുമ്പോൾ കൈപിടിച്ചു നടത്തുന്ന ദൈവം."

കാലിടറുമ്പോൾ കൈപിടിച്ചു നടത്തുന്ന ദൈവം. ജീവിതത്തിൽ കാലിടറുമ്പോൾ കൈപിടിച്ചു നടത്തുന്ന ദൈവം ആണ് യേശുക്രിസ്തു. പത്രോസിന്റെ ജീവിതത്തിൽ കാലിടറിയപ്പോൾ ദൈവം കൈപിടിച്ചു നടത്തി. ദാവീദിന്റ ജീവിതത്തിൽ കാലിടറിയപ്പോൾ ദൈവം കൈപിടിച്ചു നടത്തി.നമ്മുടെയെല്ലാം ജീവിതത്തിൽ കാലുകൾ ഇടറി വീണുപോകാവുന്ന സന്നർഭങ്ങൾ ഉണ്ടായിട്ടുണ്ട്.അവിടയെല്ലാം നമ്മെ താങ്ങി നടത്തിയത് ദൈവം ആണ്.ഇനി മുമ്പോട്ട് പോകുവാൻ കഴിയുകയില്ല എന്നു വിചാരിച്ചു തളർന്നിരിക്കുമ്പോൾ ദൈവം നിന്നെ താങ്ങി നടത്തും.ഒരു പ്രതീക്ഷയ്ക്കും വകയില്ലാതെ തളർന്നിരിക്കുമ്പോൾ ദൈവം നിന്നെ കൈപിടിച്ചു നടത്തും.സഹായിപ്പാൻ ആരുമില്ല എന്നു ചിന്തിക്കുമ്പോൾ സർവ്വശക്തനായ ദൈവം നിന്നെ സഹായിപ്പാൻ ഇറങ്ങി വരും . അതു തീചൂള ആകട്ടെ, കാരാഗ്രഹം ആകട്ടെ, സിംഹത്തിന്റെ ഗുഹ ആകട്ടെ ദൈവം നിനക്കുവേണ്ടി ഇറങ്ങി വന്നു നിന്നെ അതിൽനിന്നെല്ലാം വിടുവിക്കും.

Wednesday, 29 March 2023

"എപ്പോഴും ദൈവത്തിനു സ്തോത്രം അർപ്പിക്കുക."

എപ്പോഴും ദൈവത്തിനു സ്തോത്രം അർപ്പിക്കുക. എല്ലാറ്റിനും സ്തോത്രം ചെയ്യുവാൻ ആണ് ദൈവവചനം നമ്മെ പഠിപ്പിക്കുന്നത്. ദൈവം ദോഷമായിട്ട് ഒന്നും നമ്മോട് ചെയ്യുകയില്ല.നമ്മൾ സാധാരണയായി സന്തോഷകാലത്താണ് ദൈവത്തിനു സ്തോത്രം അർപ്പിക്കുന്നത്. ചിലപ്പോൾ ദുഃഖകരമായ അവസ്ഥകൾ ജീവിതത്തിൽ വരുമ്പോൾ നാം ദൈവത്തോട് ചോദ്യം ചോദിക്കാറുണ്ട്. ഇയോബ്ബിന്റെ ജീവിതത്തിൽ സകലതും നഷ്ടപ്പെട്ടിട്ടും താൻ ദൈവത്തെ തള്ളിപ്പറഞ്ഞില്ല.ഇയോബിന്റ കഷ്ടതയുടെ നടുവിൽ പിന്നത്തേതിൽ ഇരട്ടി അനുഗ്രഹം പ്രാപിക്കുവാൻ ഇടയായി തീർന്നു. നമ്മുടെ ജീവിതത്തിൽ പ്രതിക്കൂലങ്ങൾ വരുമ്പോൾ നാം ദൈവത്തോട് പിറുപിറുക്കാതെ ദൈവത്തിനു സ്തോത്രം അർപ്പിച്ചാൽ പിന്നത്തേതിൽ ദൈവീക നന്മകൾ നമുക്ക് ഇയോബിനെ പോലെ അനുഭവിക്കാൻ സാധിക്കും.

Tuesday, 28 March 2023

"അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവം."

അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവം. നമ്മുടെ ജീവിതത്തിലെ അസാധ്യങ്ങളായ വിഷയങ്ങൾ സാധ്യം ആക്കുവാൻ ദൈവത്തിനു കഴിയും. നാം എത്ര ചിന്തിച്ചിട്ടും നടക്കുകയില്ല എന്ന് ചിന്തിക്കുന്ന വിഷയങ്ങൾ ദൈവത്തിനു സാധ്യമാക്കുവാൻ ഒരു നിമിഷം മതി. മരിച്ച ലാസറിനെ ഉയിർപ്പിച്ച ദൈവത്തെ ആണ് നാം സേവിക്കുന്നത് .നമ്മുടെ മുമ്പിൽ ഉള്ള വിഷയം നടക്കുവാൻ ഒരു സാധ്യതയും നാം കാണുന്നില്ലായിരിക്കാം. പക്ഷേ അതിന്റെ നടുവിൽ ദൈവത്തിനു പ്രവർത്തിക്കുവാൻ സാധിക്കും. പ്രിയ ദൈവ പൈതലേ നിന്റെ വിഷയം എത്ര അസാധ്യമായതാണെങ്കിലും ദൈവത്തിനു അത് സാധ്യം ആക്കുവാൻ കഴിയും. നിന്റെ വിശ്വാസം ദൈവത്തിൽ ആഴമേറിയതാണെങ്കിൽ നിന്റെ മുമ്പിലുള്ള അടഞ്ഞ വാതിലുകൾ ദൈവം തുറന്നു തരും. ഇനി എന്റെ ഈ വിഷയത്തിൽ ഒരു പരിഹാരവും ഇല്ലെന്നു നീ ചിന്തിക്കുന്നുണ്ടായിരിക്കാം പക്ഷേ ആ വിഷയത്തിന്മേൽ അത്ഭുതം പ്രവർത്തിക്കുവാൻ ദൈവം ശക്തനാണ്.

Monday, 27 March 2023

"പ്രാർത്ഥനയിലെ പ്രതീക്ഷ നഷ്ടപെടുമ്പോൾ."

പ്രാർത്ഥനയിലെ പ്രതീക്ഷ നഷ്ടപെടുമ്പോൾ. ചില വിഷയങ്ങൾ നാം പ്രാർത്ഥിച്ചിട്ടു മറുപടി ലഭിക്കാൻ താമസിക്കുമ്പോൾ നമ്മുടെ പ്രതീക്ഷ കൈവെടിയെരുത് . നാം പ്രാർത്ഥിച്ച വിഷയം അതിന്റ മറുപടി ലഭിക്കുന്നത് വരെ പ്രാർത്ഥിക്കേണ്ടത് അത്യാവശ്യം ആണ്. അതിനെയാണ് ബൈബിളിൽ മടുത്തുപോകാതെ പ്രാർത്ഥിക്കണം എന്നു പറഞ്ഞിരിക്കുന്നത്. ചിലപ്പോൾ പ്രാർത്ഥനയുടെ വിഷയങ്ങൾ വർഷങ്ങൾ നീണ്ടുപോയേക്കാം. പ്രത്യാശ കൈവെടിയരുത്. അബ്രഹാമിനെ പോലെ ആശയ്ക്ക് വിരോധമായി ആശയോടെ കാത്തിരുന്നാൽ ദൈവം പ്രാർത്ഥനയുടെ മറുപടി അയക്കും. ഒരിക്കലും പ്രാർത്ഥനയിൽ പ്രതീക്ഷ കൈവെടിയെരുത്.

Friday, 24 March 2023

"ആശ നശിക്കുമ്പോൾ പ്രത്യാശ ആയി ദൈവം നിന്നരികിലെത്തും."

ആശ നശിക്കുമ്പോൾ പ്രത്യാശ ആയി ദൈവം നിന്നരികിലെത്തും. ബൈബിളിൽ ആശ നശിച്ച പലരെയും പുതിയ നിയമത്തിലും പഴയനിയമത്തിലും കാണാം. ഏലിയാവ് ആശ നശിച്ചു മരിപ്പാൻ ആയി കിടന്നപ്പോൾ ദൈവദൂതൻ പ്രത്യക്ഷപെട്ടു ഏലിയാവിനെ ധൈര്യപെടുത്തി തന്നിൽ കൂടി ദൈവം വലിയ പ്രവർത്തികൾ ചെയ്യുവാൻ ഇടയാക്കി തീർത്തു. പത്രോസ് മീൻപിടിത്തതിന് വല ഇറക്കി ഒന്നും ലഭിക്കാതെ നിരാശൻ ആയിരുന്നപ്പോൾ യേശുക്രിസ്തു അവിടെ വന്നു പത്രോസിന്റെ പടകിൽ മത്സ്യങ്ങൾ കൊണ്ടു നിറച്ചു. ഇന്നു നീ നിരാശയോടെ ആയിരിക്കുന്ന വിഷയത്തിന്മേൽ ദൈവം നിനക്ക് വേണ്ടി പ്രവർത്തിക്കും. നീ ചിന്തിക്കുമ്പോൾ നിന്റെ വിഷയത്തിന് ഒരു പരിഹാരവും കാണുന്നില്ലായിരിക്കാം. പക്ഷെ നിന്നെ സൃഷ്‌ടിച്ച ദൈവത്തിനു നിന്റെ നിരാശയെ മാറ്റുവാൻ സാധിക്കും. നിന്റെ വിഷയം എത്ര അസാധ്യം ആണെങ്കിലും ഈ പ്രപഞ്ചം മുഴുവൻ സൃഷ്‌ടിച്ച ദൈവത്തിനു നിന്റെ വിഷയം അസാധ്യം അല്ല. ആശകൾ നഷ്ടപെടുമ്പോൾ ദൈവത്തോട് പറയുക നിന്റെ ആഗ്രഹം. നിന്റെ നല്ല ആഗ്രഹം ദൈവം സാധിപ്പിച്ചു തരും.

Wednesday, 22 March 2023

"പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ."

പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ. ഒരു വ്യക്തിയുടെ ജീവിതത്തിൽ സകല പ്രതീക്ഷകളും അസ്തമിക്കുമ്പോൾ ആണ് ദൈവത്തിങ്കലേക്ക് താൻ ആശ്രയം വയ്ക്കുന്നത്. സ്വന്ത കഴിവിൽ ആശ്രയിച്ചു പരാജയപെട്ട് നിരാശപ്പെട്ടിരിക്കുമ്പോൾ ആണ് ദൈവത്തിൽ ഭൂരിഭാഗം പേരും ആശ്രയം വയ്ക്കുന്നത്. ദൈവത്തിനു ഒന്നും അസാധ്യമല്ല എന്നു നമുക്ക് അറിയാമെങ്കിലും നാം സ്വന്ത കഴിവിൽ ആശ്രയിക്കുന്നത് സാധാരണം ആണ്. പ്രിയ ദൈവപൈതലേ നിന്റെ പ്രതീക്ഷകൾ മുഴുവനും അസ്‌തമിച്ചാലും നീ ദൈവത്തിൽ ആശ്രയം വച്ചാൽ നിന്നെ തേടി ദൈവം വരും. നിന്റെ അസ്തമിച്ചു പോയ പ്രതീക്ഷകൾ ദൈവം സാധ്യമാക്കി തരും.നിന്റെ അടഞ്ഞ വാതിലുകൾ ദൈവം തുറന്നു തരും.

Monday, 20 March 2023

"ആശ്രയം അറ്റുപോകുമ്പോൾ"

ആശ്രയം അറ്റുപോകുമ്പോൾ ഈ ഭൂമിയിൽ ജീവിക്കുമ്പോൾ നാം പലരിലും ആശ്രയം വയ്ക്കാറുണ്ട്. നാം സ്നേഹിക്കുന്ന നമ്മെ സ്നേഹിക്കുന്ന പലരിലും നാം ആശ്രയം വയ്ക്കാറുണ്ട്. പലപ്പോഴും നമ്മുടെ അത്യാവശ്യ ഘട്ടങ്ങളിൽ നാം പലരെയും ആശ്രയിച്ചാലും നിരാശയായിരിക്കും ഫലം . നമ്മുടെ ആശ്രയം യേശുക്രിസ്തുവിൽ ആണെങ്കിൽ ഏതു പ്രതികൂലത്തിന്റെ നടുവിൽ ആയാലും ഏതു കഷ്ടതയുടെ നടുവിൽ ആയാലും ഏത് ആവശ്യത്തിന്റെ നടുവിലും കർത്താവ് നമുക്ക് വേണ്ടി ഇറങ്ങി വന്നു നമ്മെ വിടുവിക്കും. സങ്കീർത്തനകാരൻ ഇപ്രകാരം പറയുന്നു മനുഷ്യരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്.

Friday, 17 March 2023

"വിശ്വാസം ജീവിതത്തിലെ മലകളെ നീക്കുന്നു."

വിശ്വാസം ജീവിതത്തിലെ മലകളെ നീക്കുന്നു. വിശ്വാസം ജീവിതത്തിൽ വർധിക്കുംതോറും ജീവിതത്തിലെ മല പോലെയുള്ള വിഷയങ്ങൾ ജീവിതത്തിൽ നിന്നു നീങ്ങി മാറുന്നു. ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം പ്രതിക്കൂലങ്ങളെ തരണം ചെയ്യാൻ സഹായിക്കുന്നു. വിശ്വാസം പരിശോധനകളെ തരണം ചെയ്യാൻ സഹായിക്കുന്നു. വിശ്വാസം രോഗികളെ സൗഖ്യമാക്കുന്നു. പലപ്പോഴും ദൈവത്തിൽ ഉള്ള അടിയുറച്ച വിശ്വാസത്തിന്റെ അഭാവം മൂലം നമ്മുടെ ജീവിതത്തിലെ മലപോലെയുള്ള വിഷയങ്ങൾക്ക് പരിഹാരം ലഭിക്കാത്തത്. ദൈവത്തിൽ ഉള്ള വിശ്വാസം വർധിച്ചാൽ മല പോലെയുള്ള വിഷയങ്ങൾ ജീവിതത്തിൽ നിന്നു നീങ്ങിമാറും.

Wednesday, 15 March 2023

"ദൈവം നമുക്ക് അനുകൂലം എങ്കിൽ പ്രതികൂലം ആര്"

ദൈവം നമുക്ക് അനുകൂലം എങ്കിൽ പ്രതികൂലം ആര് ഒരു ദൈവപൈതലിന്റെ ജീവിതത്തിൽ ദൈവം അനുകൂലമായിരിക്കുമ്പോൾ പ്രതികൂലമായി പ്രവർത്തിക്കാൻ മാനുഷിക ശക്തികൾക്കോ പൈശാചിക ശക്തികൾക്കോ സാധ്യമല്ല. ദൈവം നിനക്ക് ചുറ്റും സംരക്ഷണം ഏർപ്പെടുത്തുമ്പോൾ ഒരു ദുഷ്ട ശക്തികൾക്കും നിനക്കെതിരെ പ്രവർത്തിക്കുവാൻ സാധ്യമല്ല. ദൈവം അനുകൂലം ആകണമെങ്കിൽ നാം ദൈവം പറയുന്നത് അനുസരിക്കുന്നവരായി തീരണം. ദൈവം അനുകൂലമായി തീരുമ്പോൾ നമുക്കെതിരെ പ്രവർത്തിക്കാൻ ഒരു ശക്തികൾക്കും സാധ്യമല്ല.

Monday, 13 March 2023

"ദൈവീക ഇടപെടലുകൾ."

ദൈവീക ഇടപെടലുകൾ.
ദൈവത്തിന്റെ ഇടപെടലുകൾ ഓരോരുത്തരുടെയും ജീവിതത്തിൽ വ്യത്യസ്തമായിട്ടാണ് സംഭവിക്കുന്നത്. നാം പ്രാർത്ഥിക്കുന്ന വിഷയത്തിന്മേൽ ദൈവം ഇടപെട്ടുകഴിഞ്ഞാൽ വേഗത്തിൽ മറുപടി ലഭിക്കുവാൻ ഇടയായി തീരും. ചില വിഷയങ്ങളിൽ നാം ഭാരപ്പെട്ടു നിരാശപ്പെട്ടു ഇനി ഒരു വഴിയും എന്റെ മുമ്പിൽ കാണുന്നില്ലല്ലോ എന്നു ചിന്തിക്കുമ്പോൾ, ദൈവം നമുക്ക് വേണ്ടി ഇറങ്ങി വരും. നമ്മുടെ വിശ്വാസം ഉറച്ചിരിക്കട്ടെ. ദാനിയേലിന്റെ പുസ്തകത്തിൽ മൂന്നു ബാലന്മാരെ പറ്റി വിവരിക്കുന്നു.മൂന്നു ബാലന്മാരുടെ ദൈവത്തിലുള്ള വിശ്വാസം നിമിത്തം അഗ്നികുണ്ടത്തിൽ ഇടുവാൻ രാജാവ് കല്പിച്ചപ്പോൾ അവർ എടുത്ത ഒരു തീരുമാനം ഉണ്ട് " ഞങ്ങളുടെ ദൈവം ഞങ്ങളെ വിടുവിച്ചാലും ഇല്ലെങ്കിലും ഞങ്ങൾ രാജാവിന്റെ പ്രതിമയെ നമസ്കരിക്കുക ഇല്ല". മൂന്നു ബാലന്മാരുടെ വിലയേറിയ വിശ്വാസം കണ്ട് ദൈവം അഗ്നികുണ്ടതിൽ നാലാമത്തവനായി ഇറങ്ങി വന്നു അവരെ വിടുവിച്ചു.പ്രിയ ദൈവപൈതലേ നിന്റെ വിശ്വാസം ദൈവത്തിൽ ഉറച്ചതാണെങ്കിൽ എന്തൊക്കെ പ്രതിക്കൂലങ്ങൾ നിന്റെ ജീവിതത്തിൽ ആഞ്ഞടിച്ചാലും അതിന്റ നടുവിൽ ദൈവം നിനക്ക് വേണ്ടി ഇറങ്ങി വരും.

Saturday, 11 March 2023

"യഹോവയിൽ പ്രത്യാശ വയ്ക്കുക."

യഹോവയിൽ പ്രത്യാശ വയ്ക്കുക. നമ്മുടെ പ്രത്യാശ യഹോവയിൽ ആയിരിക്കട്ടെ. ദൈവം നിന്നെ പുലർത്തും. ദൈവം നിനക്ക് വേണ്ടുന്നത് നൽകി അനുഗ്രഹിക്കും. കാണുന്നത് താത്കാലികം കാണാത്തതോ നിത്യം. ഇന്നു നാം കാണുന്നത് എല്ലാം താത്കാലികം ആണ്. കാണാത്ത ദൈവരാജ്യം ആണ് നിത്യം.ദൈവത്തിൽ പ്രത്യാശ വച്ചാൽ നിത്യമായ ദൈവരാജ്യത്തിന് അവകാശികൾ ആയി തീരും. കേവലം ക്ഷണീകമായ ലോകത്തിൽ ഉള്ളതിനെ പ്രത്യാശ വയ്ക്കാതെ ദൈവത്തിൽ പ്രത്യാശ വച്ചാൽ ദൈവീക രാജ്യത്തിൽ പ്രവേശിക്കാം.അതേ ദൈവത്തിൽ പ്രത്യാശ വയ്ക്കുക നിന്റെ ഹൃദയം ഉറച്ചിരിക്കട്ടെ.

Tuesday, 7 March 2023

"ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കുക."

ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കുക. നാം പ്രാർത്ഥിക്കുന്ന പ്രാർത്ഥനകളുടെ മറുപടി ലഭിക്കുന്നത് ദൈവത്തിന്റെ സമയത്താണ്. ദൈവത്തിന്റെ സമയം വരെ നാം കാത്തിരിക്കേണ്ടതുണ്ട്. പ്രാർത്ഥനയ്ക്ക് മറുപടി നൽകുന്ന ദൈവം നമ്മുടെ ഇഷ്ടത്തിനല്ല മറുപടി നൽകുന്നത് പകരം ദൈവത്തിന്റെ ഇഷ്ടപ്രകാരമാണ് . എല്ലാ പ്രാർത്ഥനകൾക്കും മറുപടി ലഭിച്ചെന്നു വരികയില്ല കാരണം നാം പ്രാർത്ഥിക്കുന്ന ഓരോ പ്രാർത്ഥനയുടെയും അനന്തരഫലങ്ങൾ ദൈവത്തിനു മാത്രമേ മുമ്പുകൂട്ടി അറിയുകയുള്ളൂ. ദൈവം ദോഷമായിട്ടൊന്നും നമ്മോടു ചെയ്കയില്ല.ചില പ്രാർത്ഥനകളുടെ മറുപടി വൈകുന്നത് ദൈവത്തിന്റെ സമയം ആ പ്രാർത്ഥനാ വിഷയത്തിന്മേൽ ആയിട്ടില്ലാത്തതു കൊണ്ടാണ്.

Sunday, 5 March 2023

"നിന്നെ അനുഗ്രഹിക്കുന്നവരെ ദൈവവും അനുഗ്രഹിക്കും."

നിന്നെ അനുഗ്രഹിക്കുന്നവരെ ദൈവവും അനുഗ്രഹിക്കും. ക്രിസ്തീയ വിശ്വാസത്തിൽ ശപിക്കുവാൻ അനുവാദം ഇല്ല. ശത്രുവിനെ സ്നേഹിക്കുവാൻ ആണ് യേശുക്രിസ്തു പഠിപ്പിച്ചത്. മറ്റുള്ളവരെ അനുഗ്രഹിക്കുവാൻ ആണ് ദൈവം നമ്മളെ വിളിച്ചത്. നാം മറ്റുള്ളവരെ അനുഗ്രഹിക്കുമ്പോൾ ദൈവത്തിന്റെ അനുഗ്രഹം അവരുടെ മേലും നമ്മുടെ മേലും വരും.അതാണ് യേശുക്രിസ്തു ദൈവീക സ്നേഹത്തിൽ കൂടി നമ്മെ പഠിപ്പിച്ചത്. ആകയാൽ മറ്റുള്ളവരെ അനുഗ്രഹിക്കുവാൻ പരസ്യമായി കഴിഞ്ഞില്ലെങ്കിലും ഹൃദയം കൊണ്ടു അനുഗ്രഹിക്കുവാൻ നമുക്ക് സാധിക്കും.

Saturday, 4 March 2023

"താഴ്മയുള്ളവനെ സ്നേഹിക്കുന്ന ദൈവം."

താഴ്മയുള്ളവനെ സ്നേഹിക്കുന്ന ദൈവം. ദൈവത്തിനു ഒരുകാലത്തും നിഗളികളെ ഇഷ്ട്ടമല്ലാരുന്നു. ബൈബിളിൽ ഇപ്രകാരം പറയുന്നു നിഗളികളെ ദൈവം വെറുക്കുന്നു. താഴ്മയുള്ളവനെ ദൈവം കടാക്ഷിക്കുന്നു. യേശുക്രിസ്തു ഇപ്രകാരം പറഞ്ഞു ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിക്കുവിൻ. ദൈവം മനുഷ്യാവതാരം എടുത്തു ഭൂമിയിൽ ജീവിച്ചിട്ട് ഒരിക്കലും നിഗളിച്ചില്ല,താഴ്മയോടും സൗമ്യതയോടും കൂടെ ജീവിച്ചു കാണിക്കുവായിരുന്നു. ദൈവം താഴ്മയുള്ളവനെ ഉയിർത്തുന്നു. ദൈവസന്നിധിയിൽ താഴ്മയോടെ താങ്കൾ ആയിരുന്നാൽ താങ്കളെ ഉയിർത്തുന്ന ഒരു ദൈവം ഉണ്ട്. നിശ്ചയമായും ദൈവം താങ്കളെ ഉയിർത്തും.

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...